ആട്ടിയിറക്കപ്പെട്ട രാജകുമാരൻ, രക്ഷപ്പെട്ട യുദ്ധക്കുറ്റവാളി, മേയറായ കുടിയേറ്റക്കാരൻ
ഒരു സ്ഥാന നഷ്ടം, ഒരു ജീവനഷ്ടം, ഒരു സ്ഥാനലബ്ധി: രാജകുമാരൻ രാജകുമാരനല്ലാതായി; ലക്ഷങ്ങളെ കൊന്ന ഭരണാധികാരി ശിക്ഷ കിട്ടാതെ മരിച്ചു; ട്രംപിന്‍റെ ന്യൂയോർക്കിൽ കുടിയേറ്റക്കാരൻ ഭരണം പിടിച്ചു. അധികാരത്തിന്‍റെ, മാധ്യമപ്രവർത്തനത്തിന്‍റെ ഭാവങ്ങൾ പകർത്തിയ മൂന്നു സംഭവങ്ങൾ
ആട്ടിയിറക്കപ്പെട്ട രാജകുമാരൻ, രക്ഷപ്പെട്ട യുദ്ധക്കുറ്റവാളി, മേയറായ കുടിയേറ്റക്കാരൻ
ഒരു സ്ഥാന നഷ്ടം, ഒരു ജീവനഷ്ടം, ഒരു സ്ഥാനലബ്ധി: രാജകുമാരൻ രാജകുമാരനല്ലാതായി; ലക്ഷങ്ങളെ കൊന്ന ഭരണാധികാരി ശിക്ഷ കിട്ടാതെ മരിച്ചു; ട്രംപിന്‍റെ ന്യൂയോർക്കിൽ കുടിയേറ്റക്കാരൻ ഭരണം പിടിച്ചു. അധികാരത്തിന്‍റെ, മാധ്യമപ്രവർത്തനത്തിന്‍റെ ഭാവങ്ങൾ പകർത്തിയ മൂന്നു സംഭവങ്ങൾ. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനെ സഹോദരനായ ചാൾസ് രാജാവ് ആ പദവിയിൽ നിന്ന് പുറത്താക്കി; കൊട്ടാരത്തിൽ നിന്നും ഒഴിവാക്കി. രാജഭരണത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കെ, ആൻഡ്രൂവിനെക്കുറിച്ചുള്ള സ്ത്രീ പീഡന കഥകൾ കണ്ടില്ലെന്നു നടിക്കാനാകാത്ത അവസ്ഥ വന്നിട്ട് കുറച്ചായി. അതിനിടക്കാണ് കഴിഞ്ഞ മാസം 21ന് ഒരു പുസ്തകം പുറത്തുവരുന്നത്. 17 വയസ്സുമുതൽ പീഡനത്തിനിരയായ ശേഷം ധീരമായി പൊരുതുകയും ഒടുവിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത വെർജീനിയ ജൂഫ്രേയുടെ ഓർമ്മക്കുറിപ്പുകൾ.
ശിക്ഷക്ക് വിധിക്കപ്പെട്ടതോടെ ആത്മഹത്യയിൽ അഭയം തേടിയ ജെഫ്രി എപ്സ്റ്റൈൻ എന്ന പെൺവാണിഭക്കാരന്‍റെ ചങ്ങാതിയായിരുന്നു ആൻഡ്രൂ. എപ്സ്റ്റൈന്‍റെ സുഹൃത്തായിരുന്നു പ്രസിഡന്‍റ് ട്രംപും. പുസ്തകത്തിൽ അദ്ദേഹത്തിന്‍റെ പേര് പറയുന്നില്ല. എങ്കിലും ഭരണകൂടത്തിന്‍റെ ഭാഗമായവർ പുസ്തകം വായിച്ച്, കണ്ണാടി നോക്കണമെന്ന് എം.എസ്.എൻ.ബി.സി ചാനൽ.
ആൻഡ്രൂവിന് ഇത്രയെങ്കിലും ശിക്ഷ അനുഭവിക്കേണ്ടി വന്നല്ലോ എന്ന് വിചാരിക്കുക. അതേസമയം, ലക്ഷങ്ങളെ കൊന്നിട്ട് ഒരു ശിക്ഷയുമനുഭവിക്കാതെ ഈ ലോകം വിട്ടവരുണ്ട്. മുൻ യു.എസ് വൈസ് പ്രസിഡന്‍റ് ഡിക്ക് ചേനിയെപ്പോലെ.അധികമാരും പറയാത്ത, പറഞ്ഞാൽ ഗൂഢാലോചനാ സിദ്ധാന്തമെന്നു പറഞ്ഞ് തള്ളുന്ന, ഒരു കാര്യമുണ്ട്. അമേരിക്കയുടെ പുതിയ സാമ്രാജ്യത്വ വ്യാപനവും അതിന്‍റെ രീതിയും മുൻകൂട്ടി ആസൂത്രണം ചെയ്ത സംഭവം. Project For the American Century (PNAC) എന്ന പദ്ധതിയാണത്. ചേനിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പദ്ധതിയുമായി ചേരുന്നുണ്ട്, അയാളുടെ നേതൃത്വത്തിൽ അരങ്ങേറിയ അധിനിവേശങ്ങൾ.
എന്തായിരുന്നു PNACയുടെ പദ്ധതി? ശീത സമരം കഴിഞ്ഞിരിക്കെ, അമേരിക്കക്ക് ആഗോള ശക്തിയായി ഉയരാൻ പാതയൊരുക്കുക. സൈനിക തന്ത്രം മാറ്റിപ്പണിയുക. ഇങ്ങോട്ട് ആക്രമിക്കാൻ ആരെയും അനുവദിക്കാതെ, അങ്ങോട്ട് ആക്രമിക്കുക. സെപ്റ്റംബർ11ന് പിന്നാലെ പദ്ധതി പുലരുകയായി.
ഇറാഖിനെയും മറ്റും ആക്രമിക്കാനുള്ള ന്യായമായിക്കൊണ്ട്, പേൾഹാർബർ സംഭവം പോലൊന്ന് നടന്നാൽ മതിയാകും എന്ന സൂചന ഇതിന്‍റെ പ്രമാണത്തിലുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിൽ അണുബോംബിടാൻ അമേരിക്ക കാരണമാക്കിയത് പേൾഹാർബറിലെ ജാപ്പനീസ് ആക്രമണമാണല്ലോ. ന്യൂയോർക് ഭീകരാക്രമണം നടന്നത് PNAC പ്രമാണമിറങ്ങിയതിന്‍റെ തൊട്ടടുത്ത വർഷമാണ്. സെപ്റ്റംബർ11 പോലൊന്ന് ചേനിയുടെയും കൂട്ടരുടെയും താല്പര്യമായിരുന്നു. അതിന്‍റെ ഗുണഭോക്താക്കളും അവരായിരുന്നു.
അവർ ഇറാഖിലെയും മറ്റും എണ്ണ കൊള്ളയടിച്ചു. ലോകമെങ്ങും അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥാപിച്ചു.
അങ്ങനെ കൈയ്യൂക്കിന്‍റെ ലോകക്രമം തിരിച്ചു കൊണ്ടുവന്ന ഡിക് ചേനിയെ സ്തുതികൊണ്ട് മൂടാൻ ശ്രമിച്ച അതേ മാധ്യമങ്ങളാണ് ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ ആക്ഷേപിക്കാൻ മുന്നിലുള്ളത്. യു.എസ് സാമ്പത്തിക സിരാകേന്ദ്രമായ വാൾസ്ട്രീറ്റിന്‍റെയും വലതുപക്ഷ, ഇടതുവിരുദ്ധ, മാധ്യമങ്ങളുടെയും നഗരമാണ് ന്യൂയോർക്. ബിസിനസ്, ധനകാര്യ ചാനലുകൾ മംദാനി ഉന്നയിച്ച ജനകീയ വിഷയങ്ങൾ അവഗണിച്ചു; ന്യൂയോർക്കിലെ ഗണ്യമായ ജൂതവിഭാഗം മംദാനിയെ പിന്തുണച്ചു. എന്നാൽ ഇസ്രായേലി പക്ഷ ലോബികൾ അദ്ദേഹത്തിനെതിരെ വൻ പ്രചാരണം നടത്തി.
പക്ഷേ ഒടുവിൽ പ്രചാരണങ്ങളുടെ പുകമറ നീക്കി ജനവിശ്വാസം വെളിപ്പെട്ടു. അവിടെ തോറ്റുപോയത് മുഖ്യ എതിരാളി ക്വോമോയും അദ്ദേഹത്തെ തുണച്ച ട്രംപും ഇസ്രായേലി ലോബിയും മാത്രമല്ല, അധികാരത്തോടുള്ള അടുപ്പത്തിൽ ജനങ്ങളിൽ നിന്ന് അകന്നുപോയ മാധ്യമങ്ങൾ കൂടിയാണ്.
ചെമ്പാകുന്ന സ്വർണം അഥവാ ഒരു കേരള ക്രൈം ത്രില്ലർ
ഒക്ടോബറിലെ മലയാള പത്രങ്ങളുടെ മുൻ പേജുകളാകെ സ്വർണമയമായിരുന്നു. നല്ലൊരു കുറ്റാന്വേഷണ സിനിമയുടെ തിരക്കഥ അതിൽ നിന്ന്, സ്വർണം ചെമ്പാക്കുന്നതിലുമെളുപ്പത്തിൽ, വേർതിരിക്കാം.ഹൈകോടതി ഇടപെട്ടിരുന്നില്ലെങ്കിൽ കുറ്റം കണ്ടെത്തുമായിരുന്നോ? അന്വേഷണം കോടതി ഏൽക്കേണ്ടി വരുവോളം കൊള്ളരുതാത്തതായോ നമ്മുടെ കുറ്റാന്വേഷണ സംവിധാനം?
മാതൃകാ ജനാധിപത്യത്തിൽ നിന്ന് മോഡൽ ജനാധിപത്യത്തിലേക്ക്
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഏറ്റവും ഗൗരവമേറിയ വശമാണ് സ്വതന്ത്ര തെരഞ്ഞെടുപ്പ്. പക്ഷേ ഇന്നത്തെ ഇലക്ഷൻ കമിഷൻ അതിനെ ഒരു തമാശയാക്കിയിരിക്കുന്നു. ഇലക്ഷൻ സംവിധാനമെന്ന തമാശ. “മോഡൽ ജനാധിപത്യ”ത്തിന് ഇങ്ങനെയും അർഥമുണ്ടെന്ന്, ബ്രസീലിലെ മോഡലിന്‍റെ പടവുമായി കുറെ കള്ളവോട്ട് സൃഷ്ടിച്ചുകൊണ്ട് ഇലക്ഷൻ കമിഷൻ കാണിച്ചു തന്നിരിക്കുന്നു. നവംബർ5ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ, ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമിഷൻ കൂട്ടുനിന്നതിന്‍റെ തെളിവുകൾ നിരത്തി. ഒറ്റദിവസം, ഇൻസ്റ്റഗ്രാമിൽ മാത്രം, രണ്ടുകോടി പേർ കണ്ട വെളിപ്പെടുത്തൽ. സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിൽ ഒരേയാൾക്ക് 22 വോട്ടുകൾ. ഫോട്ടോയിലുള്ളതോ ബ്രസീലുകാരി! കള്ളത്തരം പോലും “ശരിക്ക്” നടത്താനാവാത്ത കമിഷൻ നിലവാരം. അങ്ങനെ ഇന്ത്യയെന്ന മാതൃകാ ജനാധിപത്യം രാജ്യാന്തര മോഡൽ ജനാധിപത്യമായി. ഇലക്ഷൻ കമിഷൻ എന്ന മോഡൽ സ്ഥാപനത്തിന് നന്ദി.