Writer - അൻഫസ് കൊണ്ടോട്ടി
anfas123
തെൽ അവീവ്: ഒക്ടോബർ ഏഴ് തങ്ങൾക്ക് നഷ്ടപ്പെട്ടവരെ ഓർക്കാനുള്ള ദിവസം മാത്രമല്ലെന്നും അതിനേക്കാളുപരി, നേതൃപരാജയത്തിന്റെയും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയാണെന്ന് അബദ്ധത്തിൽ ഇസ്രായേൽ സൈന്യം വധിച്ച ബന്ദിയുടെ സഹോദരൻ. 2023 ഡിസംബറിൽ ഗസ്സയിൽ നടത്തിയ ഐഡിഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലി പൗരനായ അലോൺ ശാംരിസിന്റെ സഹോദരൻ യോനാതൻ ശാംരിസാണ് തെൽ അവീവിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഉപരോധ കാലത്തെ ഓർത്തെടുത്തത്.
ഒക്ടോബർ ഏഴ് നഷ്ടപ്പെട്ടവരെ അനുസ്മരിക്കാനുള്ള ദിവസം മാത്രമല്ല, മറിച്ച് സംഘർഷാവസ്ഥയിൽ നേതൃത്വം നഷ്ടപ്പെട്ട, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, തങ്ങളുടെ ജനതയെ ഒറ്റപ്പെടുത്തിയ ഭരണകൂടത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. സംഭവിച്ചതൊന്നും ഞങ്ങൾ ആഗ്രഹിച്ചതായിരുന്നില്ല, വിധി അവിടെ കൊണ്ടെത്തിച്ചതാണ്- യോനാഥൻ പറഞ്ഞു
ഗസ്സയിൽ ഹമാസ് പോരാളികളെന്ന് കരുതിയാണ് മൂന്ന് ബന്ദികളെ വെടിവെച്ചുകൊന്നതെന്നാണ് ഇസ്രായേലി വക്താവ് വെളിപ്പെടുത്തിയിരുന്നത്. ബന്ദികളുടെ മരണത്തെ അസഹനീയമായ ദുരന്തമെന്ന് വിശേഷിപ്പിച്ച നെതന്യാഹു, മൂന്ന് പ്രിയപ്പെട്ട പുത്രന്മാരുടെ വീഴ്ചയിൽ ഇസ്രായേലിനോടൊപ്പം തല കുനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊലപ്പെടുത്തിയെന്ന സൈന്യത്തിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ തെൽ അവിവിലെ സൈനിക താവളത്തിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു.