സൊമാലിലാന്റിലേക്ക് ഇസ്രായേൽ പ്രതിനിധി; പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ
യു.എൻ ചാർട്ടർ, ആഫ്രിക്കൻ യൂണിയന്റെ ഭരണഘടന, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയുടെ ലംഘനമാണ് ഇസ്രായേൽ തീരുമാനം
ദോഹ: സൊമാലിലാന്റിലേക്ക് അംബാസഡറെ നിയോഗിച്ച ഇസ്രായേൽ തീരുമാനത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ. സൊമാലിയയുടെ പരമാധികാരത്തിനു മേലുള്ള ലംഘനമാണ് ഇസ്രായേൽ നീക്കമെന്ന് രാജ്യങ്ങൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധിയെ നിയോഗിച്ചത്. ഖത്തർ അടക്കം പതിനാറ് രാഷ്ട്രങ്ങളാണ് ഇസ്രായേൽ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
സൊമാലിയയുടെ ഐക്യത്തിനും പരമാധികാരത്തിനുമെതിരെയുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഖത്തറിനു പുറമേ, ജിസിസിയിൽ നിന്ന് സൗദി അറേബ്യ, കുവൈത്ത്, ഒമാൻ രാഷ്ട്രങ്ങളും പാകിസ്താൻ, ഈജിപ്ത്, തുർക്കി, ഇന്തോനേഷ്യ, ജോർഡാൻ, സൊമാലിയ തുടങ്ങിയ രാഷ്ട്രങ്ങളുമാണ് ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനത്തെ അപലപിച്ചത്. സൊമാലിയയുടെ ഔദ്യോഗിക ഭരണകൂടത്തിന് പൂർണ പിന്തുണ നൽകുന്നതായി മന്ത്രിമാർ വ്യക്തമാക്കി.
യു.എൻ ചാർട്ടർ, ആഫ്രിക്കൻ യൂണിയന്റെ ഭരണഘടന, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയുടെ ലംഘനമാണ് ഇസ്രായേൽ തീരുമാനം. ഹോൺ ഓഫ് ആഫ്രിക്ക മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന അപകടകരമായ കീഴ് വഴക്കമാണിതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ മിഖായേൽ ലോട്ടമിനെയാണ് ഇസ്രായേൽ സൊമാലിലാൻഡിലേക്ക് അംബാസഡറായി നിയോഗിച്ചത്. 2025 ഡിസംബർ 26നാണ് സ്വയംപ്രഖ്യാപിത രാഷ്ട്രത്തെ ഇസ്രായേൽ അംഗീകരിച്ചത്. ആഗോളതലത്തിൽ സൊമാലിലാൻഡിനെ ആദ്യമായി അംഗീകരിക്കുന്നതും ഇസ്രായേലാണ്.