'സ്ഥിരം വെടിനിർത്തൽ വേണം, ഇസ്രായേൽ സൈന്യം പൂർണമായി പിൻമാറണം'; ഉപാധികൾ മുന്നോട്ടുവച്ച് ഹമാസ്
ഹമാസ് വക്താവ് ഫൗസി ബർഹൂമാണ് ആറിന ഉപാധികൾ മുന്നോട്ടുവച്ചത്.
കെയ്റോ: ഗസ്സ യുദ്ധവിരാമത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമർപ്പിച്ച ഇരുപതിന പദ്ധതി മുൻനിർത്തി കെയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിൽ ഉപാധികൾ മുന്നോട്ടുവച്ച് ഹമാസ്. സ്ഥിരം വെടിനിർത്തൽ വേണമെന്നും ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായും പിൻമാറണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗസ്സ വംശഹത്യ രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിലാണ് സമാധാനത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുന്നത്.
ഹമാസ് വക്താവ് ഫൗസി ബർഹൂമാണ് ആറിന ഉപാധികൾ മുന്നോട്ടുവച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമോ വിലക്കോ ഉണ്ടാവാൻ പാടില്ല, കുടിയിറക്കപ്പെട്ടവർക്ക് വീടുകളിലേക്ക് തിരിച്ചുവരാൻ അവസരമുണ്ടാകണം, ടെക്നോക്രാറ്റുകൾ ഉൾപ്പെടുന്ന സ്വതന്ത്ര ഫലസ്തീൻ സമിതിയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ പുനർനിർമാണം ഉടൻ തുടങ്ങണം, തടവുകാരുടെ കൈമാറ്റത്തിന് മാന്യമായ കരാർ ഉണ്ടാകണം എന്നിവയാണ് മറ്റ് ഉപാധികൾ.
ഇതിൽ ഇസ്രായേൽ കൃത്യമായ നിലപാട് സ്വീകരിച്ചെങ്കിൽ മാത്രമേ ബന്ദിമോചനം യാഥാർഥ്യമാകൂ എന്നും ഹമാസ് നേതൃത്വം അറിയിച്ചു. മുമ്പും വെടിനിർത്തലിന്റെ അരികിലെത്തിയെങ്കിലും നെതന്യാഹു അട്ടിമറിച്ചിരുന്നു. ഇത്തവണയും അതിന് സാധ്യതയുണ്ട്. അതിനാൽ യുഎന്നും യുഎസും മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അത്തരം അട്ടിമറി നീക്കത്തിൽനിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
ഹമാസ് നിലപാട് അറിയിച്ച സാഹചര്യത്തിൽ ഇനി ഇസ്രായേലിന്റെ തീരുമാനം കൂടി അറിയേണ്ടതുണ്ട്. ഇത് ഇന്ന് രാത്രിയോടെ ഉണ്ടായേക്കും. ഹമാസ് ഉപാധികൾ ഇസ്രായേൽ അംഗീകരിച്ചാൽ ചർച്ച സുഗമമായി മുന്നോട്ടുപോവുകയും ബന്ദി മോചനം സാധ്യമാവുമെന്നും ഹമാസ് പറയുന്നു.
ഈജിപ്തും ഖത്തറുമാണ് ചർച്ചയിലെ പ്രധാന മധ്യസ്ഥർ. മിഡിൽ ഈസ്റ്റിലെ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്‍റെ മരുമകനും ഉപദേഷ്ടാവുമായ ജരേദ് കുഷ്നർ എന്നിവരും ചർച്ചയുടെ ഭാഗമാണ്. ഗസ്സയിൽ ഇന്നലയും ഇസ്രയേൽ വ്യാപക ആക്രമണം നടത്തി. 24 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആക്രമണം നിർത്തിയിട്ടില്ലെന്നാണ് ഇസ്രായേൽ വാദം.
ഇസ്രയേൽ വെടിനിർത്തിയെന്ന യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ വാദം സൈനികമേധാവി ഇയാൾ സാമിർ തള്ളുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിനിടെ 67,000ലേറെ പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയത്. 1,68,000ലേറെ ആളുകൾക്ക് പരിക്കേറ്റു. 440 പേർ വിശപ്പുമൂലം മരിച്ചു. ഇതിൽ 147ഉം കുട്ടികളാണ്.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ യൂറോപ്പിലാകെ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ തുടരുകയാണ്. ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂറോപ്യൻ നഗരങ്ങളിൽ നടന്നുവരുന്ന റാലികളിൽ വൻ ജനാവലിയാണ് അണിനിരക്കുന്നത്. ഇസ്രയേൽ തടങ്കലിൽ കഴിയുന്ന ഗ്ലോബൽ സേുമൂദ് ഫ്ലോട്ടിലയിലെ സന്നദ്ധപ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യവും യൂറോപ്പിൽ ശക്തിയാർജിച്ചു. ജയിലിൽ 42 ആക്ടിവിസ്റ്റുകൾ നിരാഹാരം ആരംഭിച്ചതായി ഫ്ലോട്ടില സംഘാടകർ അറിയിച്ചു.