വംശീയതയ്ക്കെതിരെ യുവാക്കൾ മുന്നിട്ടിറങ്ങണം - സോളിഡാരിറ്റി
'വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാനതല പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് നിർവഹിച്ചു
കൊല്ലം: വംശീയത ചുറ്റിലും നിറഞ്ഞുനിൽക്കുന്ന കാലത്ത് സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് യുവാക്കൾ നേതൃത്വം നൽകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. 'വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മെയ് 13 മുതൽ ജൂൺ 30 വരെ നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിൽ രാജ്യത്ത് വംശീയതയിലധിഷ്ഠിതമായ സാമൂഹ്യക്രമം രൂപപ്പെട്ടിരിക്കുന്നു. ഇസ്‌ലാമുമായും മുസ്‌ലിങ്ങളുമായും ബന്ധപ്പെട്ടതിനെയെല്ലാം പൈശാചികവത്കരിക്കുകയാണ്. പള്ളി തകർക്കൽ ബാബരിയിൽ ഒതുങ്ങിയില്ല. മുസ്‌ലിംകൾ നടുറോഡിൽ അടിച്ചു കൊല്ലപ്പെടുന്നത് സാധാരണ സംഭവമായി. വീടുകളും കടകളും ബുൾഡോസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ വഖ്ഫിലും കൈവെച്ചിരിക്കുന്നു. ഹിന്ദുത്വ ശക്തികളുടെ വംശീയ പദ്ധതിയുടെ ഇരകൾ മുസ്‌ലിംകൾ മാത്രമല്ല. ക്രിസ്ത്യാനികളെയും ദലിതരെയും ആദിവാസികളെയും മറ്റ് കീഴാള ജനവിഭാഗങ്ങളെയുമെല്ലാം അടിച്ചമർത്തുന്ന പദ്ധതി കൂടിയാണിത്. ഇതിനെതിരെ യുവാക്കൾ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം അഞ്ചലിൽ നടന്ന പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ടി.ശാക്കിർ ഉദ്ഘാടനം ചെയ്തു. അനീതി സംഭവിക്കുമ്പോൾ നിശബ്ദത പാലിക്കുകയും നിരാശരാവുകയും ചെയ്യുന്ന ഒരു സമൂഹവും അതിജീവിച്ച ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഇസ്മായിൽ, സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടേറിയേറ്റ് അംഗം അഡ്വ. റഹ്മാൻ ഇരിക്കൂർ, ജില്ലാ പ്രസിഡന്റ് തൻസീർ ലത്തീഫ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ് വി എന്നിവർ സംസാരിച്ചു.