ഒളിംപിക്‌സ് ക്രിക്കറ്റ് കാലിഫോർണിയയിൽ; ചിത്രം പങ്കുവെച്ച് അധികൃതർ
ആറു ടീമുകൾക്കാകും പങ്കെടുക്കാൻ അവസരമുണ്ടാകുക
ലോസ് ആഞ്ചൽസ്: 2028 ലോസ് ആഞ്ചൽസ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയുടെ കാര്യത്തിൽ പ്രഖ്യാപനമെത്തി. കാലിഫോർണിയയിലെ പൊമോന ഫെയർഗ്രൗണ്ട്‌സിലാകും മത്സരങ്ങൾ നടക്കുകയെന്ന് ഒളിംപിക്‌സ് അധികൃതർ വ്യക്തമാക്കി. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. 1922 മുതൽ ലോസ് ആഞ്ചൽസിൽ കൗണ്ടി ഫെയർ ഉത്സവം നടക്കുന്ന വേദിയാണിത്. ഒളിംപിക്‌സിലെ പ്രധാനകേന്ദ്രമായ ലോസ് ആഞ്ചൽസിൽ നിന്ന് 50 കിലോമീറ്റർ ദൂരത്താണ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 500 ഏക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ഈ സ്ഥലം.
128 വർഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് മടങ്ങിയെത്തുന്നത്. ആറു ടീമുകൾക്കാകും പങ്കെടുക്കാൻ അവസരം. ടി20 ഫോർമാറ്റിലാകും മത്സരം നടക്കുക. പുരുഷ ടീമുകൾക്ക് പുറമെ വനിതാ ടീമുകൾക്കും പങ്കെടുക്കാൻ അവസരമുണ്ടാകും. ക്രിക്കറ്റിന് പുറമെ ബേസ്‌ബോൾ,സോഫ്റ്റ്‌ബോൾ, ഫ്‌ളാഗ് ഫുട്‌ബോൾ,ലാക്രസ്, സ്‌ക്വാഷ് മത്സരങ്ങളും പുതുതായി ഉൾപ്പെടുത്തി.