ഐപിഎല്ലിലെ എക്‌സ് ഫാക്ടർ; പകരക്കാരില്ലാത്ത ഇതിഹാസ താരങ്ങൾ ഇവർ
ഏത് പ്രതികൂല സാഹചര്യത്തിലും ടീമിന് വിശ്വാസമർപ്പിക്കാവുന്ന താരങ്ങളായിരുന്നു റെയ്‌നയും പൊള്ളാർഡും
സുരേഷ് റെയ്ന... കീറൻ പൊള്ളാർഡ്. ഡേവിഡ് വാർണർ. ഏതു പ്രതികൂല സാഹചര്യത്തിലും കളിയുടെ ഗതിമാറ്റാൻ കെൽപുള്ള എക്സ് ഫാക്ടർ താരങ്ങൾ. ഇന്ത്യൻ പ്രീമിയർലീഗ് പതിനെട്ടാം പതിപ്പിന്റെ ഏഴ് മത്സരങ്ങൾക്ക് പിന്നാലെ ഈ മൂന്ന് ഇതിഹാസങ്ങൾ ഐപിഎൽ സർക്കിളുകളിൽ നിറയുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മധ്യനിരയിലെ വിശ്വസ്തനായിരുന്നു റെയ്നയെങ്കിൽ മുംബൈ ഇന്ത്യൻസിനായി കളി ജയിപ്പിച്ച് മാത്രം ഡഗൗട്ടിലേക്ക് മടങ്ങുന്ന സൂപ്പർ ഫിനിഷറാണ് കീറൻ പൊള്ളാർഡ്. ആംഗർ റോളിൽ ടീമിനെ വലിയ ടോട്ടലിലേക്ക് കെട്ടിപടുക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ നായകൻ ഡേവിഡ് വാർണർ.
ആദ്യ മത്സരങ്ങൾ പിന്നിടുമ്പോൾ ഐപിഎൽ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഈ മൂന്ന് ചാമ്പ്യൻ ടീമുകൾ. പടനയിക്കാനുള്ള ആളും ആയുധവും യഥേഷ്ടമുണ്ടെങ്കിലും ചില മിസിങ് ലിങ്കുകൾ ഇവരുടെ പ്രകടനത്തിൽ നിഴലിക്കുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും ടീമിന് പ്രതീക്ഷയർപ്പിക്കാവുന്നവർ. ഐപിഎല്ലിലെ ഇതിഹാസ താരങ്ങളായ ഇവരുടെ പകരക്കാരെ കണ്ടെത്താൻ ഫ്രാഞ്ചൈസികൾക്കായില്ലെന്നതിന്റെ കൃത്യമായ ഉത്തരം കൂടിയായിരുന്നു സീസണിലെ പോയ മത്സരങ്ങൾ. ക്രിക്കറ്റൊരു വ്യക്തിഗത മത്സരമല്ല, അതൊരു ടീം ഗെയിമാണ്. ഒരാളില്ലെങ്കിൽ മറ്റൊരാൾ ആ റോൾ ഏറ്റെടുക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരു മാച്ചിനേയും ഒറ്റക്ക് വരുതിയിലാക്കാൻ കെൽപുള്ള ചില അമാനുഷിക പ്രകടനങ്ങളാണ് ഇതുവരെയുള്ള ഐപിഎൽ ചരിത്രം സൂചിപ്പിക്കുന്നത്. ഇവരിൽ പ്രധാനികളാണ് റെയ്നയും പൊള്ളാർഡും വാർണറുമെല്ലാം.
ചെന്നൈ സൂപ്പർ കിങ്‌സിനായി മൂന്ന്-നാല് നമ്പറുകളിൽ ക്രീസിലെത്തിയ ഇടംകൈയ്യൻ ബാറ്റർ റെയ്‌ന സ്പിൻ-പേസ് ആക്രമങ്ങളെ ഫലപ്രദമായി നേരിട്ട് കൈവിട്ടെന്ന് കരുതിയ ഒട്ടേറെ മത്സരങ്ങളാണ് ഒപ്പംനിർത്തിയത്. ആംഗർ റോളിൽ ടീമിനെ മുന്നോട്ട്കൊണ്ടുപോകാനും ആവശ്യമെങ്കിൽ റൺറേറ്റ് ഉയർത്തി ആഞ്ഞടിക്കാനും കെൽപുള്ള ക്ലീൻ സ്ട്രൈക്കർ.നിലവിൽ ചെന്നൈ നിരയിലുള്ള വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്കൊന്നും ആ റോൾ കൈകാര്യം ചെയ്യാനാവുന്നില്ലെന്നതാണ് മുൻ ചാമ്പ്യൻമാർ നേരിടുന്ന പ്രധാന പ്രതിസന്ധി. സമീപകാലത്തായി ടീമിന്റെ വിശ്വസ്ത ബാറ്ററായ ഋതുരാജ് ഗെയിക്വാദ് ഔട്ടായാൽ ടീം ഒരറ്റത്തുനിന്ന് പൊളിഞ്ഞുതുടങ്ങുന്ന സ്ഥിതി. 2020ന് ശേഷം 180 റൺസിലധികം ചേസ് ചെയ്ത് സിഎസ്‌കെ ഒറ്റവിജയം പോലും നേടിയിട്ടിലെന്ന യാഥാർത്ഥ്യം മനസിലാകുമ്പോൾ റെയ്നയടക്കമുള്ളവർ ഫ്രാഞ്ചൈസിയിൽ എത്രമാത്രം വിലപിടിപ്പുള്ള താരമായിരുന്നുവെന്ന് വ്യക്തമാകും. 2018 മുതൽ ചെന്നൈക്കൊപ്പമുള്ള റെയ്ന 205 ഐപിഎൽ മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 5528 റൺസാണ് നേടിയത്. 39 അർധ സെഞ്ച്വറികളും ആ ബാറ്റിൽ നിന്ന് പിറന്നു
സിഎസ്‌കെയുടേതിന് സമാനമായ സാഹചര്യത്തിലൂടെയാണ് മുംബൈ ഇന്ത്യൻസും ഈ സീസണിൽ കടന്നുപോകുന്നത്. കീറൻ പൊള്ളാർഡിനെ പോലെയൊരു ഓൾറൗണ്ടറുടെ, ഫിനിഷറുടെ, ചാമ്പ്യൻ പ്ലെയറുടെ അസാന്നിധ്യം ആ സ്‌ക്വാർഡിൽ തെളിഞ്ഞുകാണുന്നു. പോയ സീസൺ മുതൽ എംഐയ്ക്ക് ഫിനിഷിങിൽ പ്രശ്നങ്ങൾ നേരിട്ടെങ്കിലും ഇത്തവണ ഹാർദിക് പാണ്ഡ്യ ഒരുപരിധിവരെ ആ റോളിൽ പ്രതീക്ഷ നൽകുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യൻ ഓൾറൗണ്ടർ ആർസിബിക്കെതിരെ അവസാനംവരെ പോരാട്ടവീര്യം പുറത്തെടുത്തു. എന്നാൽ നായകൻ മടങ്ങിയാൽ ടീമന്റെ പ്രതീക്ഷ അവസാനിക്കുമെന്ന അവസ്ഥ. മികച്ച പിന്തുണയുമായി മറ്റൊരു ബിഗ്ഹിറ്ററുടെ അഭാവം പ്രകടനത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു. തകർത്തടിച്ച് ടീമിന്റെ രക്ഷക റോൾ അണിയുക മാത്രമായിരുന്നില്ല മുംബൈ ടീമിൽ പൊള്ളാർഡ് ചെയ്തിരുന്ന ഡ്യൂട്ടി. നിർണായക സമയങ്ങളിൽ വിക്കറ്റെടുത്തും മികച്ച ഫീൽഡിങിലൂടെ റൺസ് സേവ് ചെയ്തും അയാൾ ടീമിനെ അവിശ്വസിനീയമായ പല വിജയങ്ങളിലേക്കുമെത്തിച്ചു. ഹാർദികിന്റെ മുംബൈയിൽ നഷ്ടമായതും ഇങ്ങനെയൊരു ഫിയർലെസ് ഓൾറൗണ്ടറെയാണ്. 189 മത്സരങ്ങിൽ 3412 റൺസ് നേടിയ കരീബിയൻ താരം ഐപിഎല്ലിൽ 16 അർധ സെഞ്ച്വറികളാണ് നേടിയത്. 69 വിക്കറ്റുകളും സ്വന്തംപേരിലാക്കി.
സൺറൈസേഴ്സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച നായകൻ. ഡേവിഡ് വാർണർ എന്ന ഓസീസുകാരനെ മറന്നുകൊണ്ടൊരു ചരിത്രമെഴുതാൻ എസ്ആർഎച്ചിനാവില്ല. ഓപ്പണറായും നായകനായും ഒരുപാട് സീസണുകളിൽ ടീമിനെ തുടർ വിജയത്തിലേക്ക് നയിച്ച വാർണറിന്റെ വിടവ് ഇന്നും ഓറഞ്ച് പടക്ക് പരിഹരിക്കാനായിട്ടില്ല. പകരമെത്തിച്ച ട്രാവിസ് ഹെഡ് ആദ്യ മത്സരത്തിന് ശേഷം നിരിശപ്പെടുത്തിയതോടെ ടീം ബാലൻസിങ്പോലും നഷ്ടമായി. 2014 മുതൽ എസ്ആർഎച്ചിനൊപ്പമുള്ള ഓസീസ് ഓപ്പണർ ഓരോ സീസണിലും 500ന് മുകളിൽ സ്‌കോർ ചെയ്ത് ടീമിന്റെ വിശ്വസ്തനായ ബാറ്ററായി. ഹൈദരാബാദ് കിരീടം നേടിയ 2016 സീസണിൽ ഒൻപത് അർധ സെഞ്ച്വറിയടക്കം 848 റൺസുമായി ഹീറോയയതും വാർണറായിരുന്നു. തുടരെ ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിലും ഓസീസ് താരത്തിന്റെ ബാറ്റിങും നായകവിമകവും സുപ്രധാനമായിരുന്നു. നിലവിൽ ഹൈദരാബാദ് മിസ് ചെയ്യുന്നതും ടോപ് ഓർഡറിൽ സ്ഥിരതയോടെ കളിക്കുന്ന വാർണറിനെപോലെയൊരു താരത്തെയാണ്. എബി ഡിവില്ലേയേഴ്‌സ്, ഡ്വയിൻ ബ്രാവോ തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഐപിഎല്ലിൽ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. ഓരോ ഐപിഎൽ സീസണിലും നിരവധി പുതിയ താരങ്ങളാണ് ഉദിച്ചുയരുന്നത്. മാസ്മരിക പ്രകടനവുമായി മൈതാനങ്ങളെ വിസ്മയിപ്പിക്കുന്ന വൺ സീസൺ വണ്ടറുകൾ. എന്നാൽ ഇന്ത്യൻ പ്രീമിയർലീഗിന്റെ ഓൾടൈം ഹീറോ പട്ടികയിലേക്ക് നടന്നുകയറാൻ ചിലർക്ക് മാത്രമേ സാധിക്കൂ... പകരക്കാരില്ലാത്ത ഇതിഹാസ താരങ്ങൾ.