Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദോഹ: വെടിനിർത്തലുമായി ബന്ധപ്പെട്ട് പാകിസ്താനിൽ നടക്കുന്ന ചർച്ചകളിൽ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് ഖത്തർ. വിഷയത്തിൽ എല്ലാ കക്ഷികളുമായും ബന്ധപ്പെടുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും മന്ത്രാലയം അറിയിച്ചു.
മധ്യസ്ഥത മാത്രമാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗമെന്നും യുഎസും ഇറാനും അടക്കം എല്ലാവരുമായും ഖത്തർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെനും വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. ചർച്ചകളുടെ പരാജയത്തെ കുറിച്ച് സംസാരിക്കാൻ തങ്ങളില്ല. ഖത്തർ അടക്കം ലോകത്തുള്ള എല്ലാവരും സംഭാഷണങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാകിസ്താന് തങ്ങൾ തുറന്ന പിന്തുണ നൽകുന്നതായും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
ഹോർമുസ് പ്രതിസന്ധി പരിഹരിക്കേണ്ടത് ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല. അത് എല്ലാ രാഷ്ട്രങ്ങളുടെയുമാണ്. ഹോർമുസ് കടലിടുക്ക് അടച്ചത് മേഖലയിലെ പ്രതിസന്ധിയെ അന്താരാഷ്ട്ര തലത്തിലെത്തിച്ചു. അതിന്റെ ആഘാതം ആഗോളതലത്തിൽ പ്രകടമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലബനാന്റെ പരമാധികാരത്തിനു മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.