നാട്ടിലേക്ക് പണമയക്കാൻ ഇതാണ് പറ്റിയ സമയം; ഒരു ഒമാൻ റിയാലിന് 250 കടന്ന് ഇന്ത്യൻ രൂപ

പശ്ചിമേഷ്യൻ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ പെട്ടെന്നുള്ള വർധനവുമാണ് രൂപയുടെ മൂല്യമിടിച്ചത്

Update: 2026-07-22 15:11 GMT

മസ്കത്ത്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഒമാൻ റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 250 രൂപ പിന്നിട്ടു. ഇന്ന് വിപണി വ്യാപാരം അവസാനിക്കുമ്പോൾ ഒരു ഒമാൻ റിയാലിന് 250.60 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് വിനിമയം നടന്നത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ പെട്ടെന്നുള്ള വർധനവുമാണ് ഇന്ത്യൻ രൂപയ്ക്ക് കടുത്ത തിരിച്ചടിയായത്. ഡോളറിനെതിരെ 34 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയ രൂപ, വിപണി അവസാനിക്കുമ്പോൾ 96.59 എന്ന നിരക്കിലേക്ക് താഴ്ന്നു. ആഗോള ഊർജ വിതരണത്തിലുണ്ടായ ആശങ്കകളെ തുടർന്ന് നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതാണ് രൂപയെ ദുർബലപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ച സമയം മുതൽ കനത്ത സമ്മർദ്ദത്തിലായിരുന്ന രൂപയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല.

അതേസമയം, രൂപയുടെ മൂല്യമിടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വലിയ നേട്ടമായി മാറി. മുമ്പെങ്ങുമില്ലാത്ത ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസകരമാണ്. എങ്കിലും വിപണിയിലെ ചാഞ്ചാട്ടം കാരണം ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും ഈടാക്കുന്ന സേവന നിരക്കുകൾക്കനുസരിച്ച് വിനിമയ നിരക്കിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാമെന്ന് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News