​ഗസ്സ സമാധാന കരാർ: കൈമാറേണ്ട ഇസ്രായേലി ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടേയും പട്ടിക കൈമാറി ​ഹമാസ്

ട്രംപിന്റെ 20 ഇന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്ന സമയം സംബന്ധിച്ച് ഇതുവരെ ധാരണയിലെത്തിയിട്ടില്ലെന്ന് ഫലസ്തീൻ വൃത്തങ്ങൾ പറഞ്ഞു.

Update: 2025-10-08 11:31 GMT

കെയ്റോ: ഗസ്സ യുദ്ധവിരാമത്തിനുള്ള സമാധാന ചർച്ചയുടെ ഭാ​ഗമായി പരസ്പരം കൈമാറേണ്ട ഇസ്രായേലി ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടേയും പട്ടിക കൈമാറി ​ഹമാസ്. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുപതിന പദ്ധതി മുൻനിർത്തി കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഹമാസ് അറിയിച്ചു.

സംഘർഷം അവസാനിപ്പിക്കാനുള്ള സംവിധാനങ്ങൾ, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, കൈമാറ്റ കരാർ എന്നിവയിലാണ് മുതിർന്ന വിദേശ രാഷ്ട്രീയ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചർച്ചകൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹമാസ് അറിയിച്ചു. ഈജിപ്ഷ്യൻ ചെങ്കടൽ റിസോർട്ട് പട്ടണമായ ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്ന സമയം സംബന്ധിച്ച് ഇതുവരെ ധാരണയിലെത്തിയിട്ടില്ലെന്ന് ഫലസ്തീൻ വൃത്തങ്ങൾ പറഞ്ഞു.

Advertising
Advertising

കരാറുമായി ബന്ധപ്പെട്ട പുരോ​​ഗതിയിൽ ഡോണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെയും സമാധാന ദൗത്യങ്ങളിലെയും യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ ആദ്യ ഭരണകാലത്ത് മിഡിൽ ഈസ്റ്റ് പ്രതിനിധിയായി സേവനമനുഷ്ഠിച്ച മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന യുഎസ് സംഘം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കും.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത വിശ്വസ്തനായ മന്ത്രി റോൺ ഡെർമറും ചർച്ചയുടെ ഭാ​ഗമാകും. ദീർഘകാല മധ്യസ്ഥനായ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽതാനിയും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, തന്റെ പദ്ധതിയെ പിന്തുണയ്ക്കാൻ ഹമാസിനോട് ആവശ്യപ്പെടാൻ സഹായിക്കണമെന്ന് ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടതായി തുർക്കി പ്രസിസന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ പറ‍ഞ്ഞു.

ഗസ്സ വംശഹത്യ രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിലാണ് സമാധാനത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ച പുരോ​ഗമിക്കുന്നത്. ഗസ്സ യുദ്ധവിരാമത്തിനായി ട്രംപ്​ സമർപ്പിച്ച ഇരുപതിന പദ്ധതി മുൻനിർത്തി നടക്കുന്ന സമാധാന ചർച്ചയിൽ ഹമാസ് ഉപാധികൾ മുന്നോട്ടുവച്ചിരുന്നു. സ്ഥിരം വെടിനിർത്തൽ വേണമെന്നും ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായും പിൻമാറണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് വക്താവ് ഫൗസി ബർഹൂമാണ് ആറിന ഉപാധികൾ മുന്നോട്ടുവച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമോ വിലക്കോ ഉണ്ടാവാൻ പാടില്ല, കുടിയിറക്കപ്പെട്ടവർക്ക് വീടുകളിലേക്ക് തിരിച്ചുവരാൻ അവസരമുണ്ടാകണം, ടെക്നോക്രാറ്റുകൾ ഉൾപ്പെടുന്ന സ്വതന്ത്ര ഫലസ്തീൻ സമിതിയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ പുനർനിർമാണം ഉടൻ തുടങ്ങണം, തടവുകാരുടെ കൈമാറ്റത്തിന് മാന്യമായ കരാർ ഉണ്ടാകണം എന്നിവയാണ് മറ്റ് ഉപാധികൾ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News