സഞ്ജുവുമായി പ്രശ്നങ്ങളുണ്ടോ?; മറുപടിയുമായി ദ്രാവിഡ്
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ടീമിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ തള്ളി പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയുള്ള വിഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്കെതിരെയാണ് ദ്രാവിഡ് രംഗത്തെത്തിയത്.
സഞ്ജുവുമായി ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് ദ്രാവിഡ് മറുപടി പറഞ്ഞതിങ്ങനെ:‘‘ഈ പ്രചാരണങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഞാനും സഞ്ജുവും ഒരേ അഭിപ്രായക്കാരാണ്. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹം എല്ലാ തീരുമാനങ്ങളിലും ചർച്ചകളിലും ഭാഗമാണ്. കാര്യമാർ തീരുമാനിച്ച പോലെ വരാത്തപ്പോൾ ചിലപ്പോൾ ഞങ്ങൾ തോൽക്കും, അപ്പോൾ വിമർശനങ്ങൾ ഉയരുകയും ചെയ്യും. പക്ഷേ ഇതുപോലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരെ ഒന്നും പറയാനില്ല. ടീമിനുള്ളിൽ മികച്ച ഐക്യമുണ്ട്. എല്ലാ താരങ്ങളും എടുക്കുന്ന പ്രയത്നത്തിൽ എനിക്ക് സന്തോഷമുണ്ട്’’.
ശനിയാഴ്ച സ്വന്തം തട്ടകത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം മാത്രമുള്ള രാജസ്ഥാന് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.