360 ഡിഗ്രിയിൽ നാട് ആസ്വദിക്കാം...; സലാല ഐ ആഗസ്റ്റ് 15ന് തുറക്കും
ഒമാനിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം
സലാല: ഉയരത്തിലിരുന്ന് നാട് ആസ്വദിക്കാൻ അവസരമൊരുക്കി ദോഫാർ ഗവർണറേറ്റിലെ സലാല ഐ ആഗസ്റ്റ് 15ന് തുറക്കും. അൽ ഹാഫ ബീച്ചിനെ അഭിമുഖീകരിച്ചാണ് ഒമാനിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം വരുന്നത്. 55 മീറ്ററാണ് ഉയരം. സലാലയുടെ തീരപ്രദേശം, പർവതനിരകൾ, ഖരീഫ് സീസണിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ എന്നീ കാഴ്ചകൾ 360 ഡിഗ്രിയിൽ ആസ്വദിക്കാൻ വഴിയൊരുക്കുന്നതാണ് ഈ ഒബ്‌സർവേഷൻ വീൽ. ഖരീഫ് സീസണിൽ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഇവിടം മാറും.
പൂർണമായും അടച്ചിട്ട, എയർ കണ്ടീഷൻ ചെയ്ത 30 ക്യാബിനുകളാണ് വീലിലുണ്ടാകുക. ഓരോന്നിലും ആറ് യാത്രക്കാർക്ക് കയറാൻ കഴിയും. എട്ട് മുതൽ 12 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നതായിരിക്കും റൈഡ്. ന്യൂ ഹഫ സൂഖിന് സമീപമാണ് പദ്ധതി പ്രദേശം. ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാർ മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി.
ഏഴ് റിയാലാണ് സ്റ്റാൻഡേർഡ് ടിക്കറ്റ് നിരക്ക്. ആറ് യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന സ്വകാര്യ ഫാമിലി ക്യാബിന് 28 റിയാൽ മതി. നേരത്തെ ബുക്ക് ചെയ്യുന്ന സന്ദർശകർക്ക് 5 റിയാലിന്റെ പ്രമോഷണൽ നിരക്ക് ലഭിക്കും. ഖരീഫ് സീസണിൽ സലാല ഐ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. പീക്ക് ഖരീഫ് സീസണിലാണ് സലാല ഐ ഔദ്യോഗികമായി തുറക്കുന്നത്. ഇതോടെ വിനോദ സഞ്ചാരികളുടെ പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.