കോന്നിയില്‍ കാട്ടാന ചെരിഞ്ഞ സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്
നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.
വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണിത്.
സൗരോര്‍ജ്ജ വേലിയില്‍ നിന്നും ഷോക്കേറ്റാണ് കാട്ടാന ചെരിഞ്ഞത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ യഥാര്‍ത്ഥ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ വ്യക്തമാകൂ. സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടതായി ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് വിജലന്‍സ് വിഭാഗം പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് വിജിലന്‍സ് വിഭാഗം സമഗ്രമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.