മുന്നിൽ നിന്നും നയിച്ച് ബട്‍ലർ; ഡൽഹിക്കെതിരെ ഗുജറാത്തിന് ജയം
അഹമ്മദാബാദ്: ഡൽഹി ക്യാപ്പിറ്റൽസിനെ എട്ടുവിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് പോയന്റ് പട്ടികയിൽ ഒന്നാമത്. ആദ്യം ബാറ്റുചെയ്ത ഡൽഹി ഉയർത്തിയ 203 റൺസ് ലക്ഷ്യം ഗുജറാത്ത് 19.2 ഓവറിൽ മറികടന്നു. 54 പന്തിൽ നിന്നും 97 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്‍ലറാണ് ഗുജറാത്തിന് ബലമായത്.
ആദ്യം ബാറ്റുചെയ്ത ഡൽഹിക്കായി ബാറ്റിങ് നിര ഒന്നടങ്കം തിളങ്ങി. ഒരാളും അർധ സെഞ്ച്വറി പിന്നിടാതെയാണ് ഡൽഹി 203 റൺസ് നേടിയത്. അഭിഷേക് പൊരേൽ (18), കരുൺ നായർ (31), കെഎൽ രാഹുൽ (28), അക്സർ പട്ടേൽ (39), ട്രിസ്റ്റൺ സ്റ്റബ്സ് (31), അശുതോഷ് ശർമ (37) എന്നിങ്ങനെയാണ് ഡൽഹി ബാറ്റർമാരുടെ സ്കോറുകൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ശുഭ്മാൻ ഗിലിനെ (7) നഷ്ടപ്പെട്ടെങ്കിലും പിന്നീടെത്തിയ ജോസ് ബട്‍ലറും സായ് സുദർശനും (36) ചേർന്ന് ടീമിനെ എടുത്തുയർത്തുകയായിരുന്നു. തുടർന്ന് ഷെർഫെയ്ൻ റഥർഫോർഡും (43) ബട്‍ലർക്ക് മികച്ച പിന്തുണനൽകി. അവസാന ഓവറിൽ വിജയത്തിനായി 10 റൺസ് വേണ്ട ഗുജറാത്തിനായി മിച്ചൽ സ്റ്റാർക്കിനെ സിക്സറും ബൗണ്ടറിയും പായിച്ച രാഹുൽ തേവാത്തിയയാണ് വിജയമുറപ്പാക്കിയത്.