നയം മാറിയാൽ നിറം മാറുമോ? (എൻഇപി അന്വേഷണ പരമ്പര-3) 'സംവരണ'ത്തോട് അയിത്തം, പിന്നാക്ക പരിഹാരത്തിന് മെറിറ്റും സ്‌കോളർഷിപ്പും

പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സവിശേഷമായിക്കണ്ട് അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സംവരണമടക്കം സവിശേഷ പദ്ധതികൾ പ്രത്യക്ഷമായിത്തന്നെ ശിപാർശ ചെയ്യുന്നതായിരുന്നു ഇതുവരെ പിന്തുടർന്നിരുന്ന 1986ലെ വിദ്യാഭ്യാസ നയം. അത് പരിഷ്‌കരിച്ച കേന്ദ്ര സർക്കാർ, പകരം ഇവരടക്കം എല്ലാതരം ദുർബല-പീഡിത വിഭാഗങ്ങളെയും SDGE എന്ന പേരിൽ ഒരേ തട്ടിലേക്ക് കൊണ്ടുവരികയാണ് ഈ പ്രയോഗത്തിലൂടെ ചെയ്യുന്നത്- നയം വന്നാൽ നിറം മാറുമോ എന്ന പരമ്പരയുടെ ഭാഗം-3 വായിക്കാം

Update: 2025-10-31 13:49 GMT

സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് അഥവ SDGE - പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന് സംഭാവന ചെയ്യുന്ന പ്രയോഗമാണിത്. സ്ത്രീ, ട്രാൻസ്‌ജെന്റർ, എസ്‌സി/എസ്ടി, ഒബിസി, ന്യൂനപക്ഷം, ഗ്രാമങ്ങൾ, ചെറുപട്ടണങ്ങൾ, ഭിന്നശേഷിക്കാർ, അഭയാർഥികൾ, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, അനാഥർ, നഗരങ്ങളിലെ കുട്ടി യാചകർ, കുട്ടിക്കടത്തിനിരയായവർ, അനാഥർ, നഗരത്തിലെ ദരിദ്രർ എന്നിവരാണ് SDGE എന്ന വിഭാഗത്തിൽ ഉൾപെടുകയെന്നും വിദ്യാഭ്യാസ നയരേഖ വ്യക്തമാക്കുന്നു. എല്ലാവർക്കും പഠനം, തുല്യത, ഉൾചേർക്കൽ എന്ന തലക്കെട്ടിലാണ് ഈ പ്രയോഗവും നിർവചനവും കാണാനാവുക. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സവിശേഷമായിക്കണ്ട് അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സംവരണമടക്കം സവിശേഷ പദ്ധതികൾ പ്രത്യക്ഷമായിത്തന്നെ ശിപാർശ ചെയ്യുന്നതായിരുന്നു ഇതുവരെ പിന്തുടർന്നിരുന്ന 1986ലെ വിദ്യാഭ്യാസ നയം. അത് പരിഷ്‌കരിച്ച കേന്ദ്ര സർക്കാർ, പകരം ഇവരടക്കം എല്ലാതരം ദുർബല-പീഡിത വിഭാഗങ്ങളെയും SDGE എന്ന പേരിൽ ഒരേ തട്ടിലേക്ക് കൊണ്ടുവരികയാണ് ഈ പ്രയോഗത്തിലൂടെ ചെയ്യുന്നത്. ചരിത്രപരമായി സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവരെ പ്രത്യേകമായി പരിഗണിക്കുക എന്ന ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന ഈ കാഴ്ചപ്പാടിൽ നിന്ന് വഴിമാറി നടക്കാനുള്ള പോംവഴിയായി മാറുകയാണ് SDGE എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പുതിയ വിഭാഗം.

Advertising
Advertising

Read Alsoനയം വന്നാൽ നിറം മാറുമോ - 2 കേന്ദ്രീകൃത നിയന്ത്രണം, നയത്തിൽ രാഷ്ട്രീയം

എസ്‌സി/എസ്ടി, ഒബിസി, മൈനോരിറ്റി എന്നിവരുടെ വിദ്യാഭ്യാസം പ്രത്യേക തലക്കെട്ടായാണ് ഇതുവരെ പിന്തുടർന്നിരുന്ന വിദ്യാഭ്യാസ നയം കൈകാര്യം ചെയ്തിരുന്നത്. ജാതീയ സ്വഭാവമുള്ള പാമർശങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണം, അർഹമായ സംവരണം നൽകണം, സാമൂഹികമായി പിന്നാക്കമായവരുടെ സാന്നിധ്യം സ്‌കൂളുകളിൽ ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കണം, എസ്‌സി/എസ്ടി വിഭാഗങ്ങളിൽ നിന്ന് അധ്യാപകരെ നിയമിക്കണം തുടങ്ങിയവ പഴയ നയത്തിൽ പ്രാധാന്യപൂർവം ഉൾകൊള്ളിച്ചിരുന്നു. എന്നാൽ പുതിയ നയമാകട്ടെ, സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന ദുർബലവിഭാഗങ്ങളെ സാമ്പത്തികവും ഭരണപരവുമായതടക്കം പലതരം കാരണങ്ങളാൽ പിന്തള്ളപ്പെട്ടുപോയവരുടെ കൂട്ടത്തിൽ ചേർക്കുകയാണ് ചെയ്യുന്നത്. ജാതീയവും മതപരവുമായ കാരണങ്ങളാൽ ചരിത്രപരമായി പിന്തള്ളപ്പെട്ടുപോയ സാമൂഹിക വിഭാഗങ്ങളെ സവിശേഷമായി പരിഗണിക്കാത്ത രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ നയമായിരിക്കും ഇപ്പോൾ നടപ്പാക്കപ്പെടുന്നത്. ഇത്തരം വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച പൊതുപ്രസ്താവനയിൽ നയം പരിമിതപ്പെടുന്നു. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ ചുരുക്കിക്കെട്ടുകയും ചെയ്യുന്നു.

Read Alsoനയം സംസ്കൃത മയം, അറബിക്കിന് കടുംവെട്ട്, ഉറുദുവും ഇല്ലാതാകും

ചരിത്രപരമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. എന്നാൽ സംവരണം എന്ന വാക്ക് ഈ നയത്തലെവിടെയും കാണാനാകില്ല. നിയമനത്തിലും പ്രവേശനത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന സ്ഥലത്തുപോലും സംവരണത്തെക്കുറിച്ച് ദുരൂഹമായ മൗനമാണ്. സംവരണ വിരുദ്ധത പരസ്യമായി പ്രഖ്യാപിക്കുന്ന ഒന്നല്ല പുതിയ വിദ്യാഭ്യാസ നയം. എന്നല്ല, ദുർബലർക്കൊപ്പം നിൽക്കുന്നവെന്ന പ്രതീതി സൃഷ്ടിക്കാൻ പലയിടത്തായി അത് ശ്രമിക്കുന്നുമുണ്ട്. എന്നാൽ നയത്തിന്റെ ഉള്ളടക്കവും സമീപനങ്ങളും സംവരണ സങ്കൽപത്തോട് അകലം പാലിക്കുന്നതും പ്രയോഗത്തിൽ നയംമാറ്റം മുന്നോട്ടുവക്കുന്നതുമാണ്. അതേസമയം സാമ്പത്തിക പിന്നാക്കാവസ്ഥ നയത്തിലുടനീളം പലതരം ഊന്നലുകളോടെ കടന്നുവരുന്നുമുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥയേക്കാൾ സാമ്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിക്കുന്നത് ഭരണകൂട സമീപനങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമാണ്. മെറിറ്റ് അധിഷ്ടിത തൊഴിൽ നിയന്ത്രണ സംവിധാനം ഇല്ലായെന്നതാണ് നിലവിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന പ്രശ്‌നമായി നയരേഖ ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതക്കുറവും. ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ നയം ഊന്നൽ നൽകുന്ന പ്രവർത്തന പദ്ധതിയിൽ 'നിയമനത്തിൽ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. നിയമനത്തിൽ മെറിറ്റ് മാത്രം നയമായിത്തീരുന്നതിന്റെ രാഷ്ട്രീയ താത്പര്യം വിശദീകരണം ആവശ്യമില്ലാത്തവിധം സുവ്യക്തമാണ്. പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തത്തിനോ സവിശേഷമായ പദ്ധതികൾ നയത്തിൽ എവിടെയും പരാമർശിക്കുന്നുമില്ല.

SDGE വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിന് സ്‌കോളർഷിപ്, ഓൺലൈൻ പഠനം, വിദൂര പഠനം തുടങ്ങിയവയാണ് നടപ്പാക്കേണ്ടതെന്നാണ് നയത്തിന്റെ കാഴ്ചപ്പാട്. പട്ടിക ജാതി, പട്ടിക വർഗം, ഒബിസി അടക്കം എസ്ഇഡിജി വിഭാഗത്തിൽപെട്ട മെറിറ്റുള്ള കുട്ടികൾക്ക് പഠനത്തിനായി പ്രോത്സാഹനം നൽകുമെന്ന് പ്രത്യേകം പറയുന്നു. 'മെറിറ്റുള്ള' പിന്നാക്കക്കാർ എന്ന പ്രയോഗം തന്നെ ദുരൂഹവും ദുരുദ്ദേശപരവുമാണ്. പ്രശ്‌ന പരിഹാരത്തിന് നയം മുന്നോട്ടുവെക്കുന്ന ഒറ്റമൂലി സാമ്പത്തിക സഹായങ്ങളാണ്. സ്‌കോളർഷിപ് പോർട്ടൽ വിപുലീകരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങൾ വഴി കൂടുതൽ സ്‌കോളർഷിപുകൾ ഏർപെടുത്തുമെന്നും നയത്തിൽ പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെൺകുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം എടുത്തുപറയുമ്പോഴും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് നയരേഖ മൗനം പാലിക്കുന്നു. വിദ്യാഭ്യാസത്തിൽ തുല്യത ചർച്ച ചെയ്യുന്ന ഭാഗത്തും പ്രശ്‌നകാരണങ്ങളായി നയം പരിഗണിക്കുന്നത് സാമ്പത്തികം, ഉന്നത വിദ്യാഭ്യാസച്ചെലവ്, പ്രവേശന നടപടിക്രമങ്ങൾ, ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ അജ്ഞത തുടങ്ങിയവയാണ്. ഗവേഷണ മേഖലയിലെ പ്രവർത്തനത്തിലും നയം ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്.

മൊത്തത്തിൽ പരിശോധിക്കുമ്പോൾ, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാർഥികൾ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാൻ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാൽ അത്തരം പ്രശ്‌നങ്ങളെ പൂർണമായി അവഗണിച്ചുവെന്ന് പറയാനാകാത്തവിധം ചില സാന്ദർഭിക പരാമർശങ്ങൾ 'നയത്തിൽ' നടത്തുന്നുണ്ട്. ഒപ്പം സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയിലും അതിന്റെ പരിഹാരത്തിലും ഊന്നുകയും ചെയ്യുന്നു. എല്ലാവരെയും ഉൾകൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തിൽ ദുർബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയിൽനിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു.

പുതിയ നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇത് തയാറാക്കിയ സമിതി അധ്യക്ഷൻ ഡോ. കസ്തൂരിരംഗനോട് സംവരണം എന്ന വാക്ക് ഒഴിവാക്കിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യമുണ്ടായി. അതിനദ്ദേഹം പറഞ്ഞൊഴിഞ്ഞ മറുപടി ഇതാണ്: 'അണ്ടർ പ്രിവിലേജ്ഡ് എന്ന് പരാമർശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉൾപെടും. സംവരണത്തിൽ തൊടാൻ ഞങ്ങൾക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോൾ എന്തെങ്കിലും അപാകമുണ്ടായാൽ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) എനിക്കൊന്നും പറയാനില്ല.' പബ്ലിക് ഫണ്ടിങ്ങിനെക്കുറിച്ചും സ്വാശ്രയ സംവിധാനങ്ങളെക്കുറിച്ചും സാമ്പത്തിക സഹായങ്ങളെക്കുറിച്ചുമെല്ലാം പലവട്ടം പരാമർശിക്കുന്ന നയ രേഖയാണ് സംവരണം എന്ന വാക്കിന് അപ്രഖ്യാപിത വിലക്കേർപെടുത്തിയത്. സംവരണത്തിൽ തൊടാൻ തനിക്കധികാരമില്ലെന്ന വ്യാഖ്യാനം കസ്തൂരിരംഗന്റെ വെറും മുട്ടുന്യായം മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയരേഖ ഉൾവഹിക്കുന്ന തൊട്ടുകൂടായ്മയെ തുറന്നുകാട്ടുന്ന നയപ്രഖ്യാപനം കൂടിയാണ്.

തുടരും...

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - എൻ.പി ജിഷാർ

മീഡിയവൺ കോർഡിനേറ്റിങ് എഡിറ്റർ

Similar News