ഗസ്സയും ഇറാനും പ്രധാന ചർച്ചാ വിഷയം; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ സൗദിയിൽ

ഫലസ്തീനെ അംഗീകരിക്കുമോയെന്ന് കാത്ത് ലോകം

Update: 2025-05-12 14:18 GMT
Advertising

റിയാദ്: ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ ചർച്ചചെയ്യാനും പ്രഖ്യാപനങ്ങളും നടത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ സൗദിയിലെത്തും. ബുധനാഴ്ച ഗൾഫ് രാഷ്ട്ര നേതാക്കൾ സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഗസ്സയിലെ വെടിനിർത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും. നെതന്യാഹുവുമായുള്ള ഭിന്നതകൾക്കിടെയാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ട്രംപിന്റെ സൗദി സന്ദർശനത്തിലുണ്ടാകും. ഇറാൻ, സിറിയ വിഷയങ്ങളിലെ നിലപാടും സൗദിയുമായുള്ള വൻകിട ആയുധ ഇടപാടുകളും ട്രംപ് പ്രഖ്യാപിച്ചേക്കും.

നാളെ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് മറ്റന്നാൾ നടക്കുന്ന ഗൾഫ് ഉച്ചകോടിയിലും പങ്കെടുക്കും. ഫലസ്തീൻ പ്രസിഡന്റും ഇതിനായി റിയാദിലെത്തുന്നുണ്ട്. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി യുഎസുമായുള്ള ചർച്ചക്ക് പിന്നാലെ അവശേഷിക്കുന്ന ഏക യുഎസ് ബന്ദിയെ വിട്ടയക്കാൻ ഹമാസ് തീരുമാനിച്ചിരുന്നു. ഇതിനാൽ ഫലസ്തീന്റെ തുടർഭരണവും ഗസ്സയിലെ വെടിനിർത്തലും സംബന്ധിച്ച് നിർണായക പ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് ലോകം.

ഫലസ്തീനെ യുഎസ് അംഗീകരിക്കുന്ന നീക്കം നടന്നാൽ ഇസ്രായേലുമായി കൂടുതൽ ഗൾഫ് രാഷ്ട്രങ്ങൾ കൈ കൊടുക്കും. ഫലസ്തീൻ അനുകൂല നീക്കമുണ്ടായാൽ ഗസ്സയുടെ പുനർനിർമാണം സംബന്ധിച്ചും തുടർ ചർച്ചകൾ നടക്കും. ഫലസ്തീനെ രാഷ്ട്രമായി യുഎസ് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അത് ഉടനെ ഉണ്ടാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഗൾഫ് രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വെടിനിർത്തൽ സംഭവിക്കാത്തതിലുള്ള ട്രംപിന്റെ അമർഷം ദൂതൻ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്.

ഇറാനുമായുള്ള ചർച്ചകളും ഹൂതികളുമായുള്ള വെടിനിർത്തലും യുഎസ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്യും. ഭരണമാറ്റത്തിന് ശേഷം സിറിയക്ക് മേലുള്ള ഉപരോധം നീക്കാൻ അറബ് രാജ്യങ്ങൾ ട്രംപിനോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. നൂറ് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ യുഎസിൽ നിന്ന് വാങ്ങാനുള്ള കരാറും ട്രില്യൺ ഡോളറിന്റെ യുഎസ് നിക്ഷേപവും സൗദി ട്രംപുമായി ഒപ്പുവെക്കും. പകരമായി സൗദിക്ക് ആണവ സഹകരണവും യുഎസ് വാഗ്ദാനം ചെയ്യുന്നു. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാതെ തന്നെ സൗദിക്ക് ആയുധങ്ങൾ നൽകാൻ തീരുമാനിച്ചത് യുഎസ് നയത്തിലെ മാറ്റമാണ്. ട്രംപിന്റെ സന്ദർശനം നേരിട്ട് റിപ്പോർട്ട് ചെയ്യാൻ മീഡിയവണിന് അനുമതിയുണ്ട്. സന്ദർശനം നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അനുമതിയുള്ള ഏക ഇന്ത്യൻ ചാനൽ മീഡിയവണാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News