കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയ: ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
റിപ്പോർട്ട് തള്ളിയ എത്തിക്സ് കമ്മിറ്റി, വീണ്ടും വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയയെ തുടർന്ന് യുവതിക്ക് വിരലുകൾ നഷ്ടപ്പെട്ടതിൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. വീണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. ചികിത്സ പിഴവ് ഉണ്ടെന്ന കുടുംബത്തിന്റെ ആരോപണവും മെഡിക്കൽ ബോർഡ് പരിഗണിച്ചിരുന്നില്ല.
തിരുവനന്തപുരം സ്വദേശി നീതുവിന്‍റെ വിരലുകളാണ് കോസ്മെറ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് മുറിച്ചു മാറ്റിയത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തി. കേസിന് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു.
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഹോസ്പിറ്റലിന് എതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് നീതു കോസമറ്റിക്ക് ആശുപത്രിയിൽ വയറ്റിലെ കൊഴുപ്പുമാറ്റാനായി ശാസ്ത്രക്രിയക്ക് വിധേയയായത്. 23ന് വീട്ടിലേക്ക് തിരികെ വിട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ഗുരുതരാവസ്ഥയിലായ നീതു 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. അണുബാധയെ തുടർന്ന് നീതുവിന്‍റെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകൾ കഴിഞ്ഞ ദിവസം മുറിച്ചുമാറ്റി. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.
കുടുംബത്തിന്‍റെ പരാതിയിൽ തുമ്പ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 22 ദിവസം വെന്‍റിലേറ്ററിൽ ആയിരുന്ന നീതുവിനെ നിലവിൽ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, ആശുപത്രിയുടെ ക്ലിനിക്കൽ റജിസ്ട്രേഷൻ റദ്ദാക്കി. ലൈസൻസിന് വിരുദ്ധം ആയിട്ടാണ് ആശുപത്രി പ്രവർത്തിച്ചതെന്ന് കണ്ടെത്തിയാണ് നടപടി. ആശുപത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിൽ ആയിരുന്നു ലൈസൻസ് നൽകിയത്. ഇതിനെതിരെ നീതുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു.