ഗെയിക്‌വാദിന്റെ പകരക്കാരനാകാൻ 17 കാരൻ; നിർണായക നീക്കത്തിനൊരുങ്ങി സിഎസ്‌കെ

നിലവിൽ ആറു മാച്ചിൽ അഞ്ചിലും തോറ്റ ചെന്നൈ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

Update: 2025-04-14 11:18 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചെന്നൈ: പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പുറത്തായ ഋതുരാജ് ഗെയിക്‌വാദിന്റെ പകരക്കാരനായി 17 കാരനെ പരിഗണിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി ഓപ്പണിങ് റോളിൽ കളിക്കുന്ന ആയുഷ് മാത്രെയെയാണ് മുൻ ചാമ്പ്യൻമാർ പരിഗണിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസം മുൻപാണ് കൈമുട്ടിനേറ്റ പരിക്കുമൂലം സീസണിൽ നിന്ന് സിഎസ്‌കെ നായകൻ കൂടിയായ ഗെയിക്വാദ് പുറത്തായത്. തുടർന്ന് മഹേന്ദ്രസിങ് ധോണി ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുകയായിരുന്നു.  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ടീം ദയനീയമായി തോൽക്കുകയും ചെയ്തു.

പകരക്കാരുടെ ലിസ്റ്റിൽ പൃഥ്വി ഷാ, മായങ്ക് അഗർവാൾ തുടങ്ങിയ പേരുകൾ പരിഗണിച്ചിരുന്നെങ്കിലും യുവതാരത്തിനാണ് അവസാനം നറുക്ക് വീണതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഇറാനി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയ ആയുഷ് ഒമ്പത് ഫാസ്റ്റ് ക്ലാസ് മത്സരങ്ങളിൽ രണ്ട് സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഏഴ് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച താരം വിജയ് ഹസാരെ ട്രോഫിയിൽ നാഗാലാന്റിനെതിരെ 181 ഉം സൗരാഷ്ട്രക്കെതിരെ 148 റൺസും അടിച്ചെടുത്തിട്ടുണ്ട്. സീസണിൽ മോശം ഫോമിലൂടെ പോകുന്ന ചെന്നൈ കളിക്കാരുടെ മെല്ലെപോക്കിലും പഴികേട്ടുകൊണ്ടിരിക്കുകയാണ്. ടീമിന്റെ പ്രധാന താരമായ ഗെയിക് വാദിന്റെ പരിക്കും വലിയ തിരിച്ചടിയായി. ഇതോടെ വലിയ പ്രതീക്ഷയോടെയാണ് കൗമാരക്കാരനായ ആയുഷ് മഹാത്രേയെ ടീമിലെത്തിച്ചിരിക്കുന്നത്.

മുംബൈയിലുള്ള 17 കാരൻ ദിവസങ്ങൾക്കുള്ളിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡിനൊപ്പം ചേരുമെന്നാണ് വിവരം. ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയാണ് ടീമിന്റെ മത്സരം. സീസണിൽ ഇതുവരെ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും തോറ്റ സിഎസ്‌കെ നിലവിൽ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. ഐപിഎൽ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തിൽ പേരുണ്ടായിരുന്ന ക്രിക്കറ്ററാണ് ആയുഷ് മഹാത്രേ. എന്നാൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആയുഷിനെ ആരും സ്വന്തമാക്കിയിരുന്നില്ല

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News