ഹമാസ് ഇസ്രായേൽ വെടിനിർത്തൽ ചർച്ചയുടെ വിശദാംശങ്ങൾ

ഗസ്സയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി എത്തിയ കരാറിനെ ഇസ്രായേൽ സൈന്യം സ്വാഗതം ചെയ്തു

Update: 2025-10-09 05:47 GMT

ഗസ്സ: ഗസ്സ വെടിനിർത്തൽ ചർച്ച വിജയകരമെന്ന്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഇരുപതിന പദ്ധതിയെ മുൻനിർത്തിയുള്ള ചർച്ച ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. നാല് നിബന്ധകളോടെ കരാർ അംഗീകരിക്കുന്നതായി ഹമാസും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേൽ സേന ഗസ്സയിൽ നിന്ന് സമ്പൂർണമായി പിന്മാറുക, ഗസ്സയിലേക്കുള്ള സഹായ വിതരണം കൃത്യമാക്കുക, ഫലസ്തീനി തടവുകാരെ വിട്ടയക്കുക എന്നീ നിബന്ധനകളാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഇസ്രായേൽ വിട്ടയക്കേണ്ട ഫലസ്തീനി തടവുകാരുടെ പട്ടികയും ഹമാസ് കൈമാറിയിട്ടുണ്ട്.

Advertising
Advertising

ഗസ്സയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി എത്തിയ കരാറിനെ ഇസ്രായേൽ സൈന്യം സ്വാഗതം ചെയ്തു. ബന്ദികളെ സ്വീകരിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്നും സേന അറിയിച്ചു. ഇന്ന് ഉച്ചക്ക് ഇസ്രായേൽ യുദ്ധ ക്യാബിനറ്റ് ചേരും. ഈ ക്യാബിനറ്റിൽ അംഗീകാരം നേടിയാൽ മാത്രമേ കരാർ നിലവിൽ വരൂ. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ കോടതിയിൽ കൂടി പോകാനുള്ള സമയം കൂടി കണ്ടതിന് ശേഷമേ കരാർ യാഥാർഥ്യമാകുകയുള്ളു. കരാർ യാഥാർഥ്യമായി 72 മണിക്കൂറിനുള്ളിൽ ബന്ദികളെ വിട്ടുനൽകണം എന്നാണ് ട്രംപ് മുന്നോട്ടുവെച്ച വ്യവസ്ഥയിൽ പറയുന്നത്. അങ്ങനെയെങ്കിൽ അടുത്ത തിങ്കളാഴ്ചയോട് കൂടി ബന്ധവിമോചനം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

നാളെ നൊബേൽ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട ഒരു തീരുമാനം ഉണ്ടാവാൻ ട്രംപ് മുൻകൈയെടുത്ത് നടത്തിയ ഒരു നീക്കം കൂടിയാണിത്. എന്നാൽ നൊബേൽ പ്രഖ്യാപനം ഏത് രൂപത്തിലാകുമെന്നോ അതിനുശേഷമുള്ള ഭാവി എന്തായിരിക്കുമെന്നോ വ്യക്തതയില്ല. യുദ്ധാനന്തര ഗസ്സയെ കുറിച്ചുള്ള ചർച്ചയിൽ ഹമാസിന്റെ പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രംപ് ഉറപ്പ് നൽകിയിരിക്കുന്നു എന്നതും ചർച്ചയുടെ പ്രധാന തീരുമാനമാണ്. അതേസമയം, ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ കരാറിലെത്തിയതായി പ്രഖ്യാപിച്ചതിന് ശേഷം നിരവധി ഇസ്രായേലി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വർഷത്തെ തുടർച്ചയായ ബോംബാക്രമണത്തിന് ശേഷം ഗസ്സയിലെ ഫലസ്തീനികൾക്കിടയിൽ വെടിനിർത്തൽ വാർത്ത ശുഭാപ്തിവിശ്വാസം ഉണർത്തിയിട്ടുണ്ടെങ്കിലും അവശേഷിപ്പിച്ച നാശനഷ്ടങ്ങൾ അതിരുകടന്നതാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷത്തെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ മുഴുവൻ പ്രദേശങ്ങളും തകർന്നു, ആശുപത്രികളും സ്കൂളുകളും നശിപ്പിക്കപ്പെട്ടു, കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. തടവുകാരെ മോചിപ്പിക്കുകയും ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പൂർണമായി പിന്മാറുകയും ചെയ്തതിന് ശേഷം നാശനഷ്ടങ്ങൾക്ക് ഇടയിൽ ഫലസ്തീനികൾക്ക് തങ്ങളുടെ ജീവിതം പുനർനിർമിക്കുക എന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News