സവർണ കവിതയുടെ കരണത്തടിക്കുന്ന റാപ് വിപ്ലവം

ഇന്നത്തെ മലയാള സിനിമ ഗാനങ്ങൾ തോന്ന്യാസികളാണ്. ഇഷ്ടമുള്ള വഴികളിലുടെയാണവ സഞ്ചരിക്കുന്നത്. അവിടെ വൃത്തവും അലങ്കാരവും ഉപമയും ഉൾപ്രേക്ഷ്യവും ഒന്നും പ്രസക്തമാല്ല. ‘ഹേ ബനാനേ ഒരു പൂതരാമോ’ എന്ന് ചോദിക്കാൻ ആ പാട്ടുകൾക്ക് ഒരു നാണവുമില്ല. ‘വാഴ്ക്കൈ എന്നതേ അൻപിനിൽ’ എന്നാണാ ഗാനങ്ങൾ കരുതുന്നത്. തങ്ങളെ ഇഷ്ടമില്ലാത്തവരോട് അവർക്ക് ഒന്നേ പറയാനുള്ളൂ.. മങ്ങി മാഞ്ഞു ഭൂതകാലം….ഇന്നിവന്റെ ഊഴം..കൺതുറന്ന് കൺനിറച്ച് കാണുക....

Update: 2025-11-07 10:26 GMT

എനിക്ക് പറയാനുള്ളത് ഇത്രമാത്രം

അവർക്ക് നമ്മളെ ശരിക്കും താൽപ്പര്യമില്ല....

എന്നെ അടിക്കൂ, എന്നെ വെറുക്കൂ

നിങ്ങൾക്ക് ഒരിക്കലും എന്നെ തകർക്കാൻ കഴിയില്ല

നിങ്ങൾക്ക് ഒരിക്കലും എന്നെ കൊല്ലാൻ കഴിയില്ല

എനിക്കുമേൽ കേസ് കൊടുക്കൂ, എന്നെ ചവിട്ടൂ,

നിങ്ങളെന്നെ കറുത്തവനോ വെളുത്തവനോ ആക്കരുത്

എന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയട്ടെ

സ്നേഹസമ്പന്നയായ ഭാര്യയും രണ്ട് കുട്ടികളും എനിക്കുണ്ട്

ഞാൻ പോലീസ് ക്രൂരതയുടെ ഇരയാണ്,

ഇല്ല, വെറുപ്പിന്റെ ഇരയാകുന്നത് എനിക്ക് മടുത്തിരിക്കുന്നു

നീ എന്റെ അഭിമാനത്തെ ബലാത്സംഗം ചെയ്യുകയാണ്.....

എന്നെ സ്വതന്ത്രനാക്കൂ....

Advertising
Advertising

മൈക്കിൾ ജാക്സൺ എന്ന എക്കാലത്തേയും വലിയ ജനകീയ പാട്ടുകാരന്‍റെ അതിപ്രശസ്തമായ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനത്തിലെ വരികളാണിത്. ഇതിൽ എവിടേയും അസാധാരണമായ വാക്പ്രയോഗങ്ങളോ കവിത്വമോ പദഘടനയോ കാണാനാകില്ല. ലോകത്തെങ്ങും ജനപ്രിയ പാട്ടുകൾ ഇങ്ങിനെതന്നെയായിരുന്നു. മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിലാണവ എഴുതപ്പെട്ടിരുന്നത്.

മൈക്കിൾ ജാക്സൺ മാത്രമായിരുന്നില്ല ഇങ്ങിനെ പാട്ടുകൾ പാടിയിരുന്നത്. ബോബ് ഡിലനും ഫ്രെഡ്ഡി മെർക്കുറിയും ജോൺ ലെനനും വിറ്റ്നി ഹൂസ്റ്റനും അരിത ഫ്രാങ്ക്ലിനും ലൂയിസ് ആംസ്ട്രോങ്ങും മുതൽ എൽട്ടൺ ജോണും മഡോണയും ബിയോൺസയും വരെ പാടിയത് സാധാരണ മനുഷ്യരുടെ ഭാഷയിലായിരുന്നു. ലോകത്തിലെ മികച്ച 10 പാട്ടുകളിൽ ഒന്നായ ബൊഹീമിയൻ റാപ്സഡിയിൽ ഫ്രെഡ്ഡി മെർകുറി പറയുന്നത് ഭയവും വേദനയും ആശങ്കയും കുറ്റബോധവും നിറഞ്ഞ ഒരു യുവാവിന്‍റെ വാക്കുകളായിരുന്നു.

അമ്മേ, ഒരാളെ ഞാൻ കൊന്നു

തലയിൽ തോക്ക് വച്ച് വെടിവച്ച് കൊന്നു

അമ്മേ, ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു

പക്ഷേ ഇപ്പോൾ എല്ലാം കൈവിട്ട് പോയിരിക്കുന്നു

അമ്മേ,

നിങ്ങളെ കരയിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല

ഇത്തവണ ഞാൻ തിരിച്ചുവന്നില്ലെങ്കിൽ

അമ്മ തുടരണം, ഒന്നും കാര്യമല്ല എന്ന മട്ടിൽ മുന്നോട്ട് പോകണം

വളരെ വൈകിയിരിക്കുന്നു, എന്റെ സമയം വന്നിരിക്കുന്നു

എന്റെ നട്ടെല്ലിന് വിറയൽ ബാധിച്ചിരിക്കുന്നു

ശരീരം വേദനിക്കുന്നു്, എല്ലാവരോടും വിട...

എന്നിങ്ങനെയായിരുന്നു ബൊഹീമിയൻ റാപ്സഡിയിലെ വരികൾ. എന്നാൽ നമ്മുടെ നാട്ടിൽ പാട്ടെന്നാൽ കവിതയായിരുന്നു, കവിതയെന്നാൽ ദൈവികമായിരുന്നു, ദൈവികമെന്നാൽ സവർണ്ണവുമായിരുന്നു.

സിനിമാ പാട്ടും കവിത്വവും

ഏതൊരു സമൂഹത്തിലും സാധാരണ മനുഷ്യരോട് സംവദിക്കുന്ന കലാരൂപമാണ് സംഗീതം. ഇന്ത്യയിലാകട്ടെ സിനിമ പാട്ടുകൾക്ക് പ്രത്യേക ആരാധകവൃന്ദവും വിപണിമൂല്യവും ഉണ്ടായിരുന്നു. നമ്മുടെ ജനകീയ സംഗീതം സിനിമയുമായി ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്. പാശ്ചാത്യ സിനിമകളിൽ പാട്ടുകൾ അത്രസാധാരണമല്ല. അവരുടെ സിനിമക്ക് പുറത്താണ് പോപ്പുലർ മ്യൂസിക് നിലനിൽക്കുന്നത്. പക്ഷെ സാധാരണക്കാർക്കുവേണ്ടി എഴുതപ്പെടുന്ന ഇന്ത്യൻ സിനിമാ ഗാനങ്ങളിൽ കവിത്വമായിരുന്നു മുഖ്യ ആകർഷണം. നല്ല പാട്ടെന്നാൽ കവിത തുളുമ്പണം എന്നതൊരു നിഷ്കർഷയായിരുന്നു. തിരശ്ശീലയിൽ വന്നുപോകുന്ന മനുഷ്യർ ആരുമാകട്ടെ അവരുടെ പ്രണയവും വിരഹവും പ്രതികാരവും പ്രതിഷേധവും എല്ലാം പാട്ടുകളായപ്പോ അതിലെ ഭാഷ അവർക്ക് അന്യമായി. വേർതിരിക്കാനാകാത്ത വിധം ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. മജ്റൂഹ് സുൽത്താൻപുരിയും സാഹിർ ലുധിയാൻവിയും ഹസ്രത് ജയ്പുരിയും ആനന്ദ് ബക്ഷിയും ഗുൽസാറും ജാവേദ് അക്തറും മെഹബൂബും സമീറും ബോളിവുഡിൽ എഴുതിയതെല്ലാം പകുതിയോ മുഴുവനോ കവിതകളായിരുന്നു. തമിഴിലും തെലുഗുവിലും ഇതുതന്നെയായിരുന്നു അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ കവിതയുടെ കേവലമൊരു വിപുലീകരണം മാത്രമായിരുന്നു ഇന്ത്യൻ സിനിമ സംഗീതം. ഇതിൽ ഏറ്റവും രൂക്ഷമായ സാഹിത്യഭ്രമം നമ്മൾ മലയാളികൾക്കായിരുന്നു.

ദൈവികം, കവിത്വം, സവർണ്ണത

മലയാള സിനിമയും അതിലെ പാട്ടുകളും ഒന്നാം ദിനംമുതൽ കവിതാമയമായിരുന്നു. 1948ൽ പുറത്തിറങ്ങിയ ‘നിർമ്മല’യിലെ ഗാനങ്ങളാണ് പ്രത്യേകം റിക്കോർഡ് ചെയ്ത ആദ്യ മലയാള സിനിമാസംഗീതം എന്നാണ് കരുതുന്നത്. നിർമ്മലയിൽ 15 പാട്ടുകളുണ്ടായിരുന്നു. അതിൽ ചിലത് മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നിർമ്മലക്ക് മുൻപ് ഇറങ്ങിയ സിനിമകളിൽ അഭിനേതാക്കൾ പാടി അഭിനയിക്കുകയായിരുന്നു. 1938 ൽ ഇറങ്ങിയ ബാലന്‍റെ ഒരു പാട്ടിന്റെയും ഗ്രാമഫോൺ റിക്കോർഡ് ഇറങ്ങിയില്ല. രണ്ടാമത്തെ സിനിമയായ ജ്ഞാനാംബിക മൂന്നാമത്തെ സിനിമാ പ്രഹ്ലാദ ഇവയുടെ റിക്കോർഡ് ഇറങ്ങിയെങ്കിലും ലഭ്യമല്ല. നിർമ്മലയിലെ ഒരു ഗാനം എഴുതിയത് മഹാകവി ജി.ശങ്കരക്കുറുപ്പാണ്. അതിലെ വരികൾ കവിതയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ വരികൾ ഇങ്ങിനെയാണ്.

ഏട്ടന്‍ വരുന്ന ദിനമേ അരുമദിനമേ

വിദേശപടക്ക് പലദിനം

അകന്നു മരുവും സോദരനേ

എത്ര ദിനം നയനം എത്ര ദിനം ഹൃദയം

പ്രിയമോടു കൊതിച്ചുകാണ്മതിനായ്

ഭാഗ്യം പുലരും ദിനമേ

അരുമദിനമേ

വരുമുടന്‍ അഗ്രജന്‍ കരതലേ

പലതരം പാവകള്‍ നിറയുമേ

നേരുകനിത്യജയം.....

നിർമലയിലെ പാട്ടുകൾ പാടിയവരെല്ലാം ശാസ്ത്രീയസംഗീതം പഠിച്ചവരാണ്, കർണാട്ടിക്കല്ലാതെ വേറൊരു സംഗീത സമ്പ്രദായവും പരിചയമില്ലാത്തവർ. പി.എസ്. ദിവാകരനും ഇ.ഐ. വാര്യരുമാണ് സംഗീതസംവിധായകർ. പാട്ടുകളെല്ലാം രാഗമയമായിരുന്നു. മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകർ സരോജിനി മേനോനും ടി.കെ.ഗോവിന്ദറാവുമാണ്. പി ലീല, വാസുദേവക്കുറുപ്പ്, വിമല ബി. വർമ, പി.കെ. രാഘവൻ എന്നിങ്ങനെ വേറെയും ഗായകർ നിർമലയിൽ പാടി. വിമല പാടിയ പാട്ടാണ് ‘ഏട്ടൻ വരുന്ന ദിനമേ’. നിർമ്മലയുടെ സംവിധായകനായ പി.ജെ ചെറിയാന് മലയാള ‘സാഹിത്യവും സംസ്കാരവും’ കാത്തുസൂക്ഷിച്ച് സിനിമ എടുക്കാനായിരുന്നു മോഹം. അതാണ് അദ്ദേഹം മഹാകവിയേയും ശാസ്ത്രീയ സംഗീതക്കാരേയും പാട്ടുകൾ ഏൽപ്പിക്കാൻ കാരണം. അവിടന്നങ്ങോട്ട് മലയാള സിനിമ, സാഹിത്യവും കവിതയും സവർണ്ണതയും നിറഞ്ഞുതുളുമ്പുന്ന ഇടമായി ദശകങ്ങൾ തുടർന്നു.

മാറ്റം ഇടിമുഴക്കമായി

മലയാള സിനിമ എല്ലാക്കാലവും കവിതയിൽ മുങ്ങിനിൽക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. കവിതയല്ലാത്ത പാട്ടുകളും മലയാളത്തിൽ ധാരാളം വന്നിട്ടുണ്ട്. എന്നാൽ മുഖ്യധാര എന്നും കവിതയായിരുന്നു. കവിത്വമില്ലാത്ത സിനിമാ ഗാന രചനകൾ മാറ്റ് കുറഞ്ഞതും ക്ഷുദ്രവുമായാണ് കണക്കാക്കിയിരുന്നത്. സംസ്കൃത പദങ്ങൾ കുത്തിനിറച്ചാൽ അയാളൊരു ലക്ഷണമൊത്തതും മഹത്തായതുമായ കവിയായി കണക്കാക്കപ്പെട്ടിരുന്നു. മലയാളിയുടെ ദേവഗായകനായ യേശുദാസിന് പാടാനുള്ള പാട്ടുകളുടെ യോഗ്യതയായി നിശ്ചയിച്ചിരുന്നതുപോലും ഇത്തരം വ്യാജ കവിതാ ഗാനങ്ങളായിരുന്നു. ഇതല്ലാത്ത എന്തെങ്കിലും പാടിയാൽ അദ്ദേഹത്തിന്‍റെ ദിവ്യത്വത്തിന് കോട്ടം വരുമെന്നും ശരാശരി മലയാള സിനിമാസ്വാദകൻ കരുതിയിരുന്നു.

കവിത്വം കുറഞ്ഞ പാട്ടുകളെ ഒരുകാലത്ത് കാബറേ ഗാനങ്ങൾ എന്നോ അടിപൊളി പാട്ടുകൾ എന്നോ ഒക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. അവ കടന്നുവന്നിരുന്നത് സിനിമയിലെ വളരെ മോശം സാഹചര്യങ്ങളിലായിരുന്നു. നിറം എന്ന കമൽ സംവിധാനം ചെയ്ത സിനിമയിൽ ശുക്രിയ എന്ന് തുടങ്ങുന്ന ‘അവർണ്ണ’ ഗാനം, അടിപൊളി പാട്ട് പാടാനുള്ള ആഗ്രഹം കൊണ്ട് താൻ ചോദിച്ച് വാങ്ങുകയായിരുന്നു എന്ന് യേശുദാസ് പിന്നീട് പറഞ്ഞിട്ടുണ്ട്. വയലാറും പി.ഭാസ്കരനും തുടങ്ങി ബിച്ചുതിരുമലയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും അടങ്ങുന്ന നമ്മുടെ ഗാനരചയിതാക്കൾ ഏതുതരം പാട്ടുകൾ എഴുതാനും കെൽപ്പുള്ളവരായിരിക്കെ തന്നെ ജീവിക്കാനായി കവിത ചമയ്ക്കാൻ നിർബന്ധിതരായിരുന്നു. അല്ലെങ്കിൽ അവർ ഫീൽഡ് ഔട്ടാകുകയായിരിക്കും ഫലം.

ലജ്ജാവതി എന്ന വിപ്ലവം

മലയാള സിനിമാ ചരിത്രത്തിൽ ജാസി ഗിഫ്റ്റ് എന്ന പേരും അയാൾ സൃഷ്ടിച്ച ലജ്ജാവതിയേ എന്ന ഗാനവും ചരിത്രപരമായിതന്നെ പ്രാധാന്യമുള്ളതാണ്. ഫോർ ദ പീപ്പിൾ എന്ന ജയരാജ് ചിത്രത്തിൽ പാട്ടുകൾ ചെയ്യുമ്പോൾ ജാസി ഗിഫ്റ്റ് ഒരു വെസ്റ്റേൺ സിംഗറും ചെറുകിട കംമ്പോസറും മാത്രമായിരുന്നു. പക്ഷെ അയുക്തികരമെന്ന് തോന്നുന്ന റാപ് പോർഷനോടുകൂടി ആരംഭിക്കുന്ന ആ ഗാനം തീർത്ത തരംഗം സമാനതകളില്ലാത്തതായിരുന്നു.

Watch on watch on watch on

Watch this dup dup dup dup style

I am gonna dip dip dip it in to your smile

Hold me baby just hold my hand for ever and ever

Every time I wann see you my girl

എന്നായിരുന്നു ജാസി തന്നെ പാടിയ ആ പാട്ടിന്‍റെ ആദ്യഭാഗം. പിന്നീട് കൈതപ്രത്തിന്‍റെ പാതി കവിതയും പാതി വിപ്ലവവും തുടിക്കുന്ന വരികൾ. ‘ലജ്ജാവതിയേ’ എന്ന അതിമനോഹരമായൊരു തുടക്കം. ആ പാട്ട് കേരളത്തിലെ കൊട്ടാരം ഗാന നിരൂപകരെ നന്നായി വിറളിപിടിപ്പിച്ചിരുന്നു. എന്‍റെ കവിതാ മുത്തപ്പൻ ലജ്ജാവതി കാരണം മരിക്കുമെന്ന് അവർ ആശങ്കപ്പെട്ടു. പാരമ്പര്യവും (സവർണ്ണം) തനിമയും (അതിസവർണ്ണം) കാത്തുസൂക്ഷിക്കാത്ത ജാസി ഗിഫ്റ്റ് എന്ന ബാർ സിംഗറെ അവർ ഫള്ള് പറഞ്ഞു.

എന്നാൽ അന്നത്തെ യുവാക്കൾ ലജ്ജാവതിയെ ഒരാഘോഷമാക്കി. കേരളക്കരയാകെ ഗാനമേളകളിൽ ജാസി ഗിഫ്റ്റ് എന്ന യുവാവ് പറന്നുനടന്ന് പാടി. അയാൾ ചെല്ലുന്നിടത്തെല്ലാം യുവാക്കൾ ആഘോഷത്തിമിർപ്പിലായി. പൊലീസിനാകട്ടെ ലജ്ജാവതി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കകൾ ഉണ്ടായി. തലതെറിച്ച യുവാക്കളെ ഓർത്ത് കാരണവന്മാർ ആശങ്കപ്പെടുകയും വയലാറിന്‍റേയും ഒഎൻവിയുടേയും കവിതകളുടെ മഹത്വം പൂർവ്വാധികം ശക്തിയായി അയവിറക്കുകയും ചെയ്തു.

സവർണ്ണ കവിതയുടെ കരണത്തടിക്കുന്ന റാപ്

നാമിപ്പോൾ കടന്നുപോകുന്നത് മലയാള ഗാന ചരിത്രത്തിലെ സമാനതകളില്ലാത്തൊരു മാറ്റത്തിലൂടെയാണ്. നമ്മുടെ ഗാനങ്ങൾ കൂടുതലായി നമ്മുടേതായിരിക്കുന്നു. അതിലെ ഭാഷയ്ക്ക് ഒരു ശുദ്ധിയൊക്കെ വന്നിരിക്കുന്നു. പെട്ടെന്ന് തുടങ്ങിയ മാറ്റമല്ലിത്. ‘റാപ്’ എന്ന ഗാന വിഭാഗമാണ് ഈ മാറ്റത്തിന്‍റെ കാതലായി പ്രവർത്തിക്കുന്നത്. റാപ് എന്നാൽ സംഗീതാത്മകമായ പറച്ചിലാണ്. ഹിപ്ഹോപ് എന്നും റാപ് അറിയപ്പെടുന്നു. സംഗീതം, എഴുത്ത്, വര (ഗ്രാഫിറ്റി), നൃത്തം, മുദ്രാവാക്യം ഇങ്ങിനെ എല്ലാം അടങ്ങിയതാണ് റാപ്. യു.എസിലെ ആഫ്രിക്കൻ അമേരിക്കൻ വംശജരാണ് റാപ്പിന്‍റെ ഉപജ്ഞാതാക്കൾ. അടിച്ചമർത്തപ്പെട്ടവന്‍റെ പ്രതിഷേധവും പ്രതികാരവും റാപ്പിലുണ്ട്. റാപ്പിന്‍റെ ഭാഷ അതിശക്തമായിരിക്കണം എന്നത് അടിസ്ഥാനനിയമമാണ്. സംഗീതമല്ല പറച്ചിലാണ് പ്രധാനം. അടിസ്ഥാന യോഗ്യതയില്ലാത്ത മലയാളം ‘റാപ്പു’കൾ സിനിമകളിൽ ധാരാളം വന്നിട്ടുണ്ട്. പ്രേമത്തിലെ സീൻ കോൺട്ര, ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കുടുക്ക് ഒക്കെ ജനപ്രിയമായിരുന്നു. എന്നാൽ ചൂടും ചൂരുമുള്ള റാപ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

‘വേടൻ’ എന്ന അപൂർവ്വത

മലയാളത്തിലെ ജനപ്രിയ ഗാനങ്ങളെ ചൂടും ചൂരുമുള്ളതാക്കി മാറ്റിയതിൽ മറ്റാരെക്കാളും പ്രശംസ അർഹിക്കുന്നയാളാണ് വേടൻ എന്ന ഹിരൺദാസ് മുരളി. അയാളാണ് മലയാളത്തിലെ ലക്ഷണമൊത്ത റാപുകൾ ഉണ്ടാക്കിയത്. വാക്കുകളിലെ തീക്ഷ്ണത, അനീതികളോടുള്ള തുറന്ന എതിർപ്പ്, താളത്തിലെ രൗദ്രത, മുദ്രാവാക്യ സ്വഭാവം എന്നിങ്ങനെ എണ്ണംപറഞ്ഞ റാപുകളാണ് വേടൻ മലയാളത്തിന് നൽകിയത്. അഞ്ച് വർഷം മുമ്പ് വന്ന ‘വോയ്സ് ഓഫ് വോയ്സ്ലെസ്സ്’ ആയിരുന്നു ഇതിലെ മാസ്റ്റർപീസ്.

നീർനിലങ്ങളിൻ അടിമയാരുടമയാര്

നിലങ്ങളായിരം വേലിയിൽ

തിരിച്ചതാര്

തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്

മുതുക്കൂനി തലകൾ

താണുമിനിയും എത്രനാള്

നീ പിറന്ന മണ്ണിൽ

നിന്നെന്ന കണ്ടാൽ വെറുപ്പ്

പണിയെടുത്ത മേനി

വെയിൽ കൊണ്ടേ കറുപ്പ്

നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ്

പിഞ്ച് കുഞ്ഞവൾ അവയറിൽ കിടപ്പ്

തുടർന്ന് അയാൾ, ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല എന്ന് പറയുമ്പോഴേക്കും ജെൻ സി മുഴുവൻ ഏറ്റുപറയുന്നതരം തീക്ഷ്ണത വേടന്‍റെ റാപ്പിനുണ്ട്.

ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല

കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും

കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും

പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും

പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും

കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ

അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ

മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ

അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ

കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി

തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി

വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി

വാക്കെടുത്തവൻ

ദേശദ്രോഹി തിവ്രവാദി

എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി

കനലൊരു തരി മതി ഒരുതരി മതി തരി മതി....എന്ന് പറഞ്ഞ് അവസാനിക്കുന്ന ‘വോയ്സ് ഓഫ് വോയ്സ്ലെസ്സ്’ ഉണ്ടാക്കിയ ചലനം ചില്ലറയല്ല.

പിന്നീടിറങ്ങിയ ‘വാ’ എന്ന സിംഗിളും അത് ഉയർത്തിയ രാഷ്ട്രീയം കൊണ്ട് യുവാക്കളിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. സിനിമയിലും വേടന്‍റെ റാപ് അതിന്‍റെ സ്ഥിര രാഷ്ട്രീയംകൊണ്ട് വേറിട്ടുനിന്നു. നരിവേട്ടയിലെ വാടാ വേടാ, കൊണ്ടലിലെ ‘കൊണ്ടൽ’ പാട്ട്, മഞ്ഞുമ്മൽ ബോയ്സിലെ ‘കുതന്ത്രം’ തുടങ്ങി സിനിമയിലും വേടൻ തിളങ്ങി.

തൈക്കുടം ബ്രിഡ്ജ് മുതൽ മുതൽ ഡബ്സിവരെ

വേടനെ മാറ്റിനിർത്തിയാലും മലയാള റാപ്പും പോപ്പും അതിന്‍റെ ജനപ്രിയതകൊണ്ട് സമ്പന്നമാണ്. മലയാള റാപ്പിന്‍റെ ആദ്യ പരീക്ഷകർ മ്യുസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജാണ്. അവരുടെ ഫിഷ് റോക് എന്ന സിംഗിൾ പരമ്പരാഗത കവിതയുടെ കരണത്തടിക്കുന്ന ഒന്നൊന്നര ഐറ്റമായിരുന്നു. ഡബ്സിയും ബേബി ജീനും നീരജ് മാധവും മലബാർ ബെൽറ്റിലും മധ്യ കേരളത്തിൽ തൈക്കുടം ബ്രിഡ്ജും ഫെജോ എന്ന ഫെബിൻ ജോസഫും തിരുവിതാംകൂറിൽ തിരുമാലിയും ചേർന്ന് മലയാള ജനപ്രിയ ഗാനങ്ങളിൽനിന്ന് സവർണ്ണ കവിതയെ ആട്ടിപ്പുറത്താക്കിക്കൊണ്ടിരുന്നു. തിരുമാലിയുടെ പച്ചപ്പരിഷ്കാരി, ഫെജോയുടെ കൂടെത്തുള്ള് ഡബ്സിയും സംഘത്തിന്‍റേയും ബല്ലാത്ത ജാതി എന്നിങ്ങനെ ഐക്കോണിക് പാട്ടുകൾ നിരവധി ഇക്കാലങ്ങളിൽ ഇറങ്ങി. പണിപാളി, മലബാറി ബാംഗർ തുടങ്ങിയ വമ്പൻ ഹിറ്റുകളും ഈ ദശാബ്ദത്തിന്‍റെ സംഭാവനകളാണ്.

മു.രിയും നേറ്റീവ് ബാപ്പയും

മലയാള സിനിമയിലെ കവിതയൊഴിപ്പിക്കൽ ഒരു ആഭിചാരമാണെങ്കിൽ അതിലെ പ്രധാന കത്തനാരാണ് മു.രി എന്ന മുഹ്സിൻ പരാരി. മുഹ്സിന്‍റെ ‘അവർണ്ണ കവിത’ കൾ മലയാള സവർണ്ണ കവിതാ പാരമ്പര്യത്തെ നിരന്തരം പ്രഹരിച്ചുകൊണ്ടിരിക്കുന്നു. 12 വർഷങ്ങൾക്ക് മുമ്പ് ‘നേറ്റീവ് ബാപ്പ’ എന്ന അതിതീവ്ര രാഷ്ട്രീയാഘ്യാനത്തോടെയായിരുന്നു മു.രിയുടെ രംഗപ്രവേശനം. പിന്നീടയാൾ മുമ്പാരും സഞ്ചരിക്കാത്ത വഴികൾ മലയാള ജനപ്രിയ സംഗീതത്തിൽ വെട്ടി. നേറ്റീവ് ബാപ്പയ്ക്കുശേഷം ‘ഫ്യൂണറൽ ഓഫ് നേറ്റീവ് സൺ’ വന്നു. സിനിമയിലും മു.രി ഒരു സംഭവമായിരുന്നു. അതിങ്ങ് അവസാനത്തിൽ ലോക എന്ന മലയാളത്തിലെ എക്കാലത്തേയും വലിയ പണംവാരി സിനിമയിലും നമ്മുക്ക് കാണാം. ലോകയിൽ ജേക്സ് ബിജോയ്യുടെ സംഗീതത്തിൽ ജ്യോതി നൂറാൻ ‘തനിലോകമുറക്കാരി’ എന്ന് പാടുമ്പോൾ അവിടേയും മു.രി ഉണ്ട്. ബഷീറിയൻ ശെലിയിൽ വിപ്ലവാത്മക ശബ്ദങ്ങളിൽ അയാൾ എഴുതുന്ന വാക്കുകൾ ഇന്ന് ജെൻ സിയുടെ മുദ്രാവാക്യങ്ങളായിരിക്കുന്നു. ഓള മെലഡിയും ദുരൂഹ മന്ദഹാസവും മഞ്ചീര ശിഞ്ചിതവും അവരുടെ ഹാലാകെ മാറ്റുന്ന പാട്ടുകളാണ്. അയാൾ പ്രേമക്കത്തെന്ന് എഴുതുമ്പാൾ ആളുകൾ മറന്നാട് പുള്ളേ എന്ന് ഏറ്റുപാടുന്നു.

മു.രിയോടൊപ്പം എടുത്തുപറയേണ്ട രണ്ട് പേരുകളാണ് വിനായക് ശശികുമാറും അൻവർ അലിയും. കമ്മട്ടിപ്പാടത്തിലെ പുഴു പുലികൾ പക്കിപരുന്തുകൾ എന്ന അൻവർ അലിയുടെ എഴുത്തുപോലെ അടിസ്ഥാന വർഗ മനുഷ്യരെ പ്രതിനിധാനം ചെയ്ത് മറ്റൊരു ഗാനം മലയാളത്തിലില്ല. ‘കാറ്റിനു മേയാൻ മഴമേഘം കോടയ്ക്ക് ഉറങ്ങാൻ മലമേട്’ എന്ന നരിവേട്ടയിലെ ഗാനം അൻവർ അലിയുടെ മറ്റൊരു മാസ്റ്റർപീസാണ്. വിനായക് ശശികുമാർ എന്ന യുവാവും മലയാള സിനിമയിലെ ജനപ്രിയ സംഗീതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. വാക്കുകളിലൂടെ ആത്മാക്കളെ വിളിച്ചുവരുത്താനും തിരിച്ചയക്കാനുമുള്ള അയാളുടെ വൈഗഗ്ധ്യം വെളിപ്പെട്ടതാണ്. അയാൾ ഇല്ലുമിനാറ്റി എന്നും ഓണം മൂഡ് എന്നും പറയുമ്പോൾ ലക്ഷങ്ങൾ അതേറ്റ് പറയുന്നു. ശോകമൂകരായ മനുഷ്യരെ അർമാദത്തിലാക്കാൻ അയാളുടെ വരികൾ പ്രാപ്തമാണ്. ഗുരുവായൂരമ്പല നടയിൽ കച്ചേരി നടത്തുന്നതിന് അയാൾ വരികൾ എഴുതുമ്പോൾ അതിൽ ട്രാജഡിയും വില്ലൻമാരും കടന്നുവരും. അവിടത്തെ സംഗീതം ഹാസ്യാത്മകമാണ്. ഇവരുടെയൊന്നും വരികളിൽ നമ്മുടെ പാരമ്പര്യവും സംസ്കാരവും ഒട്ടിച്ചുവയ്ക്കുന്നില്ല എന്നതാണ് വലിയൊരാശ്വാസം.

ഹേ ബനാനേ ഒരു പൂ തരാമൊ

ഇന്നത്തെ മലയാള സിനിമ ഗാനങ്ങൾ തോന്ന്യാസികളാണ്. ഇഷ്ടമുള്ള വഴികളിലുടെയാണവ സഞ്ചരിക്കുന്നത്. അവിടെ വൃത്തവും അലങ്കാരവും ഉപമയും ഉൾപ്രേക്ഷ്യവും ഒന്നും പ്രസക്തമാല്ല. ‘ഹേ ബനാനേ ഒരു പൂതരാമോ’ എന്ന് ചോദിക്കാൻ ആ പാട്ടുകൾക്ക് ഒരു നാണവുമില്ല. ‘വാഴ്ക്കൈ എന്നതേ അൻപിനിൽ’ എന്നാണാ ഗാനങ്ങൾ കരുതുന്നത്. തങ്ങളെ ഇഷ്ടമില്ലാത്തവരോട് അവർക്ക് ഒന്നേ പറയാനുള്ളൂ....

കുലീനരേ… ഉദാത്തരേ…. ഉറ്റതോഴരേ…. ശുദ്ധ മർത്യരേ..താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ

ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂകരേ, പെട്ട മാനഹാനി ആസ്വദിച്ച നീചരേ

തീർന്നു പോകുമെന്ന് മുൻവിധിച്ച മൂഢരേ, ശക്തിയുള്ളവന്റെ കുടപിടിക്കുമൽപ്പരേ

കണ്ണുനീരിനുപ്പ് കറിയിലിട്ട സ്വാർത്ഥരേ

മങ്ങി മാഞ്ഞു ഭൂതകാലം….ഇന്നിവന്റെ ഊഴം..കൺതുറന്ന് കൺനിറച്ച് കാണുക

മോനെ …ജാട…..പച്ചയായ ജാട...പുച്ഛമാണ് പോട.....ഒന്നിടഞ്ഞ് നോക്കടാ.....


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഷബീർ പാലോട്

contributor

Similar News