'ഹിന്ദുത്വ ആൾക്കൂട്ടം കൊലചെയ്ത അഷ്‌റഫിന്‍റെ കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം': സോളിഡാരിറ്റി
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അനീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് അഷ്‌റഫിൻറെ കൊലപാതകം
വയനാട് : മംഗലാപുരത്ത് ഹിന്ദുത്വ സംഘടനകളുടെ ആൾക്കൂട്ട കൊലപാതകത്തിൽ കൊലചെയ്യപ്പെട്ട അഷ്‌റഫിന്‍റെ കൊലപാതകികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് തൗഫീഖ് മമ്പാട്. അഷ്‌റഫിന് നീതി ലഭ്യമാക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് വയനാട് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അനീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് അഷ്‌റഫിൻറെ കൊലപാതകം. മംഗലാപുരത്തെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിൽ ഹിന്ദുത്വ ദേശീയവാദി സംഘടനകളുടെ നേതൃത്വത്തിൽ പശുക്കടത്തിന്റെ പേരിലും ബീഫ് ഉപയോഗിച്ചതിന്റെ പേരിലും ദേശദ്രോഹ പ്രവർത്തനം എന്നൊക്കെ ആരോപിച്ചും നിരവധിയായ ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. സംഘപരിവാർ പ്രതികളാവുന്ന കേസുകളിൽ ശിക്ഷ ലഭിക്കാത്തതും പെട്ടെന്ന് ജാമ്യം ലഭിക്കുന്നതും പ്രതികളാക്കപ്പെടുന്നവർ തന്നെ മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇത്തരം കേസുകൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടാപ്പകൽ മാനസികാസ്വാസ്ഥ്യമുള്ള ഒരു മലയാളി ചെറുപ്പക്കാരനെ തല്ലിക്കൊന്ന് പാകിസ്താൻ മുദ്രാവാക്യം വിളിച്ചു എന്ന വ്യാജം പ്രചരിപ്പിച്ചാൽ കുറ്റകൃത്യം സാധൂകരിക്കപ്പെടും എന്ന തോന്നൽ ഉണ്ടാവുന്നത് രാജ്യത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തകർക്കുന്ന കാര്യമാണ്. മൗനം വലിയ കുറ്റകൃത്യമാവുന്ന കാലമാണിത്. അഷ്റഫിന്റെ ഘാതകരായ മുഴുവൻ പ്രതികളെയും പിടികൂടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം. ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമനിർമാണം നടത്തുകയും വേണം.
കേരള സർക്കാറിന് വിഷയത്തിൽ സവിശേഷമായ ഉത്തരവാദിത്തമുണ്ട്. കർണാടക സർക്കാറിൽ സമ്മർദം ചെലുത്തി കേസ് നടത്തിപ്പ് കാര്യക്ഷമമാക്കാനും നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാവണം. കേരളത്തിൽ മുൻകാലങ്ങളിൽ സംഘ്പരിവാറിന്റെ കൊലക്കത്തിക്കിരയായ തിരൂരിലെ യാസിറും കൊടിഞ്ഞിയിലെ ഫൈസലും കാസർകോട്ടെ റിയാസ് മൗലവിയും ഫഹദ് മോനും ഇനിയും നീതികിട്ടാത്തവരുടെ പട്ടികയിലാണ് എന്നറിയുമ്പോൾ ജനകീയ സമ്മർദത്തിലൂടെ മാത്രമേ വിഷയത്തിൽ ഗൗരവതരമായ ഇടപെടൽ സാധ്യമാവൂ എന്ന് മനസ്സിലാവും. അതിനാൽ അഷ്റഫിന് നീതി ലഭിക്കാൻ ഏതറ്റവരെയും സോളിഡാരിറ്റി പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ ബാബുരാജ് ഭഗവതി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫ്ൽ വി.പി, മുസ്‍ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റിയംഗം അസീസ് വെങ്ങൂർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എച്ച് ഫൈസൽ, സോളിഡാരിറ്റി സംസ്ഥാന അസി. സെക്രട്ടറി നസീം അടുക്കത്ത്, ജില്ല ജനറൽ സെക്രട്ടറി റബീഉൽ ഹഖ്, സെക്രട്ടറി അബൂബക്കർ കെ.എം എന്നിവർ സംസാരിച്ചു.