ആകാശത്തെ 'പറക്കും കൊട്ടാരം'; ട്രംപിനു പറക്കാന്‍ ഖത്തറിന്‍റെ 'ബോയിങ് 747-8' ജംബോ ജെറ്റ്
ഏകദേശം 400 മില്യന്‍ ഡോളറാണ് ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'ബോയിങ് 747-8' ജംബോ ജെറ്റിന്‍റെ വില
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'ബോയിങ് 747-8' ജംബോ ജെറ്റ് സന്ദര്‍ശിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍. ഫ്‌ളോറിഡയിലുള്ള ട്രംപിന്റെ ആഡംബര റിസോര്‍ട്ടായ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍നിന്ന് ഏതാനും കിലോ മീറ്ററുകള്‍ മാത്രം അകലെ, വെസ്റ്റ് പാം ബീച്ച് എയര്‍പോര്‍ട്ടിലായിരുന്നു ആ ജെറ്റ് വിമാനമുണ്ടായിരുന്നത്.
ബോയിങ് കമ്പനിയുടെ നേതൃത്വത്തില്‍ പുതിയ വിമാനങ്ങളുടെ നിര്‍മാണം വൈകുന്നതില്‍ ട്രംപ് അസ്വസ്ഥനാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയായിരുന്നു ഖത്തര്‍ വിമാനം കാണാന്‍ അദ്ദേഹം എത്തുന്നത്. പുതിയ എയര്‍ ഫോഴ്‌സ് വണ്‍ വാഹനമായി 'ബോയിങ് 747-8'നെ പരിഗണിക്കുന്നതായി അന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ആ വിമാനം ഖത്തറില്‍നിന്ന് സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യു.എസ് മാധ്യമമായ 'എ.ബി.സി ന്യൂസ്' ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. യു.എസ് പ്രതിരോധ വകുപ്പിനാണ് ഖത്തര്‍ വിമാനം കൈമാറാനിരിക്കുന്നത്. 2029 ജനുവരി ഒന്നിന്, ഭരണകാലാവധി പൂര്‍ത്തിയാക്കിയ ശേഷം, ട്രംപിന്റെ പേരിലുള്ള പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ഫൗണ്ടേഷന് വിമാനം കൈമാറാനാണു തീരുമാനം.
വിമാനം ട്രംപിനുള്ള സമ്മാനമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും താല്‍ക്കാലിക ഉപയോഗത്തിനായി കൈമാറുന്നുവെന്നാണ് ഖത്തറിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഖത്തര്‍ മാധ്യമ അറ്റാഷെയായ അലി അല്‍അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. വിമാനം കൈമാറുന്ന വിഷയത്തില്‍ ഇതുവരെയും അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഖത്തറിന്റെയും അമേരിക്കയുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് അലി അല്‍അന്‍സാരി അറിയിച്ചത്.
ആകാശത്തെ കൊട്ടാരം എന്ന പേരില്‍ അറിയപ്പെടുന്ന അത്യാഡംബര വിമാനമാണ് ഖത്തറിന്റെ ഉടമസ്ഥതയിലുള്ള 'ബോയിങ് 747-8' ജംബോ ജെറ്റ്. 400 മില്യന്‍ ഡോളര്‍ ആണ് ഇതിനു വിലമതിക്കുന്നത്. ഏകദേശം 3,394 കോടി രൂപ വരുമത്. നേരത്തെ ഖത്തര്‍ രാജകുടുംബവും തുര്‍ക്കി ഭരണത്തലവന്മാരും ഉപയോഗിച്ചതാണ് ഈ വിമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഡംബരത്തിന്റെ എല്ലാ മാനദണ്ഡങ്ങളും മീറ്റ് ചെയ്യുന്ന ഒരു ചെറിയ കൊട്ടാരം തന്നെയാണെന്നാണ് ഇതേക്കുറിച്ച് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.
13 വര്‍ഷം പഴക്കമുള്ള ജംബോ ജെറ്റ് ആവശ്യമായ നവീകരണങ്ങള്‍ക്കുശേഷമായിരിക്കും യു.എസ് പ്രസിഡന്റിന്റെ ഉപയോഗത്തിനായി കൈമാറുക. പ്രസിഡന്റിന്റെ വിമാനത്തിന് ആവശ്യമായ സൈനിക-സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്ന തരത്തിലായിരിക്കും വിമാനത്തിന്റെ നവീകരണം നടക്കുക. മിസൈല്‍-ആണവ ആക്രമണങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള സുരക്ഷാസന്നാഹങ്ങളാണു വിമാനത്തിലുണ്ടാകുക. യു.എസ് ഏവിയേഷന്‍ കമ്പനിയായ 'എല്‍3 ഹാരിസി'നെ കരാര്‍ ഏല്‍പ്പിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തിനകം നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പ്രതിരോധ വകുപ്പിനു കൈമാറും.
വിമാനം ഖത്തറില്‍നിന്നു സ്വീകരിക്കുന്ന വിവരം ട്രംപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 40 വര്‍ഷത്തോളം പഴക്കമുള്ള എയര്‍ ഫോഴ്‌സ് വണിനു പകരം താല്‍ക്കാലിക ഉപയോഗത്തിനായാണു പ്രതിരോധ മന്ത്രാലയം വിമാനം സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. തീര്‍ത്തും സുതാര്യമായും പരസ്യമായുമുള്ള ഇടപാടാണിതെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കുന്നുണ്ട്. ഇതേച്ചൊല്ലി ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളെ പരിഹസിക്കാനും ട്രംപ് മറന്നിട്ടില്ല.
പൂര്‍ണമായും നിയമവും ഭരണഘടനാ തത്വങ്ങളും പാലിച്ചാണ് വിമാനം സ്വീകരിക്കുന്നതെന്നാണ് യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും വൈറ്റ് ഹൗസ് കൗണ്‍സല്‍ ഡേവിഡ് വാറിങ്ടണും വ്യക്തമാക്കിയത്. സമ്പൂര്‍ണമായ സുതാര്യതയുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈന്‍ ലീവിറ്റും പ്രതികരിച്ചു.
യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് 'എയര്‍ ഫോഴ്‌സ് വണ്‍' ജെറ്റ്. നിലവില്‍ എയര്‍ ഫോഴ്‌സ് വണിനു കീഴിലുള്ള രണ്ട് ബോയിങ് വിമാനങ്ങള്‍ക്കും 35ലേറെ വര്‍ഷത്തോളം പഴക്കമുണ്ട്. ഒന്നാം ട്രംപ് ഭരണത്തിലാണ് ഈ വിമാനങ്ങള്‍ മാറ്റണമെന്ന തീരുമാനമെടുക്കുന്നത്. പുതിയ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ 2018ല്‍ ബോയിങ് കമ്പനിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിമാനത്തിന്റെ കാര്യത്തില്‍ ഇതുവരെയും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
നേരത്തെ നിശ്ചയിച്ചിരുന്ന ബജറ്റും കടന്നാണ് നിര്‍മാണം മുന്നോട്ടുപോകുന്നത്. വിമാനം പൂര്‍ണ സജ്ജമാകാന്‍ സമയമെടുക്കുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ആവശ്യമായ ഫണ്ട് അനുവദിച്ചാലും ബോയിങ് വിമാനങ്ങള്‍ പൂര്‍ണ സജ്ജമാകാന്‍ 2029 എങ്കിലുമാകും. അപ്പോഴേക്കും ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുകയും ചെയ്യും.
ഇതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജനുവരിയില്‍ ഭരണമേറ്റതിനു പിന്നാലെ ബോയിങ്ങുമായി സംസാരിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ ഇലോണ്‍ മസ്‌കിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, മസ്‌ക് ദൗത്യം ഏറ്റെടുത്തിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. പരമാവധി 2027 എങ്കിലും ആകും പുതിയ വിമാനങ്ങള്‍ പൂര്‍ണസജ്ജമാകാനെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഇതോടെയാണ് ഖത്തര്‍ വിമാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്നാണു വിവരം.
Summary: 'Flying Palace' in the sky; Donald Trump to fly in Qatar's 'Boeing 747-8' jumbo jet