ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില 28 രൂപ വരെ വര്‍ധിക്കുമെന്ന് പ്രവചനം
ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറിലേക്ക് എത്തുകയാണ്. ഇതുമൂലം പെട്രോളിന്‍േറയും ഡീസലിന്‍േറയും ഇറക്കുമതി ചെലവും വില്‍ക്കുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ടാകുന്നുണ്ട്. ഇത് നികത്താന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കൊട്ടക് പറയുന്നത്.
മുംബൈ: തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എണ്ണവില 28 രൂപ വരെ ഉയര്‍ന്നേക്കുമെന്ന് പ്രവചനം. ഏപ്രില്‍ 29ന് ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇക്വിറ്റിസ് പ്രവചിക്കുന്നത്. ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറിലേക്ക് എത്തുകയാണ്. ഇതുമൂലം പെട്രോളിന്‍േറയും ഡീസലിന്‍േറയും ഇറക്കുമതി ചെലവും വില്‍ക്കുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ടാകുന്നുണ്ട്. ഇത് നികത്താന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കൊട്ടക് പറയുന്നത്.
നിലവിലെ സ്ഥിതിയില്‍ എണ്ണവില അന്താരാഷ്്ട്ര വിപണിയില്‍ 120 ഡോളറിലേക്ക് എത്തിയാല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ കമ്പനികള്‍ക്ക് 25 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. പരമാവധി 28 രൂപ വരെ കമ്പനികള്‍ക്ക് കൂട്ടേണ്ട സാഹചര്യമുണ്ടാവുമെന്നാണ് കൊട്ടക് വ്യക്തമാക്കുന്നത്.
എന്നാല്‍, ഒറ്റത്തവണയായി ഇത്രയും വലിയൊരു വര്‍ധനവ് കമ്പനികള്‍ കൊണ്ടുവരില്ലെന്നും ഏജന്‍സി പ്രവചിക്കുന്നു. ആഴ്ചകളോ മാസങ്ങളോ എടുത്താകും ഇത്രയും വലിയൊരു വര്‍ധനവ് നടപ്പിലാക്കുക. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ കൂടി പരിഗണിച്ചാവും വില വര്‍ധനവിലേക്ക് കമ്പനികള്‍ നീങ്ങുക.
പെട്രോള്‍ വിലയില്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു വര്‍ധനവുണ്ടായാല്‍ ലിറ്ററിന്റെ വില രാജ്യത്ത് 120ലേക്ക് എത്തും. ഇതോടെ ഡീസല്‍ വില 100 കടക്കുന്ന സാഹചര്യവും ഉണ്ടാവും. നിലവില്‍ രാജ്യത്തെ പൊതുമേഖല എണ്ണകമ്പനികള്‍ പ്രതിമാസം 270 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലാണ് എണ്ണവില്‍ക്കുന്നത്.
യുഎസിനും ഇറാനുമിടയില്‍ വെടിനിര്‍ത്തല്‍ തുടരുകയാണെങ്കിലും സമാധാന സാഹചര്യമില്ലാത്തതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ പിന്നിട്ടു. ഒരുഘട്ടത്തില്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്ന വില താഴുകയായിരുന്നു. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 94.26 ഡോളറായി ഉയര്‍ന്നു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്താന്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.