സൊഹ്റാൻ ഇന്ത്യയോട് സംസാരിക്കുന്നത്
നെഹ്റുവിനെ ഓർമിപ്പിക്കുന്ന പ്രസംഗം. ഇന്ത്യയനുഭവിക്കുന്ന എല്ലാ ദൂഷ്യങ്ങൾക്കും കാരണം നെഹ്റുവാണെന്ന് ഇവിടുത്തെ ഗവൺമെൻ്റ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, പതിനായിരത്തിലേറെ കിലോമീറ്ററുകളകലെ ഒരു ലോക നഗരത്തിൻ്റെ ഹൃദയം കവർന്നൊരാൾ തൻ്റെ പ്രചോദകങ്ങളിലൊന്നായി നെഹ്റുവിനെ ഉദ്ധരിക്കുന്നത് നാം കാണുകയാണ്.
ന്യൂയോർക്ക് മേയറായി ജയിച്ചതിന് ശേഷമുള്ള സൊഹ്‌റാൻ മംദാനിയുടെ പ്രസംഗം കേൾക്കുകയായിരുന്നു. ഉജ്ജ്വലവും പ്രതീക്ഷാ നിർഭരവുമായ സംസാരം കേട്ടു കൊണ്ടിരിക്കെ 1959 ൽ റിലീസായ ദീദി എന്ന ഹിന്ദി സിനിമയിലെ ഹം നെ സുനാ ഥാ നേക് ഹെ ഭാരത് എന്ന സാഹിർ ലുധിയാനവി എഴുതിയ പാട്ടാണ് ആദ്യം ഓർമയിലെത്തിയത്.
സിനിമയിൽ സുനിൽ ദത്ത് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രത്തോട്, സ്വാതന്ത്ര്യത്തിന് ശേഷം സ്വപ്നം കണ്ട ഇന്ത്യയല്ലല്ലോ നേരിൽ കാണുന്നത് എന്ന് വിദ്യാർഥികൾ ചോദിക്കുന്നതും അതിന് അദ്ദേഹം പ്രതീക്ഷയാർന്ന ഭാവിയെ കുറിച്ച് സംസാരിക്കുന്നതുമാണ് പാട്ടിൻ്റെ ഇതിവൃത്തം അനുസ്മരിപ്പിക്കുന്നതായി പ്രസംഗം.
ഹം നെ സുനാ ഥാ ഏക് ഹെ ഭാരത്
സബ് മുൽകോൻ സെ നേക് ഹെ ഭാരത്
ലേക്കിൻ ജബ് നസ്ദേക് സെ ദേഖാ
ഹം നെ നഖ്ശെ ഓർ ഹീ പായേ
എന്നാണ് പാട്ട് തുടങ്ങുന്നത്. നന്മ നിറഞ്ഞതെന്നും ഒന്നെന്നും നാം കേട്ടിരുന്ന ഭാരതത്തെ അടുത്ത് നിന്ന് നോക്കുമ്പോൾ മറ്റൊരു ചിത്രമാണല്ലോ ലഭിക്കുന്നത് എന്നാണ് കുട്ടികളുടെ പരാതി. രാജ്യത്തെ ജനങ്ങൾ വിഭജിക്കപ്പെട്ടതിൻ്റെ കാരണം നൂറ്റാണ്ടുകളിലെ അന്യരുടെ ഭരണമാണെന്ന് പറഞ്ഞ ശേഷം സാമൂഹ്യാവസ്ഥയെ കുറിച്ച് ഇങ്ങനെ പറയുന്നു:
ധൻ ഓർ ഗ്യാൻ കൊ താഖത് വാലോൻ
നേ അപ്നീ ജാഗീർ കഹാ
മെഹനത് ഓർ ഗുലാമീ കോ
കംസോറോൻ കീ തഖ്ദീർ കഹാ
സമ്പത്തും വിജ്ഞാനവുമൊക്കെ തങ്ങളുടെതെന്ന് പറഞ്ഞ ശക്തർ അധ്വാനവും അടിമത്തവുമൊക്കെ ദുർബലരുടെ വിധിയാണെന്നും പറഞ്ഞു ഫലിപ്പിച്ചു. ഇതിലെ തെറ്റിനെ പാട്ടിലെ ബാക്കി ഭാഗം ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു:
ഇൻസാനോൻ കാ യെ ബട് വാരാ
വഹ്ശത് ഓർ ജഹാലത് ഹെ
ജോ നഫ്റത് കീ ശിക്ഷാ ദേ
വൊ ധരം നഹീ ഹെ ലഅനത് ഹെ
ജനം സെ കോയി നീച് നഹി ഹെ
ജനം സെ കോയി മഹാൻ നഹി
കറം സെ ബഡ്കർ കിസീ മനുഷ്യ കീ
കോയി ഭീ പെഹചാൻ നഹീ
ജനനം ഒരാളെയും ഉന്നതനും നീചനുമാക്കുന്നില്ലെന്നും കർമമാണ് മഹത്വത്തിനെ അടിസ്ഥാനമെന്നും ചുരുക്കം. സൊഹ്റാൻ തൻ്റെ പ്രസംഗം ആരംഭിക്കുന്നത് നോക്കൂ: നമുക്ക് ഓർമ്മയുള്ള കാലം മുതൽ ന്യൂയോർക്കിലെ ധനികരും സ്വാധീനമുള്ളവരും അധ്വാനിക്കുന്ന ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് അധികാരം അവരുടെ കൈകൾക്കുള്ളതല്ലെന്നാണ്. വെയർഹൗസ് തറയിൽ പെട്ടികൾ ഉയർത്തുന്നതിനിടെ മുറിവേറ്റ വിരലുകൾ, ഡെലിവറി ബൈക്ക് ഹാൻഡിൽബാറുകളിൽ നിന്ന് തഴമ്പ് കെട്ടിയ ഉള്ളംകൈകൾ, അടുക്കളയിലെ പൊള്ളലുകളാൽ മുറിവേറ്റ വിരൽ മടക്കുകൾ: ഇവ അധികാരം പിടിക്കാൻ അനുവദിക്കപ്പെട്ട കൈകളായിരുന്നില്ല. എന്നിട്ടും, കഴിഞ്ഞ 12 മാസങ്ങളായി, നിങ്ങൾ എന്തോ വലുത് എത്തിപ്പിടിക്കാൻ കൈനീട്ടാൻ ധൈര്യപ്പെട്ടു. ഇന്ന് രാത്രി, എല്ലാ സാധ്യത കമ്മികൾക്കിടയിലും നാം അത് എത്തിപ്പിടിച്ചു. ഭാവി നമ്മുടെ കൈകളിലാണ്.
നെഹ്റുവിനെ ഓർമിപ്പിക്കുന്ന പ്രസംഗം. ഇന്ത്യയനുഭവിക്കുന്ന എല്ലാ ദൂഷ്യങ്ങൾക്കും കാരണം നെഹ്റുവാണെന്ന് ഇവിടുത്തെ ഗവൺമെൻ്റ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, പതിനായിരത്തിലേറെ കിലോമീറ്ററുകളകലെ ഒരു ലോക നഗരത്തിൻ്റെ ഹൃദയം കവർന്നൊരാൾ തൻ്റെ പ്രചോദകങ്ങളിലൊന്നായി നെഹ്റുവിനെ ഉദ്ധരിക്കുന്നത് നാം കാണുകയാണ്. ഒരു നഗരത്തെ കുറിച്ച് താൻ ഇപ്പോൾ കാണുന്ന സ്വപ്നങ്ങൾ 75 കൊല്ലം മുമ്പ് അതിവിശാലമായൊരു രാജ്യത്തെ കുറിച്ച് കണ്ട നെഹ്റുവിനെ സൊഹ്റാന് ഓർമ വന്നതിൽ അൽഭുതമില്ല.
പ്രസംഗത്തിൻ്റെ ആദ്യഭാഗത്ത് തന്നെ നെഹ്റുവിനെ ഓർമിപ്പിക്കുകയാണ് സൊഹ്റാൻ. ‘ഇന്ന് വൈകുന്നേരം നമ്മുടെ നഗരത്തിന് മുകളിൽ സൂര്യൻ അസ്തമിച്ചിരിക്കാം, പക്ഷേ യൂജിൻ ഡെബ്സ് ഒരിക്കൽ പറഞ്ഞതുപോലെ, ‘മനുഷ്യരാശിക്ക് മുകളിൽ ഒരു മികച്ച ദിവസത്തിന്റെ ഉദയം എനിക്ക് കാണാൻ കഴിയുന്നു'..‘അർദ്ധരാത്രിയുടെ മണി അടിക്കുമ്പോൾ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് " എന്ന് പറഞ്ഞ് കൊണ്ടാണല്ലോ സ്വാതന്ത്ര്യപ്പുലരിയിലെ നെഹ്റുവിൻ്റെ ചരിത്ര പ്രസിദ്ധമായ tryst with destiny പ്രസംഗം ആരംഭിക്കുന്നത്.
നമ്മളുടെ മേൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കരുത് ഇനി മേൽ രാഷ്ട്രീയം; അത് നമ്മൾ ചെയ്യുന്ന ഒന്നായിരിക്കണം എന്ന് നമ്മൾ നിർബന്ധം പിടിച്ചതുകൊണ്ടാണ് നാം വിജയിച്ചത് എന്ന് പറഞ്ഞ സൊഹ്റാൻ തുടരുന്നത് ഇങ്ങനെയാണ്: നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു: “ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം വരുന്ന ഒരു നിമിഷമുണ്ട്. നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവയ്ക്കുന്ന, ഒരു യുഗം അവസാനിക്കുന്ന, വളരെക്കാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് സംസാരശേഷി കണ്ടെടുക്കുന്ന നിമിഷമാണത്.” ഈ രാത്രി നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചതിനാൽ ഈ പുതിയ യുഗം ആർക്ക് എന്ത് നൽകും, എന്നതിനെക്കുറിച്ച്, തെറ്റിദ്ധാരണയ്ക്കിട നൽകാത്ത ബോധ്യത്തോടും വ്യക്തതയോടും കൂടി, നമുക്ക് ഇപ്പോൾ സംസാരിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് തൻ്റെ അജണ്ടയെ കുറിച്ച് അദ്ദേഹം ആവർത്തിക്കുന്നത്. ജീവിതച്ചെലവ് കുറക്കുക, വാടക നിയന്ത്രണം, വേഗതയേറിയ ബസുകൾ, മെച്ചപ്പെട്ട ശിശു സംരക്ഷണ സംവിധാനം എന്നിവയാണ് മുൻഗണനയിൽ.
സ്വന്തം ജനതയ്ക്ക് നല്ലൊരു ഭാവി സ്വപ്നം കാണുന്ന ഏതൊരു നേതാവും സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിൽ ബദ്ധശ്രദ്ധനായിരിക്കും. ഈ കാര്യത്തിലും കാണാനാവുന്നുണ്ട് രണ്ട് പ്രസംഗങ്ങളും തമ്മിലെ പാരസ്പര്യം. വിഭജനത്തോടെ സംഭവിച്ച സ്വാതന്ത്ര്യത്തിൻ്റെ പുലരിയിൽ നെഹ്റു സംസാരിക്കുന്നതിങ്ങനെ:
രാഷ്ട്രീയാതിർത്തികൾ കൊണ്ട് നമ്മിൽ നിന്ന് വിച്ഛേദിക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെയും സഹോദരിമാരെയും പറ്റി നാം ചിന്തിക്കുന്നു. ദുഃഖകരമായ നിലയിൽ ഇപ്പോൾ വന്നെത്തിയ സ്വാതന്ത്ര്യത്തിൽ പങ്കുചേരാൻ കഴിയാത്തവരാണവർ. അവർ നമ്മുടേതാണ്, എന്ത് സംഭവിച്ചാലും നമ്മുടേതായി തന്നെ തുടരും, അവരുടെ നന്മയിലും ദുരിതത്തിലും ഒരുപോലെ നാം പങ്കാളികളായിരിക്കും.
ഏവരെയും ചേർത്ത് പിടിച്ച് മംദാനി സംസാരിക്കുകയാണ്:
നാം ഒരു സിറ്റി ഹാൾ പണിയും, അത് ജൂതരായ ന്യൂയോർക്കുകാരോടൊപ്പം ഉറച്ചുനിൽക്കുകയും, യഹൂദവിരോധം എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യും. ഒരു മില്യണിലധികം മുസ്ലിംകൾക്ക് അവർ ഈ നഗരത്തിന്റെ അഞ്ച് ബറോകളിൽ (ഡിവിഷനുകളിൽ) മാത്രമല്ല, അധികാരത്തിന്റെ ഹാളുകളിലും തങ്ങളുടേതായ സ്ഥാനമുണ്ടെന്ന് അറിയാം. ഇനി ന്യൂയോർക്ക് ഇസ്ലാമോഫോബിയയിൽ വ്യാപാരം ചെയ്ത് തിരഞ്ഞെടുപ്പ് ജയിക്കാവുന്ന ഒരു നഗരമായിരിക്കില്ല.
ഇവിടെയും ചില പ്രസംഗങ്ങൾ ഇതേ കാലത്ത് തന്നെ നമ്മുടെ നാട്ടിൽ മറ്റു ചില പ്രസംഗങ്ങൾ നടക്കുന്നുണ്ട്. ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണത്. യോജിപ്പിക്കലിന് പകരം വെറുപ്പിൻ്റെ വിഷം സമൂഹത്തിൻ്റെ ഓരോ അടരിലേയ്ക്കും പടർത്തി അധികാരം നിലനിർത്താൻ നടത്തുന്ന ശ്രമമാണ് ഓരോ പ്രസംഗങ്ങളും. ജനസംഖ്യയുടെ 2 ശതമാനത്തിൽ താഴെ മാത്രം മുസ്‍ലിംകളുള്ള അമേരിക്കയിലെ ഒരു മഹാ നഗരത്തിലാണ് ഇന്ത്യൻ വംശജനായ മുസ് ലിം മേയറാവുന്നത്. സമൂഹത്തിലെ ഓരോ വിഭാഗങ്ങളെയും പേരെടുത്ത് പറഞ്ഞ് ചേർത്ത് പിടിക്കുന്നത്. അതെ സമയം ഇവിടെ, സ്വാതന്ത്ര്യത്തിന് ശേഷം ഒരുപാട് പരിമിതികൾക്കുള്ളിലും നമ്മുടെ രാഷ്ട്രശിൽപികൾ ചേർത്ത് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച സോഷ്യൽ ഫാബ്രിക്കിനെ കേന്ദ്രീകൃത സ്വഭാവത്തിൽ തുണ്ടം തുണ്ടമാക്കുകയാണ്.
മൂന്ന് കേന്ദ്ര മന്ത്രിമാരും ഒരു BJP എം. പിയും. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ബിഹാറിൽ നടത്തിയ പ്രസംഗങ്ങൾ കേട്ടാലറിയാം ഇവിടെ വമിക്കപ്പെടുന്ന വിഷത്തിൻ്റെ ഡോസ്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഒക്ടോബർ 18 ന് ആർവാലിൽ നടത്തിയ പ്രസംഗത്തിൽ ആയുഷ്മാൻ കാർഡ് പ്രകാരം ആനുകൂല്യം കിട്ടിയ മൗലവി ഖുദാ ( ദൈവമെന്നതിന് ഉർദുവിൽ ഉപയോഗിക്കുന്ന പദം) യോടാണോ പ്രധാനമന്ത്രിയുടെ സ്കീമിനോടാണോ നന്ദി പറയുക എന്നാണ് ചോദിച്ചത്. അവകാശമായി പൗരന് കിട്ടേണ്ട അവകാശം അവരുടെ വിശ്വാസത്തെ പരിഹസിക്കുന്ന വിധത്തിൽ പ്രധാനമന്ത്രിയുടെ ഔദാര്യമായി അവതരിപ്പിക്കുകയാണ്.
ഒക്ടോബർ 16 ന് മധുബനി എം.പി അശോക് കുമാർ യാദവ് മുസ്ലിംകളോട് സൗജന്യ ധാന്യം വാങ്ങിയതിനും ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചതിനും മോദി പണിത റോഡിൽ നടന്നതിനും മോദി പണിത പാലം ഉപയോഗിക്കുന്നതിനും "തൗബ , തൗബ " എന്ന് പശ്ചാത്തപിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. ആർത്തു ചിരിക്കുന്നു അത് കേട്ട ജനം.
തങ്ങൾക്കിഷ്ടമില്ലാത്ത പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുകയാണ് ഇന്ത്യൻ ഭരണകൂടം ഇപ്പോൾ ചെയ്യുന്നത്. ബീഹാറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഹമന്ത്രി നിത്യാനന്ദ് റായിയും അത് ചെയ്തു. ഒക്ടോബർ 22 ന് ഹയാഗട്ടിൽ നിത്യാനന്ദ് റായ്, സൽവാറും തൊപ്പിയും ധരിക്കുന്നവർ ഗീതാ സന്ദേശത്തിനെതിരാണ് എന്ന് പറഞ്ഞു. ചിലയാളുകൾക്ക് ബംഗ്ലാദേശികളെയും റോഹിംഗ്യാ നുഴഞ്ഞുകയറ്റക്കാരെയും കൊണ്ടു വന്ന് ബീഹാറിലെ ചെറുപ്പക്കാരുടെ വിഭവങ്ങൾ തട്ടിയെടുക്കണം. ഈ നുഴഞ്ഞു കയറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നിങ്ങൾക്കാവില്ല.
സഹമന്ത്രി ഇത്ര പറയുമ്പോൾ താൻ മോശമാവരുതെന്ന് കരുതിയാവും, ആഭ്യന്തരമന്ത്രി അമിത് ഷാ ഒക്ടോബർ 24 ന് സിവാനിൽ പറഞ്ഞതിങ്ങനെ: രാഹുൽ ബാബ പറയുന്നത് നുഴഞ്ഞുകയറ്റക്കാരെ ബീഹാറിൽ അനുവദിക്കണമെന്നാണ്. സിവാനിലെ ജനങ്ങളേ നിങ്ങൾ പറയൂ, ഈ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കണമോ വേണ്ടയോ? അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ വേണമോ വേണ്ടയോ? ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു: എൻഡിഎ വീണ്ടും വിജയിച്ചാൽ ബി ജെ പി എല്ലാ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കും. നമ്മുടെ യുവാക്കളുടെ ജോലിയും ദരിദ്രരുടെ റേഷനും അവർ തട്ടിയെടുക്കുകയാണ്. ഈ നുഴഞ്ഞുകയറ്റക്കാർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവരെ ഓരോരുത്തരെയായി തിരഞ്ഞെടുത്ത് പുറത്താക്കാൻ ബിജെപി ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
എല്ലാവരെയും ചേർത്തുപിടിച്ചും താൻ കൂടി ഉൾപ്പെടുന്ന കുടിയേറ്റക്കാരെ പ്രത്യേകമായി എടുത്തു പറഞ്ഞും സൊഹ്‌റാൻ നടത്തുന്ന സംസാരം കേൾക്കൂ, അപ്പോൾ ആലോചന വരും , ഇത്രയും വൈരം പേറുന്നവരെ അധികാരികളായിക്കിട്ടാൻ എവിടെയാണ് നമുക്ക് പിഴച്ചിട്ടുണ്ടാവുക എന്ന്. ഇന്ത്യയുടെ ദൗർഭാഗ്യമെന്തെന്നാൽ മുസ്ലിംകളെ നുഴഞ്ഞു കയറ്റക്കാരും പശു-താലി മാലാ മോഷ്ടാക്കളുമാക്കുന്നത് തങ്ങളുടെ വോട്ട് ഉറപ്പാക്കുമെന്ന് കരുതുന്നവരാണ് ഭരിക്കുന്നത്. ഇതിൽ ചകിതരായി മുസ്ലിംകളെ ഇങ്ങനെ അരിക് വൽക്കരിക്കുന്നത് രാജ്യത്തിൻ്റെ കെട്ടുറപ്പിനേയാവും ബാധിക്കുക എന്ന് പോലും പറയാൻ കഴിയാതെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷമാണ് മറുവശത്ത്.
സൊഹ്റാൻ പറയുന്നു: നമ്മുടെ നഗരത്തിലെ രാഷ്ട്രീയം പലപ്പോഴും മറന്നുപോയവർക്ക് നന്ദി, ഈ പ്രസ്ഥാനത്തെ അവരുടേതാക്കിയവരാണവർ. ഞാൻ സംസാരിക്കുന്നത് യെമനീ സ്റ്റോർ ഉടമകളെയും മെക്സിക്കൻ വല്യമ്മമാരെയും കുറിച്ചാണ്. സെനഗലീസ് ടാക്സി ഡ്രൈവർമാരെയും ഉസ്ബെക്ക് നഴ്‌സുമാരെയും കുറിച്ചും. ട്രിനിഡാഡിയൻ പാചകക്കാരെയും എത്യോപ്യൻ ആന്റിമാരെയും പറ്റിയാണ്. അതെ, ആന്റിമാരെ കുറിച്ച് തന്നെ. കെൻസിംഗ്ടണിലെയും മിഡ്‌വുഡിലെയും ഹണ്ട്സ് പോയിന്റിലെയും ഓരോ ന്യൂയോർക്കുകാരനും, ഇത് അറിയണം: ഈ നഗരം നിങ്ങളുടെ നഗരമാണ്, ഈ ജനാധിപത്യവും നിങ്ങളുടേതാണ്.
കുടിയേറ്റക്കാരെ നുഴഞ്ഞുകയറ്റക്കാരായിക്കാണുന്ന ഇന്ത്യൻ ഭരണാധികളുടെ രീതിക്ക് പകരം കുടിയേറ്റക്കാരെ ശക്തിയായാണ് സൊഹ്റാൻ കാണുന്നത്.
"ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും: കുടിയേറ്റക്കാർ നിർമ്മിച്ചതും കുടിയേറ്റക്കാരുടെ ശക്തിയാൽ പ്രവർത്തിക്കുന്നതുമായ, ഇന്ന് രാത്രി മുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്നതുമായ ഒരു നഗരം". കുടിയേറ്റ വിരുദ്ധത പ്രചരണായുധമാക്കി ജയിച്ച പ്രസിഡണ്ടുള്ള രാജ്യത്താണ് ഈ പ്രസംഗമെന്നോർക്കണം.
പ്രതീക്ഷയും ആത്മാഭിമാനവും ജനതയുടെ ഭാഗധേയം മാറ്റുന്നതിൽ പ്രതീക്ഷ എങ്ങനെ ടൂളാക്കാം എന്ന് കാണിക്കുന്നുണ്ട് സൊഹ്റാൻ. "നമ്മൾ ഒറ്റയ്ക്ക് വോട്ട് രേഖപ്പെടുത്തിയപ്പോൾ, നാം ഒരുമിച്ച് പ്രതീക്ഷ തിരഞ്ഞെടുത്തു. സ്വേച്ഛാധിപത്യത്തിനു പകരം പ്രതീക്ഷ. വലിയ പണത്തിനും ചെറിയ ആശയങ്ങൾക്കും മേലെ നാം പുലർത്തിയ പ്രതീക്ഷ. നിരാശയ്ക്ക് പകരം പ്രതീക്ഷ. അസാധ്യമായത് സാധ്യമാക്കാൻ കഴിയുമെന്ന് ന്യൂയോർക്കുകാർ പ്രതീക്ഷ പുലർത്തിയതിനാലാണ് നാം വിജയിച്ചത്".
ആത്മാഭിമാനം പുലർത്തുന്നവർക്ക് മാത്രമേ സാധ്യത കാണാനാവൂ എന്നൊരു പാഠം പ്രസരിപ്പിക്കുന്നുണ്ട് സൊഹ്റാൻ. "എല്ലാത്തിനുമുപരി, പാരമ്പര്യ യുക്തി പറയുന്നത് ഞാൻ പൂർണതയുള്ള സ്ഥാനാർത്ഥിയല്ല എന്നാണ്. പ്രായമാകാൻ ഞാൻ എത്ര ശ്രമിച്ചാലും ഞാൻ ചെറുപ്പമാണ്. ഞാൻ ഒരു മുസ്ലീമാണ്. ഞാൻ ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണ്. ഇവയിലൊക്കെ അപകടരമായ കാര്യമെന്തെന്നാൽ, ഇതിലൊന്നിനും മാപ്പ് ചോദിക്കാൻ ഞാൻ സമ്മതിക്കുന്നില്ല എന്നാണ് '
എന്നിട്ടും, ഇന്നത്തെ രാത്രി നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിതാണ്: പൊതു രീതികൾ നമ്മെ പിന്നോട്ട് വലിച്ചിരിക്കുന്നു. നമ്മൾ സൂക്ഷ്മതയുടെ ബലിപീഠത്തിൽ തലകുനിക്കുകയും, അതിന് വലിയ വില നൽകുകയും ചെയ്തിരിക്കുന്നു" .
വെറുപ്പിനെ രാഷ്ട്രീയമാക്കി മാറ്റിയവർക്കെതിരെ ശക്തമായി സംസാരിക്കുന്നു എന്നതിൽ സൊഹ്‌റാനിൽ ഇന്ത്യക്കാർക്ക് മാതൃകയുണ്ട്. "നാംനമുക്കായി സൃഷ്ടിക്കുന്ന ഈ പുതുയുഗത്തിൽ, നമ്മൾ പരസ്പരം എതിരാളികളായി നിൽക്കും വിധം ഭിന്നതയും വിദ്വേഷവും വിറ്റ് ലാഭമുണ്ടാക്കുന്നവരെ അനുവദിക്കാൻ നാം തയ്യാറാവില്ല.
ഈ രാഷ്ട്രീയ ഇരുട്ടിന്റെ നിമിഷത്തിൽ, ന്യൂയോർക്ക് വെളിച്ചമായിരിക്കും."
ലോകം ഉറങ്ങിക്കിടക്കുമ്പോൾ സ്വാതന്ത്ര്യത്തിലേയ്ക്കുണർന്ന നമ്മുടെ ഇന്ത്യയ്ക്കും അത്തരമൊരു വെളിച്ചമാവാൻ പ്രേരണയാവട്ടെ സൊഹ്‌റാൻ്റെ വിജയം.
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമോ?
58 ദിവസങ്ങൾക്ക് ശേഷം 2026 ജനുവരി 1 ന് ന്യൂയോർക്ക് സിറ്റി ഹാളിൽ മേയറായി ഉത്തരവാദിത്തമേൽക്കുമ്പോൾ പ്രതീക്ഷകൾ വളരെ വലുതായിരിക്കുമെന്നറിയാമെന്നും അവ നിറവേറ്റുമെന്നും പറയുന്നുണ്ട് സൊഹ്റാൻ. While you campaign in poetry, you govern in prose എന്ന മുൻ ന്യൂയോർക്ക് ഗവർണർ മരിയോ ക്വാമോയുടെ പ്രസിദ്ധമായ ഉദ്ധരണി ആവർത്തിക്കുന്നുണ്ട് അദ്ദേഹം. കാവ്യാത്മകമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രഭാഷണങ്ങൾ പോലെയാവില്ല യാഥാർഥ്യങ്ങൾ നേരിടേണ്ടുന്ന ഭരണമെന്ന്. അത് ശരിയാണെങ്കിൽ നമ്മളെഴുതാൻ പോകുന്ന ഗദ്യത്തിനും ഒരു പ്രാസമുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നുണ്ട് സൊഹ്റാൻ. അത്തരമൊരു മാറ്റം നല്ലതിനായി ഉണ്ടാവട്ടെ എന്ന് നമുക്കുമാഗ്രഹിക്കാം.
വീണ്ടും പഴയ പാട്ടിലേയ്ക്ക് സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടുമെന്തേ പരാതിയും പരിഭവവും മാറാത്തത് എന്ന കുട്ടികളുടെ ചോദ്യത്തിന്, നൂറ്റാണ്ടുകളിലെ ദുരവസ്ഥ ഒരു ദിനം കൊണ്ട് മാറുമോ എന്ന ചോദ്യമുന്നയിച്ചും നശിപ്പിക്കപ്പെട്ട ഈ തോട്ടം അതിൻ്റെ ഭംഗി പതിയെ പതിയെ വീണ്ടെടുക്കും എന്ന് പറഞ്ഞും ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകുന്നത് ഇങ്ങനെയാണ്:
യെ ജോ നയേ മൻസൂബെ ഹെ
ഓർ യെ ജൊ നയീ താമീറെ ഹെ
ആനെ വാലി ദൗർ കി കുച്ച്
ധുൻധ്‌ലി ധുൻധ്‌ലി തസ്വീറേ ഹെ
പുതിയൊരു പദ്ധതിയാണിത്
പുതിയൊരു നിർമിതിയും
വരാനിരിക്കുന്ന നല്ല കാലത്തിൻ്റെ
മങ്ങിയ ചില ചിത്രങ്ങൾ മാത്രമാണ്
അതിനാൽ നിങ്ങളുടെ ജോലി വെറുതെയിരിക്കലല്ല, വരാനിരിക്കുന്ന നല്ല കാലത്തിന് വർണം ചാർത്തലാണ്, അതിന് വേണ്ടി പരിശ്രമിക്കലാണ് എന്ന് പറഞ്ഞ് കവി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
നവയുഗ് ആപ് നഹീ ആയേഗാ
നവയുഗ് കോ തും ലാഓഗേ
നവയുഗം സ്വയം പിറക്കില്ല;
അത് കൊണ്ടു വരേണ്ടത് നിങ്ങളാണ്.