അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കൊലപ്പെടുത്തിയയാൾ പിടിയിൽ

പാർട്ട് ടൈം ജോലിക്കിടെയാണ് ഇന്ത്യക്കാരനെ വെടിവെച്ചുകൊന്നത്

Update: 2025-10-07 13:03 GMT

ന്യൂയോർക്ക്: യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവെച്ചുകൊന്ന കേസിൽ അമേരിക്കൻ പൗരൻ അറസ്റ്റിൽ. ടെക്സസുകാരനായ റിച്ചാർഡ് ഫ്ലോറസ് എന്ന 23 കാരനെയാണ് അറസ്റ്റ് ചെയ്തത്. പാർട്ട് ടൈം ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് 23 കാരനായ ചന്ദ്രശേഖർ പോളിനെ വെടിവെച്ച് കൊന്നത്. കൊലപാതക കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ഡെൻ്റണിലെ നോർത്ത് ടെക്സസ് സർവകലാശാലയിൽ നിന്നും ഡാറ്റ അനലിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇന്ത്യൻ വിദ്യാർഥി പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. വെടിയേറ്റ ചന്ദ്രശേഖർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം മറ്റൊരു വാഹനത്തിലേക്കുകൂടി വെടിയുതിർക്കുകയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്ത പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വാഹനത്തിൽ നിന്നും തോക്ക് കണ്ടെടുത്തിട്ടുണ്ട്.

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള സമീപകാല അക്രമങ്ങൾ തങ്ങളെ ഭയപ്പെടുത്തുന്നതായി ഇന്ത്യൻ അമേരിക്കൻ സൊസൈറ്റി അംഗങ്ങൾ പറഞ്ഞു. യുഎസിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കപ്രകടിപ്പിച്ചു. കൊല്ലപ്പെട്ട ചന്ദ്രശേഖർ പോളിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News