വായപൊത്തി സംസാരിച്ച് കുക്കുറേയ്യ; ചുവപ്പ് കാർഡ് നൽകണമെന്ന് മെസ്സി, റഫറി നിരാകരിക്കാൻ കാരണമിതാണ്
93ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ്കാർഡ് വാങ്ങി മടങ്ങിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ നടന്നത്
ന്യൂയോർക്ക്: അർജന്റീന-സ്‌പെയിൻ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനിടെ നിരവധി നാടകീയ സംഭവങ്ങൾക്കാണ് ഫുട്‌ബോൾ ആരാധകർ സാക്ഷ്യംവഹിച്ചത്. എൻസോ ഫെർണാണ്ടസിന്റെ റെഡ്കാർഡ് മുതൽ മത്സരശേഷമുള്ള കൈയ്യാങ്കളി വരെയായി സംഭവ ബഹുലമായിരുന്നു കലാശപ്പോരാട്ടം. എന്നാൽ ന്യൂയോർക്ക് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ മറ്റൊരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മത്സരത്തിനിടെ ലയണൽ മെസ്സിയോട് മാർക്ക് കുകുറേയ്യ വായപൊത്തി സംസാരിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. 93ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് മഞ്ഞകാർഡ് വാങ്ങി മടങ്ങിയതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. കുക്കുറേയ്യ വായപൊത്തി സംസാരിച്ചെന്ന് കാണിച്ച് മെസ്സി റഫറിയോട് റെഡ് കാർഡ് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാർ പരിശോധന നടത്തിയ മാച്ച് ഒഫീഷ്യൽ താരം മോശം വാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയതോടെ നടപടിയിലേക്ക് കടന്നില്ല.
നിലവിൽ ഫിഫയുടെ പുതിയ നിയമപ്രകാരം വായ പൊത്തി സംസാരിക്കുന്നത് റെഡ്കാർഡ് ലഭിക്കാൻ പര്യാപ്തമായ കാര്യമാണ്. എന്നാൽ കളിക്കളത്തിലെ സാഹചര്യവും പെരുമാറ്റത്തിന്റെ തീവ്രതയും വിലയിരുത്തി മാത്രമാകും തീരുമാനം കൈകൊള്ളുക. സ്ലോവേനിയൻ റഫറിയായ സ്ലാവ്‌കോ വിൻസിച്ച് ഈ സംഭവത്തിൽ കുകുറെല്ലയുടെ ഭാഗത്തുനിന്ന് അത്ര ഗുരുതരമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തിയത്. മാത്രമല്ല, കുക്കുറേയ്യ വായ പൊത്തിപ്പിടിച്ചത് വളരെ കുറഞ്ഞ നിമിഷങ്ങൾ മാത്രമായിരുന്നു. അത് മത്സരത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ള ഒന്നല്ലെന്ന് റഫറിക്ക് ബോധ്യപ്പെട്ടതിനാലാണ് കാർഡ് നൽകാതിരുന്നത്.
ഈ സംഭവത്തിൽ മെസ്സി റഫറിയോട് അമിതമായി പരാതിപ്പെട്ടതിനെതിരെ വെയ്ൻ റൂണി, ലീ ഡിക്‌സൺ തുടങ്ങിയ മുൻ ഫുട്‌ബോൾ താരങ്ങളും കമന്റേറ്റർമാരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. മത്സരത്തിൽ അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്‌പെയിൻ 1-0 ന് അർജന്റീനയെ തോൽപ്പിച്ച് ലോകകിരീടം ചൂടിയിരുന്നു