കോവിഡാനന്തര അറബി നോവൽ: പ്രമേയങ്ങളിലെയും ആഖ്യാനരീതികളിലെയും വഴിത്തിരിവുകൾ

പതിറ്റാണ്ടുകളായി രാഷ്ട്രീയ അസ്ഥിരതയിലും സാമൂഹിക മാറ്റങ്ങളിലും ഉഴലുന്ന അറബ് ലോകത്തിൻ്റെ ആഴമേറിയ അനുഭവങ്ങളെ ആവിഷ്കരിക്കാൻ കോവിഡാനന്തര യുവ എഴുത്തുകാർക്ക് സാധിച്ചു. യുദ്ധക്കെടുതികൾ, പലായനം, സ്വത്വപ്രതിസന്ധി, മാനസിക സംഘർഷങ്ങൾ തുടങ്ങിയ ആധുനിക അറബ് സമൂഹത്തിൻ്റെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്യാനും ഈ കാലഘട്ടത്തിലെ എഴുത്തുകാർ അധ്വാനിച്ചു എന്നതാണ് വാസ്തവം

Update: 2025-11-05 12:31 GMT

​സമകാലിക അറബി സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതുമായ പുരസ്കാരമാണ് ഇന്റർനാഷണൽ പ്രൈസ് ഫോർ അറബിക് ഫിക്ഷൻ (IPAF). ബുക്കർ പുരസ്കാരം കഴിഞ്ഞാൽ ഏറ്റവും മികച്ച അവാർഡായത് കൊണ്ട് അറബി ബുക്കർ എന്ന നിലയിലും ഈ സമ്മാനം അറിയപ്പെടുന്നു. 2020 മുതൽ, കൃത്യമായി പറഞ്ഞാൽ കോവിഡ്-19 മഹാമാരിക്ക് ശേഷം, ഈ പുരസ്‌കാരം നേടിയ കൃതികളും മറ്റ് ശ്രദ്ധേയമായ നോവലുകളും ചേർന്ന് അറബി സാഹിത്യത്തിന് മുമ്പൊന്നുമില്ലാത്ത പുതിയൊരു ഭാവുകത്വം സമ്മാനിച്ചു എന്ന് പറയാം. പതിറ്റാണ്ടുകളായി രാഷ്ട്രീയ അസ്ഥിരതയിലും സാമൂഹിക മാറ്റങ്ങളിലും ഉഴലുന്ന അറബ് ലോകത്തിൻ്റെ ആഴമേറിയ അനുഭവങ്ങളെ ആവിഷ്കരിക്കാൻ കോവിഡാനന്തര യുവ എഴുത്തുകാർക്ക് സാധിച്ചു. യുദ്ധക്കെടുതികൾ, പലായനം, സ്വത്വപ്രതിസന്ധി, മാനസിക സംഘർഷങ്ങൾ തുടങ്ങിയ ആധുനിക അറബ് സമൂഹത്തിൻ്റെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്യാനും ഈ കാലഘട്ടത്തിലെ എഴുത്തുകാർ അധ്വാനിച്ചു എന്നതാണ് വാസ്തവം. IPAF പോലുള്ള വേദികൾ നൽകുന്ന അംഗീകാരം ഈ നോവലുകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയും അവയെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

Advertising
Advertising

​IPAF: അറബ് ലോകത്തിൻ്റെ സാഹിത്യ ഭൂമിക

​IPAF പുരസ്‌കാരം നേടിയ കൃതികൾ അറബ് സമൂഹങ്ങളിലെ ആന്തരികവും ബാഹ്യവുമായ പ്രതിഭാസങ്ങളെയും മാറ്റങ്ങളെയും അടയാളപ്പെടുത്തുന്നതിൽ മുന്നിട്ട് നിന്നു. ഓരോ നോവലും അതത് രാജ്യങ്ങളിലെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും ചരിത്രത്തിൻ്റെയും കണ്ണാടിയായിരുന്നു. ​ഈ വഴിത്തിരിവിൻ്റെ തുടക്കം കുറിച്ചത് 2020-ലെ IPAF ജേതാവായ അബ്ദുൽ വഹാബ് ഈസാവി ആയിരുന്നു.The Spartan Court /അദ്ദീവാനുൽ ഇസ്ബർത്വി അദ്ദേഹത്തിൻ്റെ ബെസ്റ്റ് സെല്ലർ നോവൽ ആയിരുന്നു. 19-ാം നൂറ്റാണ്ടിലെ അൾജീരിയൻ ചരിത്രമാണ് നോവലിൻ്റെ പശ്ചാത്തലം. ഓട്ടോമൻ ഭരണത്തിൻ്റെ അന്ത്യവും ഫ്രഞ്ച് അധിനിവേശത്തിൻ്റെ തുടക്കവും അടയാളപ്പെടുത്തിയ ചരിത്രസന്ധിയിലെ അധികാര മാറ്റങ്ങളും പ്രതിരോധങ്ങളും നോവൽ വരികൾക്കിടയിൽ ചർച്ച ചെയ്യുന്നുണ്ട്. അധികാരം, പ്രതിരോധം, ഗൃഹാതുര ഓർമ്മകൾ എന്നിവയുടെ സൂക്ഷ്മമായ വിശകലനം ഈ നോവലിൻ്റെ പ്രത്യേകതയാണ്.അബ്ദുൽ വഹാബ് ഈസാവി എന്ന അൽജീരിയൻ സാഹിത്യകാരൻ തൻ്റെ നാടിൻ്റെ പോരാട്ടകഥ ലേശം കാല്പനികതയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു.

​2021-ൽ പുരസ്‌കാരം നേടിയ ദഫാതിറുൽ വർറാഖ് /Notebooks of the Bookseller ജലാൽ ബർജസ് എന്ന യുവ ജോർദാനി നോവലിസ്റ്റ് ആധുനിക അറബി സാഹിത്യത്തിൽ മാനസികാരോഗ്യ വിഷയങ്ങൾ എത്രത്തോളം പ്രസക്തമായി ലോകത്തെ മുഴുവൻ പരിചയപ്പെടുത്തി എന്നതിൻ്റെ ഉദാഹരണമാണ്. സാമൂഹികമായി തുറന്നു സംസാരിക്കാൻ മടിക്കുന്ന അപകടകരമായ ഒരു വിഷയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ കൃതിക്ക് സാധിച്ചു. പുസ്തകശാല നഷ്ടപ്പെടുകയും സ്കിസോഫ്രീനിയ രോഗം നിർണ്ണയിക്കപ്പെടുകയും ചെയ്ത ഒരു പുസ്തക വ്യാപാരിയുടെ കഥ പറയുന്ന ഈ നോവൽ, യഥാർത്ഥ ലോകത്തിലെ പരാജയങ്ങളെ അതിജീവിക്കാനുള്ള മാർഗ്ഗമായി തൻ്റെ ഇഷ്ട കഥാപാത്രങ്ങളുടെ വ്യക്തിത്വം സ്വീകരിക്കുന്നതിലൂടെ, യാഥാർത്ഥ്യത്തിൽ നിന്നുള്ള പലായനവും അതിജീവനത്തിനായുള്ള മനുഷ്യൻ്റെ ആന്തരിക പോരാട്ടവും വരച്ചുകാട്ടുന്നു.

​ലിബിയൻ സാഹിത്യത്തിന് ആദ്യമായി IPAF നേടിക്കൊടുത്ത 2022-ലെ കൃതി ഖുബ്സുൻ അലാ ത്വാവിലതിൽ ഖാൽ മീലാദ് (Bread on Uncle Milad's Table) ലൂടെ ലിബിയൻ എഴുത്തുകാരൻ മുഹമ്മദ് അൽനാസ് അറബ് സമൂഹത്തിലെ ലിംഗഭേദ ചിന്തകളെയും പുരുഷത്വത്തിൻ്റെ നിർവചനങ്ങളെയും ധീരമായി ചോദ്യം ചെയ്തു. ഭാര്യ പുറത്തുപോയി ജോലി ചെയ്യുമ്പോൾ ഭർത്താവ് വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് പരമ്പരാഗതമായ അറബി - പുരുഷാധിപത്യ ചിന്താഗതികൾക്ക് നേരെയുള്ള വെല്ലുവിളിയായി മാറുന്നു. കുടുംബത്തിലെ സാമ്പത്തികവും സാമൂഹികവുമായ അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിൻ്റെ മനഃശാസ്ത്രപരമായ സ്വാധീനം നോവൽ ചർച്ച ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം വിളിച്ചോതിയ നോവലാണ് 2023-ലെ ജേതാവായ തഗ്രീബതുൽ ഖാഫിസ് /Exile of the Water Diviner ഒമാനി കഥാകൃത്ത് സഹ്റാൻ അൽഖാസ്മിയുടെ നോവലാണ്. ഒമാൻ്റെ പ്രാദേശിക ചരിത്രത്തിലെ 'ഫലാജ്' (പുരാതന ജലസേചന സംവിധാനം) പോലുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതകളെ ആഗോളതലത്തിലെ ജലക്ഷാമം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ഒമാനി ഗ്രാമങ്ങളിലെ ജലത്തിൻ്റെ രാഷ്ട്രീയവും ആത്മീയവുമായ മൂല്യം, ജലസ്രോതസ്സുകൾ തേടി പോകുന്ന ഒരു ജലജ്ഞാനിയുടെ കഥയിലൂടെ നോവൽ ആവിഷ്കരിക്കുന്നു.

​ഏറ്റവും ഒടുവിലായി 2024-ൽ പുരസ്‌കാരം നേടിയ ഖിനാഅ് ബിലൗനിസ്സമാ /A Mask, the Colour of the Sky ബാസിം ഖന്ദഖ്ജി എന്ന പോരാളിയുടെ ആത്മകഥാംശമുള്ള നോവലാണ്. ഫലസ്തീനിയൻ എഴുത്തുകാരനായ അദ്ദേഹം ഇസ്രായേൽ ജയിലിൽ കഴിയുന്നതിനിടെ രചിച്ച നോവലാണിത് . അഭയാർഥിയായ നൂർ ഒരു ഇസ്രാഈലി ഐഡി കാർഡ് കണ്ടെത്തി വ്യാജനാമത്തിൽ പുരാവസ്തു ഖനന കമ്പനിയിൽ ചേരുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഫലസ്തീനിയൻ സ്വത്വപ്രതിസന്ധിയെ പുതിയൊരു തലത്തിൽ അവതരിപ്പിച്ച ഈ നോവലിന് അവാർഡ് ലഭിച്ചതിനെ തുടർന്ന് എഴുത്തുകാരൻ അധികാരികളാൽ മർദ്ദിക്കപ്പെടുകയും പിന്നീട് ഏകാന്ത തടവിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇത് ആ നോവലിൻ്റെ പ്രമേയത്തിന് അധിനിവേശം, സ്വത്വപ്രതിസന്ധി എന്നിങ്ങനെ പുതിയൊരു രാഷ്ട്രീയ മാനം നൽകി.

​ആഖ്യാന രീതികളിലെയും വിഷയങ്ങളിലെയും നവീകരണം

​IPAF നേടിയ കൃതികൾക്കൊപ്പം, സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്ത മറ്റ് നോവലുകളും വായനക്കാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. പ്രവാസ ജീവിതത്തിൻ്റെ ഒറ്റപ്പെടലും സങ്കീർണ്ണതകളും ചർച്ച ചെയ്ത നോവലായ അൽ ആശിഖുസ്സിർറി ലിൽ മുസ്തശാർ മെർക്കിൽ / The Secret Lover of the Consultant: Merkel എന്ന രീം നജ്മിയുടെ നോവൽ യൂറോപ്യൻ സമൂഹത്തിൽ ലയിച്ചുചേരാനുള്ള കുടിയേറ്റക്കാരുടെ തീവ്രമായ മാനസികാവസ്ഥയുടെ പ്രതീകമാണ്. ബൈതു ഖൗല/Khawla's House എന്ന ബുഥൈന അൽ-ഈസയുടെ നോവൽ കുവൈത്തി സമൂഹത്തിലെ സാംസ്കാരിക സംഘർഷങ്ങളെയും ഇൻആം കജേജിയുടെ സ്വൈഫ് സുവൈസിരി / Swiss Summer ഓർമ്മയുടെയും സ്വത്വത്തിൻ്റെയും ദാർശനിക തലങ്ങളെയും സ്പർശിക്കുന്നു.

​ഈ കാലയളവിൽ അറബി സാഹിത്യത്തിൽ ആഖ്യാന രീതികളിലും വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും പുതിയ മാറ്റങ്ങൾ പ്രകടമായി. ആഗോള സാഹിത്യ പ്രവണതകൾ പുലർത്തുന്ന പല കാര്യങ്ങളും അറബി ഭാഷയിലും സാഹിത്യത്തിലും നിലവിൽ വന്നു. ഉദാഹരണത്തിന്

​1. കത്ത് കഥകൾ (എപ്പിസ്റ്റോളറി ഫിക്ഷൻ)

​കത്തുകൾ, ഡയറിക്കുറിപ്പുകൾ, സന്ദേശങ്ങൾ പോലുള്ള രേഖാമൂലമുള്ളവയിലൂടെ കഥ പറയുന്ന രീതിയാണ് കത്ത് കഥകൾ അഥവാ ലേഖന രൂപത്തിലുള്ള ആഖ്യാനങ്ങൾ. ഇത് കഥാപാത്രങ്ങളുടെ ആഴത്തിലുള്ള വൈകാരിക ലോകം വായനക്കാരന് മുന്നിൽ തുറന്നു കാണിക്കാൻ സഹായിക്കുന്നു. 2019-ൽ പുരസ്‌കാരം നേടിയെങ്കിലും 2020-ന് ശേഷവും ഏറെ ചർച്ച ചെയ്യപ്പെട്ട നോവലാണ് ബരീദുലൈൽ / The Night Mail  ഹുദാ ബറകാത്ത് കത്തുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന വിവിധ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ഒറ്റപ്പെട്ട ജീവിതങ്ങളും, അതിജീവനത്തിനായുള്ള അവരുടെ ശ്രമങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചു.

​2. ഊഹാധിഷ്ഠിത സാഹിത്യവും ദുരന്തലോക കഥകളും

​സാമ്പ്രദായികമായ സാഹിത്യ രീതികളിൽ നിന്ന് മാറി, ഊഹാധിഷ്ഠിത സാഹിത്യം (Speculative Fiction), ദുരന്തലോക കഥകൾ (Dystopian Stories) എന്നിവയുടെ വളർച്ച അറബി സാഹിത്യത്തിൽ വളരെ അവസാനത്തിൽ മാത്രമാണ് ശ്രദ്ധേയമായത്. ഈ വിഭാഗങ്ങൾ, നിലവിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ ഭാവനാത്മകമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നവയാണ്. ഉദാഹരണത്തിന്, ഓർമ്മകൾ മായ്ക്കുന്നതിനെക്കുറിച്ചുള്ള ഉപരിസൂചിത Swiss Summer ഒരുതരം ഊഹാധിഷ്ഠിത സാഹിത്യമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെയും സാമൂഹിക അസമത്വങ്ങളെയും വിമർശിക്കാൻ ദുരന്തലോക കഥാചിത്രീകരണങ്ങൾ ഉപയോഗിക്കുന്നത് അറബ് എഴുത്തുകാർക്ക്, പ്രത്യേകിച്ച് രാഷ്ട്രീയ വിമർശനങ്ങളുടെ കാര്യത്തിൽ, നേരിട്ടുള്ള പ്രതിരോധം ഒഴിവാക്കാൻ ഒരു മറയായി വർത്തിക്കുന്നു.

​ഈ കൃതികളെല്ലാം സൂചിപ്പിക്കുന്നത് അറബി സാഹിത്യത്തിലെ ശ്രദ്ധേയമായ പ്രവണതകളാണ്. ആഗോള ഭാഷകളെ പോലെ അറബി ഭാഷയിലും കഥാപാത്രങ്ങളുടെ ആന്തരിക ലോകത്തിലേക്കുള്ള ശ്രദ്ധ വർദ്ധിച്ചു, പലായനം, ഡയസ്പോറ എന്നിവയുടെ മാനസികാഘാതങ്ങൾ പല നോവലുകളുടെയും കേന്ദ്രബിന്ദുവായി. അറബ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്നുള്ള പ്രവാസവും പലായനാനന്തര ജീവിതവും മുഖ്യവിഷയങ്ങളായി. പരമ്പരാഗതമായ ലിംഗപരമായ റോളുകൾ ചോദ്യം ചെയ്യപ്പെടുകയും സാമൂഹിക വിമർശനം ശക്തമാവുകയും ചെയ്തു. കൂടാതെ, ചരിത്രം, ഊഹാധിഷ്ഠിത സാഹിത്യം, ദുരന്തലോക കഥകൾ തുടങ്ങിയ വിഭാഗീയ വൈവിധ്യം അറബി സാഹിത്യത്തിൽ പ്രകടമായി. ഈ പ്രവണതകളെല്ലാം ചേർന്ന്, അറബി നോവൽ കേവലം രാഷ്ട്രീയ സംഭവങ്ങളുടെ രേഖപ്പെടുത്തലിൽ നിന്ന് മാറി, മനുഷ്യൻ്റെ സങ്കീർണ്ണമായ നിലനിൽപ്പിനെക്കുറിച്ചുള്ള അന്വേഷണമായി പരിണമിച്ചു എന്ന് പറയാം. ​ചുരുക്കത്തിൽ, കോവിഡാനന്തര നോവലുകൾ അറബി സാഹിത്യത്തിലെ പരിവർത്തനത്തിൻ്റെ തുടക്കമാണ് എന്ന് പറയാം. ഈ കൃതികൾ ആഴമേറിയ വിഷയങ്ങളെ ധൈര്യപൂർവം സമീപിക്കുകയും, അറബ് യുവതയുടെ വൈവിധ്യമാർന്ന അനുഭവങ്ങളെയും വേദനകളെയും പ്രതീക്ഷകളെയും ലോകത്തിന് മുന്നിൽ ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഡോ. ഹഫീദ് നദ്‌വി

contributor

Similar News