രണ്ട് ലക്ഷം കോടിയില്‍ എത്ര നഷ്ടമാകും; കേരളത്തിലെ പുതിയ സര്‍ക്കാറിന് മുന്നിലെ വെല്ലുവിളി

1970കള്‍ക്ക് ശേഷം കേരളത്തിന്റെ നട്ടെല്ല് പ്രവാസികള്‍ അയക്കുന്ന പണമാണ്. കേരളത്തില്‍ ഇന്ന് കാണുന്ന വികസന പ്രവര്‍ത്തനങ്ങളുടെയെല്ലാം പിന്നില്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ വില കൂടിയുണ്ട്. അതില്‍ വലിയ കുറവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്

Update: 2026-04-22 11:51 GMT

കേരളത്തിലെ ഏപ്രില്‍ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. തുടര്‍ ഭരണം ഉറപ്പാണെന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ഭരണമാറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഭരണത്തില്‍ ആര് എത്തിയാലും അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. അതില്‍ ഏറ്റവും വലുത് പ്രവാസി പണത്തിന്റെ തോതിലുണ്ടാവുന്ന കുറവായിരിക്കും. 1970കള്‍ക്ക് ശേഷം കേരളത്തിന്റെ നട്ടെല്ല് പ്രവാസികള്‍ അയക്കുന്ന പണമാണ്. കേരളത്തില്‍ ഇന്ന് കാണുന്ന വികസന പ്രവര്‍ത്തനങ്ങളുടെയെല്ലാം പിന്നില്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ വില കൂടിയുണ്ട്. അതില്‍ വലിയ കുറവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലാകെ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം കേരളത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല.

Advertising
Advertising

കേരള മൈഗ്രേഷന്‍ സര്‍വേ 2023 പ്രകാരം കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ അയച്ച പണം 2,16,893 കോടിയാണ്. 2018ല്‍ 85,092 കോടി ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഓരോ വര്‍ഷവും ക്രമാനുഗതമായ വളര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവുന്നുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ പ്രവാസിപണം എത്തുന്ന സംസ്ഥാനം കേരളമാണ്.കേരളത്തിന്റെ മൊത്തം ഉല്‍പാദനത്തിന്റെ 23.2 ശതമാനം വരുമിത്. രാജ്യത്തെ പ്രവാസി പണത്തിന്റെ 21 ശതമാനവും ഒഴുകുന്നത് കേരളത്തിലേക്കാണ്. ഈ നിരക്ക് 2019 മുതല്‍ കേരളം നിലനിര്‍ത്തി കൊണ്ടു വരുന്നുമുണ്ട്

2.2 ദശലക്ഷം മലയാളികളാണ് വിദേശത്ത് ജോലി ചെയ്യുന്നത്.ഇതില്‍ 90 ശതമാനവും ഗള്‍ഫിലാണ്. യു.എസും ഇസ്രായേലും ചേര്‍ന്ന് ഫെബ്രുവരി 28ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം മൂലമാണ് കേരളത്തിന്റെ പ്രവാസി പണത്തില്‍ ഇടിവുണ്ടാവുമോയെന്ന ആശങ്ക ശക്തമായത്. ദ ഹിന്ദു ദിനപത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ യുദ്ധം മൂലം പ്രവാസി പണത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രതിസന്ധിക്ക് തന്നെ കാരണമാകും. വരാനിരിക്കുന്ന സര്‍ക്കാറിനെയാവും പ്രതിസന്ധി പ്രധാനമായും ബാധിക്കുക.

ഇന്ത്യയുടെ പ്രവാസി പണത്തിന്റെ ഏകദേശം 38 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇത് ഏകദേശം 51 ദശലക്ഷം ഡോളര്‍ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഇന്ത്യയിലേക്ക് പ്രവാസി പണമായി ഒഴുകിയത് 135.4 ബില്യണ്‍ ഡോളറായിരുന്നു. ഗള്‍ഫ് മേഖലയില്‍ യുദ്ധം മൂലം എണ്ണവ്യാപാരം, നിര്‍മാണം, വിനോദവ്യവസായം, റീടെയില്‍ തുടങ്ങിയ മേഖലകളിലെല്ലാം തിരിച്ചടി നേരിട്ടിട്ടുണ്ടെന്ന് സി.എന്‍.ബി.സി നടത്തിയ പഠനത്തില്‍ പറയുന്നു. ഇത് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുറക്കുമെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്. പ്രവാസി പണത്തിന്റെ കുറവിനൊപ്പം ഉയര്‍ന്ന എണ്ണവില സൃഷ്ടിക്കുന്ന പ്രതിസന്ധിയും കൂടിയാമ്പോള്‍ രാജ്യത്ത് പ്രതിസന്ധി കനക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനൊപ്പം മറ്റൊരു കണക്ക് കൂടി പുറത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പുറത്ത് പോകുന്നത് മൂലം 43,378 കോടി രൂപ പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന്റെ തോതിലും വരും വര്‍ഷങ്ങളില്‍ ഉയര്‍ച്ച പ്രവചിക്കുന്നവരുണ്ട്. അതും സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് പ്രവചനം.ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ട മറ്റൊരു കണക്കാണ് എന്‍.ആര്‍.ഐ നിക്ഷേപത്തിന്‍േറത്. 2019ല്‍ സുസ്ഥിരമായിരുന്ന എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ രേഖപ്പെടുത്തുന്ന ഇടിവും വലിയ രീതിയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഇനി വരുന്ന സര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പ്രവാസികള്‍ക്കായി എന്ത് കരുതിവെക്കുന്നുവെന്നത് പ്രധാനമാണ്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് എന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണെങ്കിലും ഒരു സര്‍ക്കാറും അത് ഗൗരവമായി പരിഗണിച്ചിട്ടില്ല. ഇതിനൊപ്പം നഷ്ടമാകുന്ന പ്രവാസി പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഏത് രീതിയില്‍ സ്വാധീനിക്കുമെന്നതും കണ്ടറിയേണ്ടതാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേരളത്തെ സംബന്ധിച്ചടുത്തോളം ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

Tags:    

Writer - വിഷ്ണു ജെ.

Media Person

Editor - വിഷ്ണു ജെ.

Media Person

By - Web Desk

contributor

Similar News