ഒമാനിൽ ബേബി ഫോർമുലകൾക്കും പോഷകാഹാരങ്ങൾക്കും പ്രത്യേക ലൈസൻസ് നിർബന്ധം
അപേക്ഷകൾ ആഗസ്റ്റ് 2 ഞായറാഴ്ച മുതൽ സ്വീകരിക്കും
മസ്കത്ത്: ഒമാനിലെ വിപണിയിലിറക്കുന്ന കുട്ടികൾക്കുള്ള പാൽപ്പൊടികൾ, വിവിധതരം പോഷകാഹാരങ്ങൾ എന്നിവയ്ക്ക് പ്രത്യേക ലൈസൻസ് നിർബന്ധമാക്കുന്നു. ഒമാൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രമാണ് (FSQC) പുതിയ ലൈസൻസുകൾ നൽകാൻ ആരംഭിക്കുന്നത്. ഇതിനായുള്ള അപേക്ഷകൾ ആഗസ്റ്റ് 2 ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉത്പാദകർ, നിർമാതാക്കൾ, ഇറക്കുമതിക്കാർ, വിതരണക്കാർ, ഭക്ഷ്യവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ഈ ലൈസൻസ് സേവനം ലഭ്യമാകും.
ഫോർമുലകൾക്ക് പുറമെ പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഭക്ഷണങ്ങൾ, കുട്ടികൾക്കുള്ള മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ, നൂട്രിഷണൽ സപ്ലിമെന്റുകൾ എന്നിവക്കും ഈ ലൈസൻസിങ് ബാധകമാകും. സ്ഥാപനങ്ങൾക്ക് Food.approval@mafwr.gov.om എന്ന ഔദ്യോഗിക ഇമെയിൽ വിലാസം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം വ്യക്തമാക്കി. കുഞ്ഞുങ്ങൾക്കായി വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.