ബിബിസി: കുറ്റങ്ങൾ അനേകം, പക്ഷേ കുടുങ്ങിയത് ഒരു അമളിയുടെ പേരിൽ
വീണ്ടുമൊരു ഭീകരാക്രമണം. വീണ്ടും വ്യാജകഥകൾ. വീണ്ടും വിദ്വേഷ പ്രചാരണങ്ങൾ.
‘വാളെടുത്തവൻ വാളാൽ' എന്ന ചൊല്ല് ബിബിസിക്ക് ചേരും. ഈ ബ്രിട്ടീഷ് മാധ്യമ സ്ഥാപനം ആർക്കുവേണ്ടി വാർത്തകൾ വളച്ചൊടിച്ചും മറച്ചുപിടിച്ചും സേവനം ചെയ്തോ, അതേ സയണിസ്റ്റ് പക്ഷ, ട്രംപ് പക്ഷ, വലതുപക്ഷ, ശക്തികൾ അതിനിട്ട് നന്നായി പ്രഹരിച്ചു. ഇതിന് കാരണമായത് യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണിയാണ്: ബിബിസിക്കെതിരെ 100 കോടി ഡോളറിന്‍റെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന്. ഈ ഭീഷണിക്ക് അടിസ്ഥാനമായതാകട്ടെ, ഡെയിലി ടെലിഗ്രാഫ് പത്രത്തിന് ആരോ ചോർത്തിക്കൊടുത്ത ഒരു സ്വകാര്യ റിപോർട്ടാണ്. ബിബിസിയിൽ നിന്ന് ചോർന്ന ഒരു ആഭ്യന്തര റിപ്പോർട്ടും.
അതിൽ, ബിബിസിക്ക് പിണഞ്ഞ ചില തെറ്റുകൾ ചൂണ്ടിക്കാട്ടി. കൂട്ടത്തിൽ, ട്രംപ് മുമ്പ് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കലാപത്തിന് അണികളെ ആഹ്വാനം ചെയ്തത് എടുത്തുകാട്ടാനായി കാണിച്ച അദ്ദേഹത്തിന്‍റെ ഒരു പ്രസംഗ വിഡിയോയും. ആ വിഡിയോയിൽ ബിബിസി ചില്ലറ കൈക്രിയകൾ ചെയ്തിരുന്നു. ഇത് പറഞ്ഞുള്ള സ്വകാര്യ റിപ്പോർട്ട് തയാറാക്കിയത് ഒരു വലതുപക്ഷക്കാരൻ. അത് ചോർത്തി വാർത്തയാക്കിയത് വലതുപക്ഷ മാധ്യമം. ഇസ്രായേലിനെ ബിബിസി വല്ലാതെ എതിർക്കുന്നു എന്നും, ഫലസ്തീൻ അനുകൂല വാർത്തകൾ കൊടുക്കുന്നു എന്നുമൊക്കെ ആരോപിച്ചതിനൊപ്പമാണ് ആ സ്വകാര്യ റിപ്പോർട്ടിൽ ബിബിസിക്കു പിണഞ്ഞ എഡിറ്റിങ് പിഴവുകൂടി എടുത്തുകാട്ടിയത്.
മാധ്യമങ്ങൾ നടത്തുന്ന, പലപ്പോഴും പിടിക്കപ്പെടാത്ത, കൃത്രിമങ്ങളുടെ ഉദാഹരണമാണിത്. അതേസമയം, പിശകല്ലാതെ, ബിബിസി പച്ചയായ വിവേചനം പുലർത്തുന്നുണ്ട്. അത് ഇസ്രായേലിന് അനുകൂലമായാണെന്നു മാത്രം. ബി.ബി.സിക്കു ചായ്‌വുണ്ട്. ഫലസ്തീന് എതിരെയാണ് ആ ചായ്‌വ്. ഇപ്പോൾ മറിച്ച് പറഞ്ഞുണ്ടാക്കുന്നത്, ഇസ്രായേലിനും അമേരിക്കക്കും സഹതാപം വാങ്ങിക്കൊടുക്കാനാവും. സത്യമെന്താണെന്ന് നോക്കാം.
ഗസ്സയിൽ ഡോക്ടർമാരെ റാഞ്ചിയും കൊന്നും ഇസ്രായേൽ ചെയ്യുന്ന യുദ്ധക്കുറ്റങ്ങൾ വിവരിക്കുന്ന ഒരു മികച്ച ഡോക്യുമെന്‍ററി ബിബിസി ഒരു റിപ്പോർട്ട് തയാറാക്കി. ആരോഗ്യ പ്രവർത്തകരെ പിടിച്ച്, ഒരു നിയമവും ബാധകമല്ലാത്ത ബ്ലാക്ക് സൈറ്റ് എന്നറിയപ്പെടുന്ന ഇടങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചതിന്‍റെ സാക്ഷ്യങ്ങളടക്കം അതിലുണ്ടായിരുന്നു.
എന്നിട്ടെന്തു സംഭവിച്ചു? ‘Gaza: Doctors Under Attack' എന്ന ഈ സ്വന്തം ഡോക്യുമെന്‍ററി, സംപ്രേഷണം ചെയ്യാതെ ബിബിസി ഉപേക്ഷിച്ചു. ഇതിനു മുമ്പ് മറ്റൊരു ഡോക്യുമെന്‍ററിയും ബിബിസി ഉപേക്ഷിച്ചിരുന്നു. ‘Gaza: How to Survive a War Zone’ എന്ന ആ ഫിലിമിൽ, യുദ്ധമുഖത്ത് അതിജീവിക്കാൻ പ്രയാസപ്പെടുന്ന, ഒറ്റപ്പെട്ട നാലു കുട്ടികളുടെ അനുഭവങ്ങളാണ് പകർത്തിയത്. ഇതും ബിബിസി ഉപേക്ഷിച്ചു. ഇസ്രായേലി ഭീകരതയുടെ ദൃശ്യങ്ങൾ കാണിച്ച ഈ വാർത്താ ചിത്രം ഉപേക്ഷിക്കാൻ കാരണമായി ബിബിസി പറഞ്ഞത്, അതിൽ വിവരണം നൽകുന്ന 13കാരനായ ബാലന്‍റെ പിതാവ് ഗസ്സയിലെ ഹമാസ് സർക്കാറിലെ മന്ത്രിയാണ് എന്നതത്രെ. ഇതാണ് ബിബിസിയുടെ രീതി. ഇസ്രായേലിനെതിരെങ്കിൽ സത്യം പറയാതിരിക്കുക.
ജനസൈഡ് (വംശഹത്യ), സ്റ്റാർവേഷൻ (പട്ടിണിക്കിടൽ) തുടങ്ങിയ വാക്കുകൾ ചർച്ചക്കിടയിൽ ആരെങ്കിലും പറഞ്ഞു പോയാൽ അവതാരകൻ ഇടപെട്ട് തടയും. നൂറിലേറെ തവണ ജനസൈഡ് എന്ന വാക്ക് തടഞ്ഞിട്ടുണ്ട്. സിവിലിയൻ പ്രദേശങ്ങൾ ബോംബിട്ട് നിരപ്പാക്കുന്ന ഇസ്രായേലിന്‍റെ ‘ദഹിയ’ നയത്തെപ്പറ്റി ബി.ബി.സി മിണ്ടില്ല. ഇസ്രായേലി നേതാക്കളുയർത്തിയ വംശഹത്യ ഭീഷണികൾ ഒന്നും റിപ്പോർട്ട് ചെയ്യില്ല. ജേണലിസ്റ്റുകളെ ലക്ഷ്യമിട്ട് കൊല്ലുന്നത് വാർത്തയാക്കില്ല. എന്തിനേറെ, നിഷ്പക്ഷത ഉറപ്പുവരുത്താൻ നിയമിക്കപ്പെട്ട റോബി ഗിബ് എന്ന ഡയറക്ടർ തന്നെ ഇസ്രായേലി ചായ്‌വുള്ളയാളാണ്.
ഇസ്രായേലിനെതിരായ വാക്കുകളും വാക്യഘടനയും എഡിറ്റ് ചെയ്ത് മാറ്റണമെന്ന് ശാഠ്യമുള്ള റഫി ബെർഗ് ആണ് ബി.ബി.സി ഓൺലൈൻ എഡിറ്റർ. അയാൾ ഒരു നെതന്യാഹു ഭക്തൻ കൂടിയാണ്. വേറെയുമുണ്ട് ബിബിസിയിൽ കയറിക്കൂടിയ സയണിസ്റ്റ് ലോബിക്കാർ. അവർ നേർവാർത്ത മറച്ചുവെക്കുന്നു. മികച്ച ജേണലിസ്റ്റുകൾ ബി.ബി.സിയിലുണ്ട്. അവരിൽ പലരും സഹികെട്ട് പുറത്തുപോയി. കുറെ പേർ ശ്വാസം മുട്ടി അതിൽ തുടരുന്നു. ബി.ബി.സിയുടെ ജീർണത തെളിയിക്കുന്ന ലേഖനങ്ങൾ, പഠനങ്ങൾ, റിപ്പോർട്ടുകൾ, ധാരാളമുണ്ട്. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പൊതുമേഖലാ മാധ്യമ സ്ഥാപനമെന്ന നിലക്ക് മികച്ച മാതൃകയായിരുന്നു ബിബിസി. ഇന്ന് അത് നട്ടെല്ലില്ലാത്ത, സ്വന്തം തത്ത്വങ്ങളോട് കൂറില്ലാത്ത, ജീർണ ജേണലിസത്തിന്‍റെ പക്ഷത്തേക്ക് നീങ്ങുകയാണ്.
വീണ്ടുമൊരു ഭീകരാക്രമണം. വീണ്ടും വ്യാജകഥകൾ. വീണ്ടും വിദ്വേഷ പ്രചാരണങ്ങൾ.
ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനിടക്ക് വരുന്നു, ഡൽഹി ഭീകരാക്രമണ വാർത്ത. സമൂഹ മാധ്യമങ്ങളാണ് ആദ്യം പ്രതികരിച്ചത്. ചിലർ, വിവിധ ഭീകരാക്രമണങ്ങൾ എടുത്തു കാട്ടി. എല്ലാറ്റിലും അതാത് കാലത്തെ ഭരണകക്ഷി എന്തോ കുടുക്കിലാകുമ്പോഴാണ് ഭീകരർ ഇറങ്ങുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തോൽക്കുമെന്ന പ്രവചനങ്ങളിരിക്കെയാണ് പുൽവാമ ഭീകരാക്രമണവും പിന്നീട് ഇന്ത്യയുടെ തിരിച്ചടിയും. ഇന്ത്യയുടെ അനാസ്ഥയാണ് ഭീകരാക്രമണം സാധ്യമാക്കിയതെന്ന് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽമാലിക് പിന്നീട് തുറന്നടിച്ചു.
സർക്കാർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി അരങ്ങേറുന്ന നാടകങ്ങളാണ് എല്ലാ ഭീകരാക്രമണങ്ങളും എന്ന് പറയാനാകില്ല. എങ്കിലും അത്തരം ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴത്തെ ഡൽഹി ഭീകരാക്രമണത്തിന്‍റെ ആദ്യ റിപ്പോർട്ടുകൾ പരസ്പര വിരുദ്ധമായിരുന്നു. സുരക്ഷാ വീഴ്‌ചയുടെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഏറെ മാധ്യമങ്ങൾ തയാറായില്ല എന്നത് ശ്രദ്ധേയമായി. പതിവുപോലെ ഇവിടെയും വിദ്വേഷ പ്രചാരണങ്ങൾക്ക് ക്ഷാമമുണ്ടായില്ല. പ്രത്യേകിച്ച് ദേശീയ ചാനലുകളിൽ. ഭീകരാക്രമണങ്ങൾ തടയപ്പെടണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. പക്ഷേ അന്വേഷണങ്ങളെപ്പോലും ഗതിമാറ്റാൻ പോന്ന വ്യാജങ്ങളാണ് പലപ്പോഴും ഒന്നാം ദിവസം തൊട്ട് മാധ്യമങ്ങളിൽ കാണുക. അവ ഉല്പാദിപ്പിക്കുന്നത് വർഗീയ മുൻവിധികളാണ്.