കടലിനടിയിൽ ഒരു പൊട്ടിത്തെറി ഉടൻ ! മനുഷ്യർക്ക് ഭീഷണിയില്ല
2015ൽ ആക്‌സ്യൽ സീമൗണ്ട് പൊട്ടിത്തെറിച്ചപ്പോൾ 450 അടി കനത്തിലാണ് ലാവ പുറത്തേക്കൊഴുകിയത്
ഭൂമിയിലെ പോലെ തന്നെ കടലിനടയിലും വമ്പൻ അഗ്നിപർവതങ്ങളുണ്ടെന്ന് വായിച്ചിട്ടുണ്ടാകുമല്ലോ.. അനേകം കിലോമീറ്ററുകൾ ഉയരമുള്ള അഗ്നിപർവതങ്ങൾ വരെ കടലിനടിയിൽ ഉള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്തിന് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമുള്ളത് പോലും കടലിനടിയിലാണ്.
ഇത്തരത്തിൽ അമേരിക്കയിലെ ഒറിഗോൺ എന്ന തീരപ്രദേശത്തിന് അടുത്ത് കടലിനടിയിൽ സ്ഥിതി ചെയ്യുന്ന ഒരു അഗ്നിപർവതമാണ് ആക്‌സ്യൽ സീമൗണ്ട്. ഒറിഗോൺ കോസ്റ്റിൽ നിന്ന് 300 മൈൽ അകലെ, 5000 അടി താഴ്ചയിലാണ് ഇതിന്റെ നില്പ്. ഏകദേശം 3,600 അടി ഉയരവുമുണ്ട്- എന്ന് വെച്ചാൽ ഒരു കിലോമീറ്ററിലധികം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആക്‌സ്യൽ മൗണ്ടിനെ നിരീക്ഷിച്ച് വരികയായിരുന്നു ശാസ്ത്രജ്ഞർ. ശരിക്ക് പറഞ്ഞാൽ കുറച്ച് വർഷങ്ങളല്ല, പതിറ്റാണ്ടുകൾ. കാരണം വേറൊന്നുമല്ല, ഈ അഗ്നിപർവതം ചെറുതായി ഒന്ന് വലുതാവാൻ തുടങ്ങിയിരുന്നു. തന്നെയുമല്ല, ആക്‌സ്യൽ മൗണ്ടിന്റെ സ്വാധീനം മൂലം ചെറുതും വലുതുമായ ഭൂമികുലുക്കങ്ങളും വർധിക്കുന്നു. ഇതൊക്കെ കൊണ്ട് തന്നെ ആക്‌സ്യൽ മൗണ്ടിനെ കാര്യമായി പഠനവിധേയമാക്കി ശാസ്ത്രജ്ഞർ. ഒടുവിൽ വർഷങ്ങൾക്കിപ്പുറം അവരെത്തിയത് ഞെട്ടിക്കുന്ന ഒരു നിഗമനത്തിലേക്കായിരുന്നു.
ആക്‌സ്യൽ സീമൗണ്ട് ഉടൻ തന്നെ പൊട്ടിത്തെറിക്കും എന്നതായിരുന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയ ആ കാര്യം.. ഉടനെ എന്നാൽ 2025 അവസാനിക്കും മുമ്പ്. ചിലപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ. എപ്പോൾ വേണമെങ്കിലും ആ പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നാണ് ഒറിഗോൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വോൾക്കാനോളജിസ്റ്റും ഗവേഷകനുമായ ബിൽ ചാഡ്വിക് പറയുന്നത്. സെൻസറുകളുടെ ഒരു നെറ്റ് വർക്ക് തന്നെ ആക്‌സ്യൽ സീമൗണ്ടിന്റെ പരിസരത്ത് സെറ്റ് ചെയ്താണ് ചാഡ്വികും സംഘവും ഈ നിഗമനത്തിലേക്കെത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആക്‌സ്യലിന്റെ ഉള്ളിൽ എന്തോ ഉരുണ്ടുകൂടുന്നതിന്റെ സൂചനകൾ ഈ സെൻസറുകൾ എത്തിച്ചിരുന്നു. അഗ്നിപർവതത്തിന്റെ ഉള്ളിൽ മാഗ്മ ഉരുണ്ടുകൂടുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളായിരുന്നു അത്. മാർച്ച് അവസാനവും ഏപ്രിൽ ആദ്യവുമായി ഒറിഗോണിലും പരിസരപ്രദേശങ്ങളിലും ചെറുതും വലുതുമായ 1000ത്തോളം ഭൂമികുലുക്കങ്ങളും രേഖപ്പെടുത്തിയതോടെ ഇവർ അക്കാര്യം ഉറപ്പിച്ചു- ആക്‌സ്യൽ സീമൗണ്ട് ഉടൻ തന്നെ പൊട്ടിത്തെറിക്കും.
ഭൂമിയുടെ പുറംതോട് നിർമിച്ചിരിക്കുന്നത് ടെക്ടോണിക് പ്ലേറ്റുകൾ കൊണ്ടാണെന്ന് അറിയാമല്ലോ. ഇവ അകലുമ്പോഴോ ഒന്ന് മറ്റൊന്നിനോട് ഇടിച്ചു കയറുമ്പോഴോ ഒക്കെ ഭൂമിയുടെ അകക്കാമ്പിന് പുറത്തുള്ള മാന്റിൽ ഉരുകാൻ തുടങ്ങും. ഇങ്ങനെ മാന്റിൽ ഉരുകി ഉണ്ടാകുന്നതാണ് മാഗ്മ. ഒരു തരത്തിൽ പറഞ്ഞാൽ പാറ ഉരുകിയുണ്ടാകുന്ന ദ്രാവകം. ഇങ്ങനെ വർഷങ്ങളോളമെടുത്ത് ഉണ്ടാകുന്ന മാഗ്മ, പുറത്തേക്ക് വരാൻ സമ്മർദം ചെലുത്തപ്പെടുമ്പോഴാണ് അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുന്നത്.
യുഎസിലെ ഹവായിയിലൊക്കെ കാണുന്ന തരത്തിൽ, ദ്രവ്യം കൂടിയ ലാവ പുറപ്പെടുവിക്കുന്ന അഗ്നിപർവതമാണ് ആക്‌സ്യൽ സീമൗണ്ട്. ഒരു പൊട്ടിത്തെറി നടന്ന് കുറച്ച് കഴിഞ്ഞാവും പിന്നെയും പൊട്ടിത്തെറിക്കുക. തുടരെ അങ്ങനെ കുറച്ച് സമയം പൊട്ടിത്തെറികളുണ്ടാകും.
മറ്റ് അഗ്നിപർവത സ്‌ഫോടനങ്ങൾ പോലെ മനുഷ്യർക്ക് അത്ര കേടുപാടുകൾ ഉണ്ടാക്കില്ല കടലിനടിയിലെ പൊട്ടിത്തെറികൾ. ഈ പൊട്ടിത്തെറികൾ നടക്കുന്ന കടൽമേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ പോലും ഇവ അറിയണം എന്നുമില്ല. ആക്‌സ്യൽ മൗണ്ടിന്റെ കാര്യത്തിലാണെങ്കിൽ തീരത്ത് നിന്ന് മൈലുകൾ അകലെയാണ് ഇതുള്ളത്. സമുദ്രതലപ്പിൽ നിന്ന് മൈലുകളോളം താഴ്ചയിലും. അതുകൊണ്ട് തന്നെ മനുഷ്യർക്ക് ഈ പൊട്ടിത്തെറി ഉപദ്രവമൊന്നുമുണ്ടാക്കില്ല. പക്ഷേ കടലിനടിയിലെ പൊട്ടിത്തെറികളിൽ ഏറ്റവും വലുത് തന്നെയാകും അത്.
2015ൽ ആക്‌സ്യൽ സീമൗണ്ട് പൊട്ടിത്തെറിച്ചപ്പോൾ 450 അടി കനത്തിലാണ് ലാവ പുറത്തേക്കൊഴുകിയത്. 1998ലും 2011ലും 2015ലുമായി മൂന്ന് തവണ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുണ്ട്. മൂന്ന് തവണയും 100മീറ്ററിലധികം കനത്തിൽ ലാവ പുറത്തേക്ക് പ്രവഹിച്ചിരുന്നു.
ആക്‌സ്യൽ ഉടൻ പൊട്ടിത്തെറിക്കും എന്ന കണ്ടെത്തൽ ശാസ്ത്രലോകത്തിന് ഒരു തരത്തിൽ നേട്ടം തന്നെയാണെന്ന് പറയാം. കാരണം കടലിനടയിലെ ഒരു അഗ്നിപർവത സ്‌ഫോടനം ഇതിന് മുമ്പ് ഇത്ര കൃത്യമായി പ്രവചിച്ചിട്ടില്ല ശാസ്ത്രജ്ഞർ. ആക്‌സ്യൽ സീമൗണ്ടിനെ നിരീക്ഷിക്കാനെടുത്ത മാർഗങ്ങളുപയോഗിച്ച് ഇനി കടലിന് വെളിയിലുള്ള അഗ്നിപർവതങ്ങളെയും നിരീക്ഷിക്കാം എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അതുവഴി അഗ്നിപർവത സ്‌ഫോടനങ്ങളും പ്രവചിക്കാം എന്നിരിക്കെ അത് ഗുണകരമാവുകയേ ഉള്ളൂ എന്ന് പറയുകയാണ് ശാസ്ത്രലോകം.