കെവിന്‍ വാര്‍ഷ് വാഴുമ്പോള്‍ സ്വര്‍ണം വീഴുമോ ?
കെവിന്‍ വാര്‍ഷിന്റെ പേര് ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്തേക്ക് ട്രംപ് നോമിനേറ്റ് ചെയ്തപ്പോള്‍ തന്നെ സ്വര്‍ണത്തിന് പണികിട്ടിയിരുന്നു. 1983ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിനനഷ്ടമാണ് സ്വര്‍ണത്തിന് നേരിട്ടത്
Gold is money. Everything else is credit..... 1912ലെ ജെ.പി മോര്‍ഗന്റെ വിഖ്യാതമായ ഈ നിര്‍വചനത്തില്‍ നിന്ന് തന്നെ പൊന്നിന്റെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രാധാന്യം വ്യക്തമാണ്. സ്വര്‍ണമൊഴികെ മറ്റെല്ലാം കടത്തിന് തുല്യമാണെന്നാണ് മോര്‍ഗന്‍ വാക്കുകള്‍ അര്‍ഥമാക്കുന്നത്. കറന്‍സിയെ വരെ മോര്‍ഗന്‍ ആ നിരയിലേക്കാണ് കൂട്ടുന്നത്. ഇറാനില്‍ യു.എസും ഇസ്രായേലും ആക്രമണം തുടങ്ങിയതോടെ സാമ്പത്തികരംഗത്തെ ചര്‍ച്ചകളിലേക്ക് വീണ്ടും സ്വര്‍ണം കടന്നുവരികയായിരുന്നു. യുദ്ധം സ്വര്‍ണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഏത് രീതിയില്‍ സ്വാധീനിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍.
എന്നാല്‍, യുദ്ധത്തിനൊപ്പം മറ്റൊരു പേര് കൂടി സ്വര്‍ണവിലയെ പിടിച്ചുലക്കാന്‍ ഇന്ന് ആഗോളസാമ്പത്തികരംഗത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിയുക്ത ഗവര്‍ണറായ കെവിന്‍ വാര്‍ഷായിരിക്കും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക.
കെവിന്‍ വാര്‍ഷിന്റെ പേര് ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്തേക്ക് ട്രംപ് നോമിനേറ്റ് ചെയ്തപ്പോള്‍ തന്നെ സ്വര്‍ണത്തിന് പണികിട്ടിയിരുന്നു. 1983ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിനനഷ്ടമാണ് സ്വണത്തിന് നേരിട്ടത് ഏകദേശം 11 ശതമാനമാണ്സ്വര്‍ണത്തിനുണ്ടായ നഷ്ടം. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണത്തിന് നഷ്ടമുണ്ടായെങ്കിലും മഞ്ഞലോഹം പതിയെ വാര്‍ഷ് എഫ്ക്ടില്‍ നിന്നും കരകയറി. എന്നാല്‍, ഡമാസ്‌കസിന്റെ തലക്ക് മുകളിലെ വാളുപോലെ സ്വര്‍ണത്തിന് വീണ്ടും വാര്‍ഷ് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ഷ് നടത്തിയ ഒരു പ്രസ്താവനയാണ് സ്വര്‍ണവിലയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം കുറിച്ചത്.
ട്രംപിന്റെ പാവയല്ല താനെന്നും ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളില്‍ പൂര്‍ണമായും സ്വതന്ത്രനിലപാട് സ്വീകരിക്കുമെന്നായിരുന്നു കെവിന്‍ വാര്‍ഷിന്റെ പ്രസ്താവന. ഇതോടെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവുണ്ടാവുകുമോയെന്ന ഭയം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമാണ്. ഉടനടി വലിയൊരു ഇടിവ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ദീര്‍ഘകാലത്തില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വാര്‍ഷിന്റെ നിലപാടുകള്‍ സ്വാധീനിക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍
വാര്‍ഷും സ്വര്‍ണവും
യു.എസ് കേന്ദ്രബാങ്കിന്റെ പലിശനിരക്കും സ്വര്‍ണവിലയും തമ്മില്‍ വലിയ ബന്ധമുണ്ട്. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാല്‍ അത് സ്വര്‍ണത്തിന്റെ വില വര്‍ധനവിനും കൂട്ടിയാല്‍ അത് വിലയിടിവിനും നയിക്കുമെന്നാണ് വിലയിരുത്തലുകള്‍. പലിശനിരക്ക് കുറക്കുന്നതോടെ യു.എസിലെ ബോണ്ട് വിപണി അനാകര്‍ഷകമാവുകയും നിക്ഷേപം സ്വര്‍ണത്തിലേക്ക് ഒഴുകയും ചെയ്യുമെന്നും അത് വില വര്‍ധനവിന് കാരണമാകുമെന്നുമാണ് നിഗമനം. ഇതിന് നേര്‍വിപരീതമായി സംഭവിച്ചാല്‍ വിലയിടിവിനും കാരണമാകും.
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ നിലവിലെ ചെയര്‍മാന്‍ ജെറോം പവലും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ പല വിഷയങ്ങളില്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നു. അതില്‍ പ്രധാനമായും ഭിന്നതയുണ്ടായിരുന്നത് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. പലിശനിരക്കില്‍ ഉദാര സമീപനം വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ പവല്‍ ഒരിക്കലും തയാറായില്ല. നിരന്തരമായി പലിശനിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പവല്‍ യു.എസ് സമ്പദ്‌വ്യവസ്ഥ പരിഗണിച്ച് മാത്രം തീരുമാനങ്ങളെടുത്തു. ട്രപിന്റെ പുതിയ നോമിനി വരുമ്പോള്‍ പലിശനിരക്ക് വലിയ രീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ട്രംപ് നോമിനേറ്റ് ചെയ്തത് കെവിന്‍ വാര്‍ഷിനെ ആയിരുന്നു.. മുമ്പ് ഫെഡ് ഗവര്‍ണറായിരിക്കെ പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശനിരക്ക് ഉയര്‍ന്ന നിരക്കില്‍ നിര്‍ത്താനും വേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ച ഒരാളായിരുന്നു വാര്‍ഷ്. കെവിന്‍ വാര്‍ഷിന്റെ ഈ മുന്‍കാല ചരിത്രം അറിയുന്നത് കൊണ്ട് കൂടിയാണ് ജനുവരിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വലിയ തിരിച്ചടിയേറ്റത്.
പുതിയ പ്രസ്താവനയോടെ സമ്പദ്‌വ്യവസ്ഥയെ പരിഗണിച്ച് മാത്രമേ താന്‍ പലിശനിരക്കില്‍ തീരുമാനമെടുക്കുവെന്ന സൂചനയാണ് വാര്‍ഷ് നല്‍കുന്നത്. നിലവില്‍ യുദ്ധം മൂലം യു.എസ് പണപ്പെരുപ്പം ഉയരുകയാണ് ഈയൊരു സാഹചര്യത്തില്‍ പലിശനിരക്ക് ഉയര്‍ത്തി പണപ്പെരുപ്പം നിയന്ത്രിക്കുകയല്ലാതെ വാര്‍ഷിന് മുന്നില്‍ മറ്റ് വഴികളില്ല. ഇത് സ്വര്‍ണത്തിന്റെ വലിയ വിലയിടിവിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. വാര്‍ഷ്അധികാരത്തിലേറുമ്പോഴൂം യു.എസ് സമ്പദ്‌വ്യവസ്ഥയിലെ സാഹചര്യം മാറിയില്ലെങ്കില്‍ തിരിച്ചടിയാവും സ്വര്‍ണത്തിനുണ്ടാവുക. ഇന്ന് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരും ഭയക്കുന്നത് ഈ തിരിച്ചടി തന്നെയാണ്.