ഒമാനിൽ അംഗീകാരമില്ലാത്ത കുപ്പിവെള്ളത്തിനും ടിന്നിലടച്ച മത്സ്യ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക്
ഒമാനിലെ എല്ലാ ഇറക്കുമതി കമ്പനികളും സ്ഥാപനങ്ങളും ഈ നിയമം പാലിക്കണം
മസ്കത്ത്: അംഗീകാരമില്ലാത്ത കുപ്പിവെള്ളവും ടിന്നിലടച്ച മത്സ്യ ഉൽപന്നങ്ങളും ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്ക്. ഉത്പന്നങ്ങളുടെ കമ്പനികൾ അതത് രാജ്യങ്ങളിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവയും സർട്ടിഫിക്കേഷൻ ഉള്ളവയുമായിരിക്കണം. കമ്പനികൾക്ക് സ്റ്റാറ്റസ് ശരിയാക്കാൻ അനുവദിച്ച ഗ്രേസ് പിരീഡ് ഏപ്രിൽ 22-ന് അവസാനിക്കുന്നതോടെ നിയമം കർശനമായി നടപ്പിലാക്കും.
കുപ്പിവെള്ളം, ഫാമുകളിൽ വളർത്തുന്ന മത്സ്യം, ടിന്നിലടച്ച മത്സ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവക്കാണ് ഈ നിബന്ധന ബാധകമാകുക. ഒമാനിലേക്ക് ഉൽപ്പന്നങ്ങൾ അയക്കുന്ന വിദേശത്തെ ഫാക്ടറികൾക്കോ കയറ്റുമതി സ്ഥാപനങ്ങൾക്കോ ഒമാൻ നിശ്ചയിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്ഥാപനങ്ങൾ അതാത് രാജ്യങ്ങളിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവയും സർട്ടിഫിക്കേഷൻ ഉള്ളവയുമായിരിക്കണം. അല്ലാത്തപക്ഷം ഈ ഉൽപ്പന്നങ്ങൾ ഒമാൻ വിപണിയിലേക്ക് പ്രവേശിപ്പിക്കില്ല. ഒമാനിലെ എല്ലാ ഇറക്കുമതി കമ്പനികളും സ്ഥാപനങ്ങളും ഈ നിയമം പാലിക്കണം. കമ്പനികൾക്ക് നൽകിയ ഗ്രേസ് പിരീഡ് ഏപ്രിൽ 22-ന് അവസാനിക്കുന്നതോടെ നിയമം കർശനമായി നടപ്പിലാക്കും. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് നീക്കം. സർട്ടിഫിക്കേഷൻ ഇല്ലാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്ന ഇറക്കുമതിക്കാർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് അതോറിറ്റി ഉത്തരവാദിയായിരിക്കില്ലെന്നും ഓർമിപ്പിക്കുന്നുണ്ട്. വിതരണക്കാരുടെ സർട്ടിഫിക്കറ്റുകൾ കൃത്യമാണെന്ന് കമ്പനികൾ തന്നെ ഉറപ്പുവരുത്തണം. ഒമാന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.