ഗോൾഡൻ ബൂട്ട് റേസ്; എംബാപ്പെയെ മറികടക്കാൻ ഫൈനലിൽ മെസ്സി എത്ര ഗോൾ നേടണം, സാധ്യതകൾ ഇങ്ങനെ
ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനായി ഇരട്ടഗോൾ നേടിയാണ് എംബാപ്പെ മെസ്സിയെ മറികടന്നത്
മിയാമി: ഇംഗ്ലണ്ടിനെതിരായ ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ട് റേസ് പോരാട്ടം ഫൈനലിലേക്ക്. ലയണൽ മെസ്സി ലോക കിരീടത്തിൽ മുത്തമിടുന്നതോടൊപ്പം ഗോൾഡൻ ബൂട്ട് സ്വന്തമാക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നിലവിൽ 10 ഗോളുമായി എംബാപ്പെ ലോകകപ്പ് ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. എട്ട് ഗോളുമായി മെസ്സി രണ്ടാമതും. സ്‌പെയിനെതിരായ ഫൈനലിൽ ഹാട്രിക് നേടിയാൽ മെസ്സിക്ക് 11 ഗോളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനാകും.
മെസ്സി ഫൈനലിൽ രണ്ട് ഗോളുകളാണ് നേടുന്നതെങ്കിലും സുവർണപാദുകത്തിനുള്ള സാധ്യത നിലനിൽക്കും. എന്നാൽ മത്സരത്തിന്റെ 57 മിനിറ്റിനുള്ളിൽ ഗോൾ നേടണമെന്നതാണ് പ്രധാന കടമ്പ. രണ്ട് ഗോളിനൊപ്പം ഒരു അസിസ്റ്റ് കൂടി മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറന്നാൽ സമയത്തിന്റെ സാധ്യത നോക്കാതെ ഗോൾഡൻ ബൂട്ടിലേക്കെത്താനുമാകും. ഗോൾനേട്ടത്തിൽ മെസ്സിയും എംബാപ്പെയും മുന്നിലെത്തിയാൽ പിന്നീട് പരിഗണിക്കുന്ന ഘടകം അസിസ്റ്റായിരിക്കും. അസിസ്റ്റുകളും തുല്യമായാൽ കുറഞ്ഞ മത്സര ദൈർഘ്യമാകും ഡിസിഷനിലേക്ക് എത്തിക്കുക. നിലവിൽ എംബാപ്പെയ്ക്ക് 4 അസിസ്റ്റുകളുണ്ട്. അതിനാൽ മെസ്സിക്ക് 2 ഗോളുകൾ മാത്രം നേടി എംബാപ്പെയെ മറികടക്കണമെങ്കിൽ ഫൈനലിൽ ഗോളുകൾക്കൊപ്പം അസിസ്റ്റുകളും നൽകേണ്ടി വരും. ഫൈനലിൽ മെസ്സിക്ക് മുന്നിലുള്ള ഈ കടുത്ത വെല്ലുവിളി മറികടക്കാനാകുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, പത്തുഗോളുകൾ പിറന്ന ലൂസേഴ്‌സ് ഫൈനൽ ത്രില്ലറിൽ ഫ്രാൻസിനെ മറികടന്ന് ഇംഗ്ലണ്ട് മൂന്നാംസ്ഥാനം നേടിയിരുന്നു. 6-4 എന്ന മാർജിനിലാണ് ത്രീലയൺസ് ജയം സ്വന്തമാക്കിയത്. ബുക്കായോ സാക്കെ ഹാട്രിക് (37,45+1,87)സ്വന്തമാക്കിയപ്പോൾ, ഡെക്ലാൻ റൈസ്, എസ്രി കോൺസ, ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. 1966-ൽ ലോകകിരീടം നേടിയ ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിൽ നേടുന്ന ഏറ്റവും മികച്ച നേട്ടമാണിത്. ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിലായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ (48,66) ഫ്രാൻസ് മത്സരത്തിലേക്ക് മടങ്ങിയെത്താൻ ശ്രമം നടത്തിയെങ്കിലും അവസാന മിനിറ്റുകളിൽ ഗോൾ നേടി ഇംഗ്ലണ്ട് കളി പിടിച്ചു. അതേസമയം, മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസ്സിയെ മറികടന്ന് കിലിയൻ എംബാപ്പെ മുന്നിലെത്തി. ഇംഗ്ലണ്ടിനെതിരായ ഇരട്ടഗോൾ നേട്ടത്തിലൂടെ ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടത്തിലും എംബാപ്പെ മുന്നിലെത്തി. ഇതുവരെ 22 ഗോളുകളുമാണ് അദ്ദേഹത്തിന്റെ പോക്കറ്റിലുള്ളത്. ലയണൽ മെസ്സിയാണ് തൊട്ടു പിന്നിൽ.