ആർഎസ്എസ്: എല്ലായിടത്തുമുണ്ട്, ഒരിടത്തുമില്ല
രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) ഇന്ന് രാജ്യഭരണം നിയന്ത്രിക്കുന്ന പശ്ചാത്തല ശക്തിയാണ്. അതേസമയം നിയമപരമായ നിരീക്ഷണങ്ങൾക്ക് പുറത്താണത്. കഴിഞ്ഞ ദിവസങ്ങളിലെ ചില മാധ്യമ ചർച്ചകൾ, സംഘടനയുടെ ഈ പദവിയെ നിരൂപണം ചെയ്തു. കാരവൻ മാഗസിന്‍റെ ഒരു കവർ സ്റ്റോറി, കുറെക്കൂടി ആഴത്തിൽ, ആർഎസ്എസിന്‍റെ നിയമപരമായ പദവി എന്തെന്ന് പരിശോധിക്കുന്നു
ട്രംപ്, മംദാനി, പാണ്ഡേ: വാർത്തയിലെ വ്യക്തികൾ
കഴിഞ്ഞ ആഴ്ച വാർത്ത സൃഷ്ടിച്ച മൂന്നു വ്യക്തികൾ. ഒന്ന് ഒരു ഇന്ത്യക്കാരൻ, മറ്റൊന്ന് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ, വേറൊന്ന് അമേരിക്കക്കാരൻ. അമേരിക്കക്കാരൻ മറ്റാരുമല്ല, പ്രസിഡന്‍റ് ഡോണൾഡ് ജോൺ ട്രംപ് തന്നെ. ട്രംപിനെ വിദേശി നൊബേൽ ജേതാവ് വിമർശിച്ചാൽ ആ വിദേശിയുടെ വീസ റദ്ദാക്കും. തീരുവ യുദ്ധത്തിന്‍റെ പേരിൽ വിദേശരാഷ്ട്രം വിമർശിച്ചാൽ തീരുവ പിന്നെയും കൂട്ടും. നൊബേൽ സമാധാന പുരസ്കാരം പ്രതീക്ഷിച്ചിട്ട് കിട്ടിയതുമില്ല.
ഈ സമയത്ത് ടൈം മാഗസിൻ അദ്ദേഹത്തെപ്പറ്റി കവർ സ്റ്റോറി ചെയ്യാൻ തീരുമാനിക്കുന്നു. അദ്ദേഹത്തെ മുഖചിത്രമാക്കി മാഗസിൻ കവർ തയ്യാറാക്കി പുറത്തുവിടുന്നു. ആദ്യം സന്തോഷം പ്രകടിപ്പിച്ച ട്രംപിന് ഇപ്പോൾ പരിഭവം. ചിത്രം നന്നായില്ല. മുടി കാണാതാക്കി. പരാതിയായി ട്രംപ് പറഞ്ഞത് അതാണെങ്കിലും, പ്രായാധിക്യം വെളിപ്പെടുന്ന തരത്തിൽ തൊലിയുടെ ചുളിവൊക്കെ വല്ലാതെ കാണും വിധമാണ് ഫോട്ടോയുടെ ആംഗിൾ എന്നതാണത്രേ യഥാർത്ഥ പ്രശ്നം. ഏതായാലും ടൈം മുഖചിത്രം മാറ്റി. ഇത്തവണ ട്രംപ് തന്‍റെ ഓഫിസിൽ, ഗൗരവവും അധികാരബോധവും സ്ഫുരിക്കുന്ന പോസിൽ, ഇരിക്കുന്ന ചിത്രമാണ് തയാറാക്കിയത്. മുമ്പ് ന്യൂസ്‌വീക് വാരിക ഒരു നാസി കുറ്റവാളിയുടെ പടം ഇതേ രീതിയിൽ കവർ ചിത്രമാക്കിയിരുന്നു. ട്രംപ് അത്തരക്കാരനാണെന്ന് ഇതിൽ ധ്വനിയില്ലേ? അപ്പോൾ ട്രംപിന്‍റെ പ്രതിച്ഛായ ഉയർത്താനെന്ന മട്ടിൽ ടൈം വാരിക ചെയ്യുന്നത് വാസ്തവത്തിൽ അതിന്‍റെ വിപരീതമാണോ?
രണ്ടാമത്തെ വാർത്താ താരത്തിന്‍റെ പേര് സൊഹ്റാൻ ക്വാമെ മംദാനി. വയസ്സ് 34. യുഗാണ്ടയിലെ പ്രഫസർ മഹ്മൂദ് മംദാനി എന്ന ഗുജറാത്തിയുടെയും പഞ്ചാബിയായ മീരാനായരുടെയും മകൻ. ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായതോടെ വാർത്തകളിൽ കൂടെക്കൂടെ വരുന്നു. മുസ്‌ലിമെന്ന നിലയിൽ കടുത്ത കടന്നാക്രമണമാണ് അദ്ദേഹം നേരിടുന്നത്. ന്യൂയോർക്കിലെ ഇസ്ലാമോഫോബിയ തുറന്നു കാട്ടി അദ്ദേഹം ഈയിടെ ചെയ്ത പ്രസംഗം വലിയ മാധ്യമശ്രദ്ധ നേടി. ഒക്ടോബർ 25ലെ ആ പ്രസംഗത്തിൽ മംദാനി പറഞ്ഞു: “മുസ്ലിമിന് ഈ നഗരത്തിൽ പൂർണ സ്വത്വത്തോടെ ജീവിക്കാനാവുന്നില്ല. അവൻ തന്‍റെ തനിമ മൂടിവെക്കാൻ നിർബന്ധിതനാകുന്നു. ഓരോ മുസ്ലിമിന്‍റെയും സ്വപ്നമാണ് എല്ലാവരെയും പോലെ ജീവിക്കാനാകണമെന്നത്. പക്ഷേ സമൂഹം പറയുന്നു, ഞങ്ങൾ തരുന്നത് എടുത്തുകൊള്ളണമെന്ന്. ഇനി വയ്യ. മുസ്‌ലിംകൾ നിഴലിടങ്ങൾ വിട്ട് വെളിച്ചത്തിലേക്ക് കടക്കണം. ഞാനേതായാലും അങ്ങനെ തീരുമാനിച്ചു കഴിഞ്ഞു.”
ന്യൂയോർക്കിൽ മേയർ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. മംദാനി ജയിച്ചാലും ഇല്ലെങ്കിലും ഈയൊരു പ്രസംഗം കൊണ്ട് അദ്ദേഹം ആഗോള ശ്രദ്ധ നേടി. മൂന്നാമത്തെ വാർത്താ വ്യക്തി, പരസ്യ ലോകത്തെ ഇന്ത്യൻ കുലപതിയായി 40ലേറെ വർഷം അരങ്ങുവാണ, ഒക്ടോബർ 24ന് അന്തരിച്ച, പിയൂഷ് പാണ്ഡെയാണ്. ഇന്ത്യ കണ്ട ഏറ്റവും സ്വാധീനമുള്ള പരസ്യ സ്രഷ്ടാവ് രംഗമൊഴിഞ്ഞപ്പോൾ മാധ്യമങ്ങളും കക്ഷികളും ഇതെല്ലാം ഓർത്ത്, അദ്ദേഹം അർഹിച്ച ആദരം അർപ്പിച്ചു.
രാജ്യത്തിന്‍റെ വൈവിധ്യത്തിലെ ഏകത്വം, ഏകത്വത്തിലെ വൈവിധ്യം, എടുത്തു കാട്ടുന്ന മിലേ സുർമേരാ തുമാരാ എന്ന ഗാനത്തിന്‍റെ സ്രഷ്ടാവ് പാണ്ഡേയാണ്. ഈ ഉജ്ജ്വല ദേശീയോദ്ഗ്രഥന ഗാനം ദൂരദർശന് വേണ്ടി ആദ്യകാലത്തേ ചെയ്ത പാണ്ഡേ തന്നെയാണ് പിൽക്കാലത്ത്, നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കാൻ ആഹ്വാനം ചെയ്യുന്ന അബ്കീബാർ മോദീസർക്കാർ എന്ന പരസ്യവും ചെയ്തത്. ജനമനസ്സുകളെ സ്വാധീനിക്കുന്ന പരസ്യങ്ങളുടെ ലോകം, ധർമ നിരപേക്ഷമാകാമോ എന്ന ചോദ്യമുയർത്തുന്നുണ്ടിത്. ഏതായാലും, സാധാരണകാരന്‍റെ വാമൊഴികൾ വൻ പരസ്യങ്ങളുടെ ഊർജമാക്കി മാറ്റിയ പിയൂഷ് പാണ്ഡേ ആശയവിനിമയത്തിന്‍റെ മാന്ത്രികനായിരുന്നു. പരസ്യരംഗത്തിന് വലിയ ജനകീയതയും സ്വാധീനവും ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ച അതുല്യപ്രതിഭ.
ആർഎസ്എസ്: എല്ലായിടത്തുമുണ്ട്, ഒരിടത്തുമില്ല
രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) ഇന്ന് രാജ്യഭരണം നിയന്ത്രിക്കുന്ന പശ്ചാത്തല ശക്തിയാണ്. അതേസമയം നിയമപരമായ നിരീക്ഷണങ്ങൾക്ക് പുറത്താണത്. കഴിഞ്ഞ ദിവസങ്ങളിലെ ചില മാധ്യമ ചർച്ചകൾ, സംഘടനയുടെ ഈ പദവിയെ നിരൂപണം ചെയ്തു. കാരവൻ മാഗസിന്‍റെ ഒരു കവർ സ്റ്റോറി, കുറെക്കൂടി ആഴത്തിൽ, ആർ.എസ്.എസിന്‍റെ നിയമപരമായ പദവി എന്തെന്ന് പരിശോധിക്കുന്നു.
ആർ.എസ്.എസിന്‍റെ ഘടനയുടെ പ്രത്യേകത പലതരത്തിൽ അതിന് പ്രയോജനപ്പെടുന്നുണ്ട്. അക്കൂട്ടത്തിലൊരു വലിയ പ്രയോജനം, അംഗത്വവിവരങ്ങൾ രഹസ്യമാക്കി വെക്കാം എന്നതാണ്. നാഥുറാം ഗോഡ്‌സെ ആർ. എസ്. എസുകാരനല്ല എന്നു വാദിക്കാൻ അവർക്ക് കഴിയുന്നതും അക്കാരണത്താലാണെന്ന് സർദാർ പട്ടേൽ മുതൽ ഗവേഷകർ വരെ സമർത്ഥിച്ചിട്ടുണ്ട്. എൻ.ഡി.ടി.വി വെബ്സൈറ്റിൽ കൗതുകകരമായ ഒരു ലേഖനമുണ്ട്: പ്രധാനമന്ത്രിയാകാൻ ജ്യോതി ബസുവിന് അവസരം കിട്ടിയപ്പോൾ അദ്ദേഹത്തിന്‍റെ പാർട്ടിയായ സിപിഎം അത് വിലക്കി; മറുവശത്ത് ആർഎസ്എസ്, അധികാരത്തിനായി മുഖം മൂടിയണിഞ്ഞു എന്ന്. സുതാര്യതയില്ലായ്മ ജനാധിപത്യത്തിന് ചേരുന്നതല്ല. ആർ.എസ്.എസിനെ ശരിയായി വിലയിരുത്തുന്നതിൽ മാധ്യമങ്ങൾക്കുള്ള തടസ്സം അതിന്‍റെ അതാര്യത കൂടിയാണ്.
വാഷിങ്ടൺ പോസ്റ്റും ഇന്ത്യൻ മാധ്യമങ്ങളും
ഇന്ത്യയിൽ, സർക്കാറും വൻകിട കമ്പനികളും തമ്മിലുള്ള അതിരുവിട്ട ചങ്ങാത്തത്തെപ്പറ്റി ഒരു അന്താരാഷ്ട്ര പത്രത്തിൽ വാർത്ത വന്നാൽ, അത് റിപ്പോർട്ട് ചെയ്യാൻ നാട്ടിലെ മാധ്യമങ്ങൾ മത്സരിക്കുമായിരുന്നു, മുമ്പ്. ഇന്ന്, പക്ഷേ അങ്ങനെയല്ല. ഒക്ടോബർ 25ന്, വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ വന്ന ഒരു എക്സ്ക്ലൂസിവ് റിപ്പോർട്ട്, എൽ.ഐ.സിയുടെ 400 കോടിയോളം ഡോളർ ഗൗതം അദാനി ഗ്രൂപ്പിൽ നിക്ഷേപിക്കാൻ സർക്കാർ തലത്തിൽ സമ്മർദമുണ്ടായി എന്നായിരുന്നു. ഗുരുതരമായ ആ ആരോപണം ഇവിടെ മാധ്യമങ്ങളിൽ ഓളമുണ്ടാക്കിയില്ല എന്ന് മാത്രമല്ല, റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട നിതി ആയോഗ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ മൗനം പാലിച്ചു. , എൽ.ഐ.സിയുടെ പേരിൽ ഒരു നിഷേധക്കുറിപ്പ് ഇറങ്ങുകയും ചെയ്തു.
വാഷിങ്ടൺ പോസ്റ്റ് ആധികാരിക രേഖകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് എഴുതിയത്. എൽ.ഐ.സിയുടെ നിഷേധമാകട്ടെ ഒരു നാഥനില്ലാ രചനയാണ്. ഒപ്പോ പേരോ വിലാസമോ ഒന്നുമില്ലാത്ത, ലെറ്റർഹെഡിൽ ആരോ ടൈപ്പ് ചെയ്ത, ഒരു സമൂഹമാധ്യമ പോസ്റ്റ്. ഏതായാലും ആരോപണം റിപ്പോർട്ട് ചെയ്യാൻ മടിച്ച നമ്മുടെ പത്രങ്ങൾ, നിഷേധം വാർത്തയാക്കാൻ തിടുക്കം കാട്ടി.പ്രതിപക്ഷം അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ശരിയാകട്ടെ തെറ്റാകട്ടെ, മാധ്യമങ്ങൾ കോർപറേറ്റ് ചങ്ങാത്തത്തിൽ സർക്കാറിനോട് മത്സരിക്കുന്ന പോലെ തോന്നുന്നു.