ഇന്ന് വൈകുന്നേരം മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത
ജൂലൈ 24 വരെ കാറ്റിന് സാധ്യത
മസ്‌കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വൈകുന്നേരം മുതൽ ജൂലൈ 24 വരെ ഒമാന്റെ പല ഭാഗങ്ങളിലും കാറ്റ് വർധിക്കുമെന്നും പൊടിയും മണലും ഉയരുമെന്നും ദൂരക്കാഴ്ച കുറയുമെന്നുമാണ് മുന്നറിയിപ്പ്.
മിക്ക ഗവർണറേറ്റുകളിലും, പ്രത്യേകിച്ച് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും കാറ്റ് ബാധിക്കുമെന്നാണ് ജൂലൈ 20 ന് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. ഇത് പൊടിക്കാറ്റ് വീശാൻ കാരണമാകുമെന്നും തുടർന്ന് ദൂരക്കാഴ്ച കുറയുമെന്നുമാണ് അറിയിപ്പ്. കാലാവസ്ഥ റോഡ് ഗതാഗതത്തെ ബാധിച്ചേക്കാമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി ഓർമിപ്പിക്കുന്നു. പൊടിക്കാറ്റ് ബാധിച്ചതും ദൂരക്കാഴ്ച കുറഞ്ഞതുമായ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പറയുന്നു.