വെടിനിർത്താതെ ബാഴ്സ; സീസണിലെ നാലാം എൽ ക്ലാസികോയിലും റയലിന് കണ്ണീർ

Update: 2025-05-11 16:54 GMT
Editor : safvan rashid | By : Sports Desk
Advertising

മാഡ്രിഡ്: സീസണിലെ തുടർച്ചയായ നാലാം എൽക്ലാസികോയിലും റയൽ മാഡ്രിഡിന് കണ്ണീർ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. റയലിനായി കിലിഎൻ എംബാപ്പെ ഹാട്രിക് നേടിയെങ്കിലും വിഫലമായി. വിജയത്തോടെ 35 മത്സരങ്ങളിൽ നിന്നും 82 പോയന്റുമായി ബാഴ്സ ലാലിഗ കിരീടത്തോടടുത്തു. 75 പോയന്റാണ് റയലിന്റെ സമ്പാദ്യം.

റയൽ ആഗ്രഹിച്ച പോലെയാണ് മത്സരം തുടങ്ങിയത്. അഞ്ചാം മിനുറ്റിൽ തന്നെ കിലിയൻ എംബാപ്പെയുടെ പെനൽറ്റി ഗോളിൽ മുന്നിൽ. 14ാം മിനുറ്റിൽ വീണ്ടും എംബാപ്പെയുടെ കാലുകൾ റയലിന് രക്ഷ​ക്കെത്തി. രണ്ട് ഗോളിന് പിന്നിലായതോടെ ബാഴ്സ ഉണർന്നുകളിച്ചു. തുടർ ആക്രമണങ്ങളിലൂടെ ബാഴ്സ റയലിനെ വട്ടം കറക്കി.

19ാം മിനുറ്റിൽ ഹെഡർ ഗോളിലൂടെ എറിക് ഗാർഷ്യയാണ് ബാഴ്സക്കായി ആദ്യഗോൾകുറിച്ചത്. തൊട്ടുപിന്നാലെ 32ാം മിനുറ്റിൽ അസാധ്യമായ ആംഗിളിൽ നിന്നും തൊടുത്ത ലമീൻ യമാൽ തൊടുത്ത വെടിക്കെട്ട് ഷോട്ടിൽ ബാഴ്സ ഒപ്പമെത്തി. രണ്ട് മിനുറ്റുകൾക്ക് ശേഷം റഫീന്യയുടെ ഗോളിൽ ബാഴ്സ  മുന്നിലേക്ക് കയറി. ആദ്യ പകുതിക്ക് പിരിയാനിരിക്കേ റഫീന്യ വീണ്ടും ബാഴ്സയുടെ ലീഡുയർത്തി.

പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബാഴ്സയായിരുന്നു മുന്നിൽ. ബാഴ്സ 23 കോർണറുകൾ നേടിയപ്പോൾ ഒൻപത് എണ്ണമായിരുന്നു റയൽ നേടിയത്. പക്ഷേ ഹൈഡിഫൻസീവ് ലൈനെന്ന ബാഴ്സ പ്രതിരോധ മുറയെ മുറിച്ചുകയറിയ എംബാപ്പെയും കൂട്ടരും പലകുറി തലവേദന സൃഷ്ടിച്ചു. 70 മിനുറ്റിൽ എംബാപ്പെയുടെ മൂന്നാംഗോളോടെ മത്സരം ഉണർന്നു. ബാഴ്സയുടെ ഓഫ് സൈഡ് ട്രാപ്പിൽ എംബാപ്പെ ഇക്കുറിയും പലകുറി കുരുങ്ങി.

മത്സരത്തിൽ ബാഴ്സ താരം ഫെറൻ ടോറസ് തൊടുത്ത ഷോട്ട് പെനൽറ്റി ബോക്സിൽ വെച്ച് റയൽ പ്രതിരോധ താരം അർലിയൻ ഷുമേനിയുടെ കൈകളി​ൽ കൊണ്ടെങ്കിലും റഫറി വാർ പരിശോധനയിൽ ഹാൻഡ് നൽകാത്തത് വിവാദമായിട്ടുണ്ട്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News