കിട്ടുന്നതൊക്കെ പോസ്റ്റ് ചെയ്യേണ്ട! ഒമാനിൽ അനധികൃത ഫോട്ടോയും വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചാൽ മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും

മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

Update: 2026-07-20 11:38 GMT

മസ്‌കത്ത്: അനധികൃത ഫോട്ടോയും വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചാൽ മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു. ഉള്ളടക്കം പൂർണമായും ശരിയാണെങ്കിൽ പോലും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

നിയമം പരിഗണിക്കാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ, വീഡിയോകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ പകർത്തുക, റെക്കോർഡ് ചെയ്യുക, സൂക്ഷിക്കുക, പങ്കിടുക എന്നിവക്കെതിരെയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അത്തരം പ്രവൃത്തികൾ രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷന് കാരണമാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.

Advertising
Advertising

വാർത്തകൾ, ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ, ഓഡിയോ - വീഡിയോ ക്ലിപ്പുകൾ, കമൻറുകൾ, ഡാറ്റ അല്ലെങ്കിൽ വിവരങ്ങൾ എന്നിവ - അവ സത്യവും ആധികാരികവുമാണെങ്കിൽ പോലും - മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടി പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

നിയമപരമായല്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളോ വീഡിയോകളോ എടുക്കുക, കൈമാറ്റം ചെയ്യുക, പുറത്തുവിടുക, കോപ്പി ചെയ്യുക, സൂക്ഷിക്കുക എന്നിവ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News