വിജയത്തിലേക്കുള്ള കില്ലർ പാസുകൾ; റോഡ്രിയെന്ന 'സ്പാനിഷ് എഞ്ചിൻ'

ബാലൻദിഓർ, ചാമ്പ്യൻസ് ലീഗ്, യൂറോകപ്പ് എന്നിവക്കൊപ്പം ലോകകപ്പ് കൂടി സ്വന്തമാക്കുന്ന അപൂർവ്വ താരമെന്ന നേട്ടവും റോഡ്രി സ്വന്തമാക്കി

Update: 2026-07-20 18:06 GMT

 'എല്ലാവരേയും കളിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടർ ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ ധൈര്യവും വിശ്വാസവും അവനിലാണ്'. വർഷങ്ങൾക്ക് മുൻപ് റോഡ്രിയെ കുറിച്ച് സ്‌പെയിൻ പരിശീലകൻ ലൂയിസ് ഡെലഫ്യുവന്റെ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. യൂറോ കപ്പിന് പിന്നാലെ വിശ്വകിരീടവും ചൂടി സ്‌പെയിൻ അജയ്യരായി കുതിക്കുമ്പോൾ ആ വാക്കുകൾ വീണ്ടും ഫുട്‌ബോൾ സർക്കിളുകളിൽ ചർച്ചയാകുകയാണ്. 910 മാജിക്കൽ ടച്ചുകൾ.. പൂർത്തിയാക്കിയത് 756 പാസുകൾ. ഫൈനൽ തേർഡിൽ കൂടുതൽ പാസ് നൽകിയവരിലും മറ്റേതൊരു താരത്തേക്കാളും ബഹുദൂരം മുന്നിൽ. ലോകകപ്പിലുടനീളം നടത്തിയത് 26 ടാക്ലിങുകൾ. 2026 ലോകകപ്പിന്  തിരിശീല വീഴുമ്പോൾ തിളക്കം നഷ്ടപ്പെടതാത്ത നക്ഷത്രമായി ലാ റോഹ കൂട്ടത്തിൽ അയാൾ ഉദിച്ചുനിൽക്കുകയാണ്

Advertising
Advertising

  റോഡ്രി എന്ന റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ... മാഡ്രിഡിലാണ് ജനിച്ചതെങ്കിലും അയാൾ കളിക്കുന്നത് റയൽ മാഡ്രിഡിനു വേണ്ടിയല്ല. ബാഴ്‌സലോണയ്ക്ക് വേണ്ടിയും കരിയറിൽ ഇതുവരെ ബൂട്ടുകെട്ടിയിട്ടില്ല. എന്നാൽ സ്‌പെയിൻ ചെങ്കുപ്പായത്തിൽ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ പന്തുതട്ടുമ്പോൾ ആരാധകരിൽ ആവേശം പാരമ്യത്തിലെത്തും. റയലിനും ബാഴ്‌സക്കും പുറത്ത് ഗ്യാലറിയിൽ നിന്ന് ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു സ്പാനിഷ് താരമുണ്ടായേക്കില്ല. ജെഡ് മുള്ളർ, ഫ്രാൻക് ബെക്കൻബർ, സിനദിൻ സിദാൻ... ലോക ഫുട്‌ബോളിനെ അടക്കിഭരിച്ച ഇതിഹാസ താരങ്ങൾ. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്റീനയെ വീഴ്ത്തി സ്പാനിഷ് പട മോഹകപ്പിൽ മുത്തമിടുമ്പോൾ, ഇവർക്കൊപ്പം ഒരു അപൂർവ്വ പട്ടികയിലാണ് റോഡ്രി ഇടംപിടിച്ചത്. ചാമ്പ്യൻസ് ലീഗും ബാലൻദിഓറും യൂറോയും ലോകകപ്പും നേടുന്ന നാലാമത്തെ താരം. 

സ്റ്റാർട്ടിങ് വിസിൽ മുതൽ അവസാന ഷോട്ടുവരെയും പിഴക്കാത്ത ചുവടുകളുമായി അന്നും ഇന്നും സ്‌പെയിനിന്റെ വിശ്വസ്ത പോരാളിയായി അയാൾ കളത്തിലുണ്ടാകും. പ്രീക്വാർട്ടറിൽ പോർച്ചുഗലിനെതിരെയും സെമിയിൽ ഫ്രാൻസിനെതിരെയും കലാശപ്പോരിൽ  അർജന്റീനക്കെതിരെയും ആരാധകർ കൺനിറയെ കണ്ടത് ആ പ്രൈം റോഡ്രിയെയായിരുന്നു. സ്‌പെയിൻ സുന്ദര ഫുട്‌ബോളിന്റെ ചാലകശക്തി. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരേസമയം റോഡ്രിയെ കാണാം. ഒരുപക്ഷെ അയാളുടെ കളി മാത്രം വീക്ഷിച്ചാൽ നിങ്ങൾക്ക് ആ മത്സരം പൂർണമായി കാണാനാകും. സ്‌പെയിൻ അറ്റാക്കിങ് ഫുട്‌ബോളിന്റെ ബാലൻസിങും ഈ താരത്തിന്റെ പ്രകടനത്തെ ചുറ്റിപ്പറ്റിയാണെന്ന് നിസംശയം പറയാം. എന്തുകൊണ്ട് റോഡ്രിയ്ക്ക് ഗോൾഡൻബോൾ നൽകി...  മെസ്സിക്ക് മുകളിൽ അയാളെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തതിന്റെ കാരണം തേടുന്നവർക്ക് ഈ ലോകകപ്പിലെ ഓരോ മത്സരവും ഉദാഹരണമായി കൺമുന്നിലുണ്ട്. 

  എസിഎൽ ഇഞ്ചുറിയിൽ നിന്ന് മോചിതനായി മാഞ്ചസ്റ്റർ സിറ്റിക്കായി  കളത്തിലിറങ്ങിയ റോഡ്രിക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പ്രീമിയർ ലീഗിൽ താളംകണ്ടെത്താൻ പാടുപെടുന്ന 30 കാരൻ പ്രതിഭയുടെ നിഴൽമാത്രമായിരുന്നു. റോഡ്രിയുടെ കാലം അവസാനിച്ചെന്ന് പലരും വിധിയെഴുതി. സിറ്റിയിൽ നിന്ന് താരം പുറത്തേക്കെന്ന വാർത്തകളും പ്രചരിച്ചു തുടങ്ങി. എന്നാൽ പെപ് ഗ്വാർഡിയോളയെന്ന പരിശീലകന്  അയാളിലൊരു വിശ്വാസമുണ്ടായിരുന്നു. നിരന്തരം അവസരം നൽകികൊണ്ടേയിരുന്നു.  സിറ്റിക്കൊപ്പം ഭേദപ്പെട്ട സീസൺ പൂർത്തിയാക്കിയ റോഡ്രി പക്ഷെ, സ്‌പെയിനിന്റെ ചെങ്കുപ്പായത്തിലേക്കെത്തിയപ്പോൾ വേറെ ലെവലിലേക്ക് മാറുന്നതാണ് കണ്ടത്. ലൂയിസ് ഡെലഫ്യുവന്ർറെ പ്ലാനിലെ ട്രംപ് കാര്ർഡ്. ടീമിന്റെ എഞ്ചിൻ എന്നതിലുപരി, ചാമ്പ്യൻ മെന്റാലിറ്റിയിലേക്ക് യങ്‌നിരയെ എത്തിക്കുന്നതിൽ റോഡ്രിയുടെ സാന്നിധ്യം നിർണായകമായി.

പരിക്കിന്റെ നിഴലിലും ഗ്രൂപ്പ് ഘട്ടത്തിലടക്കം താരത്തെ മുഴുവൻ സമയവും പരിശീലകൻ കളത്തിലിറക്കി. വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന റോളിൽ തനിക്ക് പകരം മറ്റൊരാളില്ലെന്ന്  വീണ്ടും അടിവരയിടുന്നതാണ് ലോകകപ്പിലുടനീളം റോഡ്രി പുറത്തെടുത്ത ആ പോരാട്ടവീര്യം.  അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് 2019ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ 30 കാരൻ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ പ്രധാന നേട്ടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കിയിരുന്നു.ക്ലബിനൊപ്പം തുടർച്ചയായി 50 മത്സരങ്ങൾ തോൽവിയില്ലാതെ മുന്നേറി അപൂർവ്വനേട്ടവും എഴുതിചേർത്തു. റോഡ്രിയുണ്ടെങ്കിൽ തോൽവിയെ കുറിച്ചുള്ള പേടിയില്ലെന്ന് സാക്ഷാൽ ഗ്വാർഡിയോള പലവട്ടം പറയുകയും ചെയ്തു.

2022 ഖത്തർ ലോകകപ്പിന് ശേഷം വിശ്വസ്ത താരം സെർജിയോ ബുസ്‌കെറ്റ്‌സ് കളി മതിയാക്കുമ്പോൾ സ്പാനിഷ് മിഡ്ഫീൽഡിൽ ശൂന്യത പരന്നിരുന്നു. സുവർണ തലമുറയിലെ അവസാനതാരത്തിന്റേയും വിടവാങ്ങൽ. സാവി ഹെർണാണ്ടസും ഇനിയസ്റ്റയും മടങ്ങിയ ഇടത്ത് ബാഴ്‌സലോണ താരം ബുസ്‌കെറ്റ്‌സായിരുന്നു സ്‌പെയിൻ മധ്യനിരയെ നയിച്ചിരുന്നത്. ആരാകും ബുസ്‌കെറ്റ്‌സിന്റെ പിൻഗാമി. ആ ചോദ്യത്തിന് ഒരുത്തരമേയുയുണ്ടായിരുന്നുള്ളൂ. റോഡ്രി. അതൊരു പെർഫെക്ട് റീപ്ലേയ്‌സ്‌മെന്റായിരുന്നുവെന്ന് ചുരുങ്ങിയകാലംകൊണ്ട് താരം അടയാളപ്പെടുത്തുകയും ചെയ്തു. മധ്യനിരയിൽ കളിമെനയുക മാത്രമല്ല, നിർണായക മത്സരങ്ങളിൽ ഗോളടിച്ചും റോഡ്രി പലകുറി മികവ് തെളിയിച്ചു. ഇഞ്ചുറി കാലം കഴിഞ്ഞ് അയാൾ വീണ്ടും കളത്തിൽ മേധാവിത്വം പുലർത്തുമ്പോൾ സ്‌പെയിനിനൊപ്പം മാഞ്ചസ്റ്റർ സിറ്റിയും  സ്വപ്‌നം കണ്ടുതുടങ്ങി. കൈവിട്ട് പോയ ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ... മറ്റൊരു പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ എതിരാളികൾക്ക് റോഡ്രി കൃത്യമായ സ്‌റ്റേറ്റ്‌മെന്റ് നൽകി കഴിഞ്ഞു. കാത്തിരിക്കാം... ക്ലബ് ഫുട്‌ബോളിലെ റോഡ്രിയുടെ രണ്ടാംവരവിനായി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News