കാർലോ ആഞ്ചലോട്ടി ബ്രസീൽ കോച്ച്; കാനറികളുടെ ആദ്യ വിദേശ പരിശീലകൻ
റിയോഡി ജനീറോ: ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടി ബ്രസീൽ കോച്ചാകും. നിലവിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുന്ന ആഞ്ചലോട്ടി സീസൺ അവസാനിച്ച ശേഷം ബ്രസീൽ ടീമിനൊപ്പം ചേരും.
മോശം പ്രകടനങ്ങൾക്ക് പിന്നാലെ ബ്രസീൽ കോച്ച് ഡോരിവൽ ജൂനിയറിനെ ബ്രസീൽ ഫുട്ബോൾ അസോസിഷേയൻ നേരത്തേ പുറത്താക്കിയിരുന്നു. സ്ഥാനമേറ്റെടുക്കുന്നതോടെ ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകൻ കൂടിയായി ആഞ്ചലോട്ടി മാറും.
ക്ലബ് ഫുട്ബോളിലെ ഐതിഹാസിക പരിശീലകരിൽ ഒരാളാണ് ആഞ്ചലോട്ടി. യുവന്റസ്, എസിമിലാൻ, ചെൽസി, പിഎസ്ജി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, നാപ്പോളി, എവർട്ടൺ അടക്കമുള്ള യൂറോപ്പിലെ മുൻ നിര ക്ലബുകളെ പരിശീലിപ്പിച്ച പരിചയത്തിലാണ് ആഞ്ചലോട്ടി ബ്രസീൽ പരിശീലകനാകുന്നത്. ഇറ്റാലിയൻ സെരിഎ, സ്പാനിഷ് ലാലിഗ, ഇംഗ്ലീഷ് പ്രീമിയർ, യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള എണ്ണമറ്റ കിരീട നേട്ടങ്ങൾ ആഞ്ചലോട്ടിയുടെ പേരിലുണ്ട്.
65കാരനായ ആഞ്ചലോട്ടിയുമായി റയൽ 2026വരെ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് മാഡ്രിഡ് വിടുന്നത്. മുൻ റയൽ താരം കൂടിയായ സാബി അലോൺസോയാണ് ആഞ്ചലോട്ടിയുടെ പകരക്കാരൻ.
‘‘രണ്ട് ഐക്കണുകൾ ഒരുമിക്കുന്ന അവിസ്മരണീയ നിമിഷമാണിത്. അഞ്ചുതവണ ഫിഫ ലോകകപ്പ് ജേതാക്കളായവരും യൂറോപ്പിലെ സമാനതകളില്ലാത്ത റെക്കോർഡിന് ഉടമയായ മാനേജറും ഒരുമിക്കുന്നു’’- ബ്രസീൽ ഫു്ടബോൾ ഫെഡറേഷൻ പ്രതികരിച്ചു.