ഇസ്രായേലിനെതിരെ യൂറോപ്യന്‍ യൂനിയന്‍; വ്യാപാര കരാര്‍ റദ്ദാക്കാന്‍ നീക്കം
ഗസ്സ യുദ്ധം തടയാന്‍ കഴിഞ്ഞില്ലെന്ന നിരാശ അംഗരാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണെന്ന് ഇ.യു ഫോറീന്‍ പോളിസി തലവന്‍ കാജാ കല്ലാസ്
ബ്രസല്‍സ്: ഗസ്സയില്‍ കൂട്ടക്കുരുതിയും വംശഹത്യയും തുടരുന്ന ഇസ്രായേലിനു തിരിച്ചടിയാകുന്ന സുപ്രധാനമായൊരു വാര്‍ത്തയാണ് യൂറോപ്പില്‍നിന്നു വരുന്നത്. ഇസ്രായേലുമായുള്ള വ്യാപാര കരാറില്‍നിന്ന് യൂറോപ്യന്‍ യൂനിയന്‍ പിന്‍വാങ്ങിയേക്കുമെന്നാണു പുതിയ റിപ്പോര്‍ട്ട്. വ്യാപാര കരാര്‍ റദ്ദാക്കുന്നത് ആലോചിക്കാനായി ഈ മാസം അവസാനത്തില്‍ ഇ.യു അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരുമെന്നാണ് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗസ്സ യുദ്ധം ചൂണ്ടിക്കാട്ടിയാണു പുതിയ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ ഇസ്രായേല്‍ നിരന്തരമായി തടയുന്നതു കാരണം മുനമ്പില്‍ യുദ്ധകാലത്ത് പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള സന്നദ്ധ സംഘമായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ആയിരുന്നു ഈ സൗജന്യ ഭക്ഷണ കേന്ദ്രം നടത്തിയിരുന്നത്. ദിവസം 1,33,000 ഭക്ഷണപ്പൊതികള്‍ കേന്ദ്രത്തിലൂടെ വിതരണം ചെയ്തിരുന്നു. എന്നാല്‍, ഇസ്രായേലിന്റെ കടുത്ത ഉപരോധം കാരണം ഭക്ഷണസാധനങ്ങളൊന്നും ഗസ്സയിലേക്ക് എത്തുന്നില്ല. ഇതുമൂലം കിച്ചണ്‍ അടച്ചിടേണ്ടിവന്നിരിക്കുകയാണെന്നാണ് സന്നദ്ധ സംഘം അറിയിച്ചത്.
അതിനിടെ, ഗസ്സയില്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കാനാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം. ഒന്നര വര്‍ഷത്തിനിടെ ഗസ്സ സമ്പൂര്‍ണമായി തകര്‍ക്കുമെന്നാണ് ഇസ്രായേല്‍ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെലസേല്‍ സ്‌മോട്രിച്ച് വ്യക്തമാക്കിയത്. മേഖലയിലുള്ള ജനങ്ങളെ മുഴുവന്‍ ഒരു ഇടുങ്ങിയ ഭൂപ്രദേശത്തേക്കു മാറ്റും. ഹമാസിന്റെ പ്രവര്‍ത്തനം സമ്പൂര്‍ണമായി നിഷ്‌ക്രിയമാകുന്ന അവസ്ഥ വരുമെന്നും സ്‌മോട്രിച്ച് വെളിപ്പെടുത്തിയിരുന്നു.
യുദ്ധം തടയാനോ അവസാനിപ്പിക്കാനോ കഴിഞ്ഞില്ലെന്ന നിരാശ അംഗരാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണെന്നാണ് ഇ.യു ഫോറീന്‍ പോളിസി തലവന്‍ കാജാ കല്ലാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം പോളണ്ടില്‍ ഇ.യു വിദേശകാര്യ മന്ത്രിമാരുടെ ഒരു അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് കല്ലാസ് നിലപാട് വ്യക്തമാക്കിയത്. മേയ് 20ന് മന്ത്രിമാരുടെ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
രണ്ടര പതിറ്റാണ്ടായി ഉറ്റ വ്യാപാര പങ്കാളികളാണ് യൂറോപ്യന്‍ യൂനിയനും ഇസ്രായേലും. 2000ല്‍ ഇ.യുവിന്റെ അസോസിയേഷന്‍ ഉടമ്പടി പ്രകാരമാണ് ഇരുകക്ഷികളും തമ്മിലുള്ള വ്യാപാര കരാര്‍ നിലവില്‍ വന്നത്. എന്നാല്‍, മനുഷ്യാവകാശങ്ങളും ജനാധിപത്യ തത്വങ്ങളും മാനിച്ചു മാത്രമേ പരസ്പര ബന്ധം പാടുള്ളൂവെന്ന് അസോസിയേഷന്‍ ഉടമ്പടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണിപ്പോള്‍ ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇ.യു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതോടെ കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ വ്യാപാരബന്ധം തുടരാനാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
നെതര്‍ലന്‍ഡ്‌സ് ഭരണകൂടമാണ് ഇസ്രായേലുമായുള്ള വ്യാപാര കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഇ.യു രാജ്യങ്ങളിലൊന്ന്. യുദ്ധം കടുപ്പിക്കാനും മാനുഷിക സഹായങ്ങള്‍ നിരന്തരമായി തടയാനുമുള്ള ഇസ്രായേല്‍ തീരുമാനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തേണ്ട സമയമാണിതെന്നാണ് ഡച്ച് വിദേശകാര്യ മന്ത്രി കാസ്പര്‍ വെല്‍ഡ്കാംപ് പറഞ്ഞത്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇതേ വികാരം തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാനവിക പരീക്ഷയില്‍ ലോകം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഗസ്സ ആക്രമണം സൂചിപ്പിച്ച് സ്ലോവേനിയന്‍ വിദേശകാര്യ മന്ത്രി തഞ്ച ഫജോണ്‍ പറഞ്ഞത്. അന്താരാഷ്ട്ര-മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ട് കൂടുതല്‍ ഗൗരവത്തോടെ നമ്മള്‍ ഇടപെടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഗസ്സയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനെതിരെ യൂറോപ്പിന്റെ ശബ്ദം ഏറ്റവും ശക്തമായി ഉയരേണ്ട സമയമാണിതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. ഗസ്സയില്‍നിന്നു ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടെങ്കിലും ഇസ്രായേലിനോടുള്ള പ്രതികരണം ഏതുരീതിയിലാകണമെന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നാണ് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസ്ട്രിയയും ജര്‍മനിയും ഹംഗറിയുമെല്ലാം രാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളാണ്. അതേസമയം, അയര്‍ലന്‍ഡും സ്‌പെയിനും സ്ലോവേനിയയും ഫലസ്തീന് ഉറച്ച പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മേയ് 20നു നടക്കുന്ന യോഗത്തിലെ അന്തിമ തീരുമാനം എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല.
Summary: EU to review trade ties with Israel over Gaza war