സുരേഷ് ഗോപിയോട് ഒന്നും ചോദിക്കരുത്, നിർമിത ബുദ്ധിയും മാധ്യമധാർമികതയും
സ്ക്രീനിൽ ജേണലിസ്റ്റായി അധികാരികളെ വിചാരണ ചെയ്തിരുന്ന നടൻ അധികാരത്തിലെത്തിയപ്പോൾ അതൊക്കെ മറന്നു. ചോദ്യം ചോദിച്ചവരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നു; ചിലപ്പോൾ തള്ളി മാറ്റുന്നു. പൗരന്മാരെ പ്രജകളെന്ന് വിളിക്കുന്നയാളാണ് സുരേഷ് ഗോപി. അതിന്‍റെ ലക്ഷണം കൂടിയാണ് മാധ്യമങ്ങളോടദ്ദേഹം പുലർത്തുന്ന അവജ്ഞ. മാധ്യമങ്ങളോട് മര്യാദയോടെ, മാന്യമായി സംവദിക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർ കുറഞ്ഞു വരുന്നു. തട്ടിക്കയറലും തട്ടിയകറ്റലുമല്ല അന്തസ്സെന്ന് അവർ പഠിക്കണം. വലിയ മാധ്യമ സംവിധാനങ്ങൾ പാർട്ടികൾക്കുണ്ട്. ഇടക്ക് അവർ സ്വന്തം നേതാക്കൾക്ക് ചിലതൊക്കെ പറഞ്ഞു കൊടുക്കണം
നിർമിത ബുദ്ധിയും മാധ്യമധാർമികതയും
നിർമിതബുദ്ധി (എ.ഐ) മറ്റു പല മേഖലകളിലെയും പോലെ മാധ്യമ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. വ്യാജവാർത്തകൾ അതുണ്ടാക്കുന്ന പ്രശ്നങ്ങളിലൊന്നു മാത്രം. ബ്രിട്ടീഷ് ചാനലായ ചാനൽ-4 ൽ ഒക്ടോബർ 20ന് സംപ്രേഷണം ചെയ്ത 'ഡിസ്പാച്ചസ്' എന്ന കറൻറ് അഫയേഴ്‌സ് പ്രോഗാം ശ്രദ്ധ പിടിച്ചുപറ്റി. മാധ്യമരംഗത്ത് എ.ഐ സൃഷ്ടിക്കുന്ന വെല്ലുവിളികളായിരുന്നു വിഷയം. വെല്ലുവിളികളിൽ മുഖ്യം രണ്ടെണ്ണം—ഒന്ന്, കള്ളവാർത്തയെന്ന് തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ കള്ളവാർത്തകൾ സൃഷ്ടിക്കാൻ സാധിക്കുന്നു; രണ്ട്, മനുഷ്യരുടെ തൊഴിലുകൾ നഷ്ടപ്പെടുത്തുന്നു.
ആയിഷ ഗബൻ എന്ന അവതാരക ഭംഗിയായി ആ പരിപാടി അവതരിപ്പിച്ചു. ഏറ്റവും ഒടുവിലാണ് അവർ പറയുന്നത്: “ഞാനും യഥാർത്ഥമല്ല. നിർമിത ബുദ്ധി സൃഷ്ടിച്ച രൂപം മാത്രമാണ് ഞാൻ. നിർമിത ബുദ്ധി സൃഷ്ടിച്ച ശബ്ദവും.” എ.ഐ അവതാരകർ വിവിധ ചാനലുകളിൽ ചെറുതോ വലുതോ ആയ വാർത്താ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി എ.ഐയുടെ വാർത്താവായന അവതരിപ്പിച്ച ചാനൽ മീഡിയ വൺ ആണ്. തുടക്കത്തിൽ കൃത്രിമമെന്ന് വ്യക്തമായി തോന്നിക്കുന്നതായിരുന്നു എ.ഐ അവതാരകരെങ്കിൽ, ഇപ്പോൾ ചാനൽ 4 ലെ ആങ്കറിലെത്തുമ്പോൾ, മനുഷ്യനോ എ.ഐ യോ എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയായിരിക്കുന്നു. അപ്പോൾ ഇനി മാധ്യമരംഗത്ത് മനുഷ്യരെ വേണ്ടാതാകുമോ?
സാധ്യതയില്ല എന്നു വേണം കരുതാൻ. ഒരു പക്ഷേ വാർത്താലോകമാകും നിർമിത ബുദ്ധിക്ക് പൂർണമായും കവർന്നെടുക്കാനാകാത്ത ഇടം. കാരണം സത്യവും അസത്യവും അന്തിമമായി വേർതിരിക്കാൻ മനുഷ്യനാണ്, യന്ത്രത്തിനല്ല, കഴിയുക. ജേണലിസം അടിസ്ഥാനപരമായി യാന്ത്രിക നൈപുണ്യമല്ല, മനുഷ്യത്വത്തിന്‍റെ പ്രകാശനമാണ്. നിർമിത ബുദ്ധിയല്ല, മനുഷ്യനാണ് അതിന്‍റെ കേന്ദ്രം. മനുഷ്യനാണ് അത് നന്നായി ചെയ്യാനാവുക.
വെടി നിലച്ചില്ല, തലക്കെട്ടുകളിലൊഴിച്ച്
വെടിനിർത്തൽ കരാർ എന്നു പറഞ്ഞാൽ നമ്മൾ മനസ്സിലാക്കിയിരുന്നത്, ഇരുപക്ഷവും ആയുധപ്രയോഗം നിർത്തിവെക്കുന്നു എന്നാണ്. പക്ഷേ ഇസ്രായേൽ കരുതുന്നത് അങ്ങനെയല്ല. വെടിനിർത്തൽ എന്നാൽ ഫലസ്തീൻകാർ വെടി നിർത്തുക, ഇസ്രായേൽ വെടി തുടരുക എന്നാണെന്ന് അവർ വിചാരിക്കുന്നു. രണ്ടു വർഷം മുമ്പ്, വംശഹത്യയുടെ തുടക്കത്തിൽ, തൽക്കാല വെടി നിർത്തൽ നിലവിൽ വന്നതോർക്കുക. മടങ്ങി വരുന്ന ഫലസ്തീൻകാരെ നോക്കി വെടിവെച്ചു ഇസ്രായേൽ. മുൻകാലങ്ങളിലും ഇങ്ങനെ തന്നെ. ഇപ്പോഴും വ്യത്യാസമില്ല. ഒപ്പിട്ട കരാറോ, തമ്മിലുണ്ടാക്കിയ ധാരണയോ പാലിക്കുന്ന ശീലം ഇസ്രായേലിനില്ല. പക്ഷേ ഇസ്രായേലി ആക്രമണങ്ങളെ കരാർ ലംഘനങ്ങളെന്ന് വിളിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ തയാറല്ല.
ഇതെല്ലാം ഇസ്രായേലിനു തന്നെ തിരിച്ചടിയാകുമെന്ന് രണ്ട് പ്രമുഖ ഇസ്രായേലി ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ഗസ്സയിൽ സയണിസ്റ്റ് രാഷ്ട്രം ചെയ്തുകൂട്ടുന്ന യുദ്ധക്കുറ്റങ്ങളുടെ വലിയ ഡേറ്റബേസ് തയാറാക്കിയിട്ടുള്ള ലീ മൊർദെഖായ് ആ രാഷ്ട്രത്തിന്‍റെ തകർച്ച പ്രവചിക്കുന്നു. ഇസ്രായേൽ അതിന്‍റെ കുറ്റങ്ങൾ രൂക്ഷമാക്കും, അതോടെ സ്വന്തം പതനം ഉറപ്പാക്കും എന്ന് ഇലാൻ പാപ്പെയും പ്രവചിക്കുന്നു.
സുരേഷ് ഗോപിയോട് ഒന്നും ചോദിക്കരുത്
അധികാര രാഷ്ട്രീയവും ജേണലിസവും—രണ്ടും എക്കാലവും എതിർപക്ഷങ്ങളിലാണ്. ജനങ്ങൾക്കുവേണ്ടി അധികാരത്തോട് കലഹിക്കുന്നവരാണ് ജേണലിസ്റ്റുകൾ. രാഷ്ട്രീയക്കാരാകട്ടെ അവരെ അടിച്ചമർത്തുന്നു, നിശബ്ദരാക്കുന്നു. ഒരിക്കൽ, ട്രംപിനോട്, ശിരീഷ് ദാത്തെ എന്ന റിപ്പോർട്ടർ ചോദിച്ചു, നിങ്ങൾ പറഞ്ഞ നുണകളോർത്ത് ഖേദിക്കുന്നുണ്ടോ എന്ന്. ട്രംപ് മുഖം തിരിച്ചു. ഇന്ന് ഇത്തരം ചങ്കൂറ്റക്കാർക്ക് വൈറ്റ്ഹൗസ് പ്രസ് മീറ്റിൽ പ്രവേശനമില്ല. സിനിമകളിൽ, അധികാരികളെ ചോദ്യം ചെയ്യുന്ന ജേണലിസ്റ്റായി വേഷമിട്ടിട്ടുള്ള ആളാണ് സുരേഷ് ഗോപി. പക്ഷേ അധികാരത്തിലെത്തിയതോടെ അദ്ദേഹം ശത്രുവായിക്കണ്ടത് ജേണലിസ്റ്റുകളെ. ‘ന്യൂസ് മിനിറ്റി’ലെ ‘ലെറ്റ് മി എക്സ്പ്ലെയ്ൻ’ എന്ന പരിപാടിയിൽ എഡിറ്റോറിയൽ ഹെഡ് പൂജ പ്രസന്നമാധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനം ശത്രുതയുടെയും ഏറ്റുമുട്ടലിന്‍റെയുമാണെന്ന് വിശദീകരിക്കുന്നു. ചോദ്യങ്ങൾക്ക് വിലക്ക്. ജേണലിസ്റ്റുകളോട് ക്ഷോഭം.
സ്ക്രീനിൽ ജേണലിസ്റ്റായി അധികാരികളെ വിചാരണ ചെയ്തിരുന്ന നടൻ അധികാരത്തിലെത്തിയപ്പോൾ അതൊക്കെ മറന്നു. ചോദ്യം ചോദിച്ചവരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നു; ചിലപ്പോൾ തള്ളി മാറ്റുന്നു. പൗരന്മാരെ പ്രജകളെന്ന് വിളിക്കുന്നയാളാണ് സുരേഷ് ഗോപി. അതിന്‍റെ ലക്ഷണം കൂടിയാണ് മാധ്യമങ്ങളോടദ്ദേഹം പുലർത്തുന്ന അവജ്ഞ. മാധ്യമങ്ങളോട് മര്യാദയോടെ, മാന്യമായി സംവദിക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർ കുറഞ്ഞു വരുന്നു. തട്ടിക്കയറലും തട്ടിയകറ്റലുമല്ല അന്തസ്സെന്ന് അവർ പഠിക്കണം. വലിയ മാധ്യമ സംവിധാനങ്ങൾ പാർട്ടികൾക്കുണ്ട്. ഇടക്ക് അവർ സ്വന്തം നേതാക്കൾക്ക് ചിലതൊക്കെ പറഞ്ഞു കൊടുക്കണം.