ചരിത്ര ദൗത്യം പൂർത്തിയാക്കി മടക്കം; തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി VIIലെ ജഡ്ജി പ്രസൂൺ മോഹന് സ്ഥലം മാറ്റം
മൂന്ന് പ്രമാദമായ കൊലക്കേസുകളുടെ വിധി പ്രസ്താവിച്ചതിനു ശേഷമാണ് പ്രസൂൺ മോഹൻ കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റവുമായി പോകുന്നത്
തിരുവനന്തപുരം: നീതിന്യായ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ തീർപ്പിലാക്കിയതിന്റെ ഖ്യാതിയുമായി തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി VIIലെ ജഡ്ജി പ്രസൂൺ മോഹന് സ്ഥലം മാറ്റം.
2023 സെപ്റ്റംബർ മുതൽ 2025 മെയ് വരെ 80 കൊലപാതക കേസുകൾ തീർപ്പിലാക്കിയതിൽ 32 കേസുകളിൽ പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചു. നെടുമങ്ങാട് വേണാട് ആശുപത്രിയിലെ കൊലപാതക കേസിലെ പ്രതിയായ കാട്ടുണ്ണിക്കും പേരൂർക്കട അമ്പലംമുക്ക് വിനീത കൊലക്കേസ് പ്രതി രാജേന്ദ്രനും തൂക്കുമരം വിധിച്ചും ശ്രദ്ധ നേടി. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൃത്യമായി വിശകലനം ചെയ്ത് 14 വർഷത്തിനുശേഷം ആദ്യമായിട്ടാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ പരവൂർക്കാരനായ കാട്ടുണ്ണിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
2023 ഏപ്രിൽ 5നു എകെജി സെൻററിന് സമീപം കടവരാന്തയിൽ ഉറങ്ങിക്കിടന്ന ഷഫീക്കിനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ മൂന്ന് പ്രമാദമായ കൊലക്കേസുകളുടെ വിധി പ്രസ്താവിച്ചതിനു ശേഷമാണ് പ്രസൂൺ മോഹൻ കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റമായി പോകുന്നത്.