‘പെൺകുട്ടികൾക്ക് ഇടയിലൂടെ അലറി വിളിച്ച് വന്ന പൊലീസ് സ്റ്റേജിൽ കയറി പ്രഭാഷകന് നേരെ ആക്രോശിച്ചു’; വിസ്ഡം ജനറൽ സെക്രട്ടറി

അതിക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാരൻ കുട്ടികളെ നോക്കി മുഖം കൊണ്ട് പ്രത്യേക രീതിയിൽ ഗോഷ്ടി കാണിക്കുന്ന വിഡിയോയും സംഘാടകർ പുറത്തുവിട്ടു

Update: 2025-05-12 13:49 GMT
Advertising

മലപ്പുറം: വിസ്ഡം സ്റ്റുഡൻസിൻ്റെ കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് പരിപാടിയുടെ സ്റ്റേജിലേക്ക് പൊലീസ് അതിക്രമിച്ചു കയറി അലങ്കോലമാക്കിയെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌. പെരിന്തൽമണ്ണയിൽ നടന്ന പരിപാടി പൊലീസ് അതിക്രമത്തെതുടർന്ന് അലങ്കോലമാവുകയും പരിപാടി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായതിൽ പ്രതിഷേധവുമായി സംഘടന പ്രവർത്തകർ രംഗത്തെത്തി. വിസ്ഡം ജനറൽ സെക്രട്ടറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പരിപാടിയിൽ നടന്ന സംഭവങ്ങൾ വിശദീകരിക്കുന്നത്.

സാധാരണ 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും സംഘടനക്രമീകരിക്കാറുള്ളത്. പ്രഭാഷണങ്ങളുടെ സമയം കൃത്യമായി ക്രമീകരിച്ചു. സ്വാഭാവികമായും 10 മണി എന്നത് ഒരു 3 മിനിറ്റ് കൂടി. അപ്പോഴേക്കും പോലീസുകാർ വിളിച്ചു. ഇപ്പോൾ നടക്കുന്നത് സമാപന സംസാരമാണെന്നും ഉടനെ നിർത്താമെന്നും മാന്യമായി മറുപടി പറഞ്ഞു. അത് ചെവിക്കൊള്ളാതെ പൊലീസുദ്യോഗസ്ഥൻ  തിങ്ങിനിറഞ്ഞ പെൺകുട്ടികൾക്ക് ഇടയിലൂടെ അലറി വിളിച്ച് വരികയും സ്റ്റേജിലേക്ക് കയറി പ്രഭാഷകന് നേരെ ആക്രോശിക്കുകയുമാണ് ചെയ്തത്. അപ്പോൾ സമയം 10.06. വെറും 3 മിനിറ്റ് മാത്രമാണ് പ്രസംഗം പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്നത്. അദ്ദേഹം ഇത് പറഞ്ഞ ഉടനെ ഞങ്ങൾ പരിപാടി നിർത്തുകയും ചെയ്തു.

തിരിച്ച് പോകുന്ന വഴിക്ക് ഇതിന് നേതൃത്വം നൽകിയ പോലീസുകാരൻ കുട്ടികളെ നോക്കി മുഖം കൊണ്ട് പ്രത്യേക രീതിയിൽ ഗോഷ്ടി കാണിക്കുകയും ചെയ്തു. നമ്മുടെ നിയമ പാലകർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നഷ്ടപ്പെട്ട് പോകുന്ന വിവേകം, നിയമത്തിൻ്റെ അന്തസ്സത്തയെയാണ് ചോർത്തിക്കളയുന്നതെന്നും അഷ്റഫ് പറഞ്ഞു.

പുതുതലമുറയെ അരാജകത്വത്തിൽ നിന്നും ലഹരിയിൽ നിന്നും രക്ഷപ്പെടുത്തുന്ന പരിപാടികളോട് അസഹിഷ്ണുത കാണിക്കുകയും ലഹരി ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ അർദ്ധരാത്രി പിന്നിട്ടാലും നിയമം നോക്കുകുത്തിയാവുകയും ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാനുള്ള ബാധ്യത എല്ലാവരുടേതുമാണ്. പോലീസുകാർ കാണിച്ചുകൂട്ടിയ ഈ അതിക്രമത്തിനെതിരെ മുഖ്യമന്ത്രി മൗനം പാലിച്ചാൽ ഇത്തരം സമീപനങ്ങൾ സർക്കാറിൻ്റെ കൂടി നയമായി ജനങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികൾക്കും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി കത്ത് നൽകിയിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കി. 

Full View

പോസ്റ്റിന്റെ പൂർണരൂപം

സമ്മേളനത്തിന്റെ സമാപനത്തിൽ സംഭവിച്ചത് ഇതാണ് 

പെരിന്തൽമണ്ണയിൽ

ഇന്നലെ (മെയ് 11) ന് സംഘടിപ്പിച്ച വിസ്ഡം സ്റ്റുഡൻസിൻ്റെ കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് ഓൺലൈനിലും മറ്റും വീക്ഷിച്ച പലരും പരിപാടിയുടെ സമാപനത്തിൽ പോലീസുകാരുടെ അവിവേകത്തെ തുടർന്ന് പൊടുന്നനെ പരിപാടി നിർത്തിവെച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആ സന്ദർഭത്തിലുള്ള വീഡിയോയുടെ ഭാഗികമായ ക്ലിപ്പുകൾ മാത്രം കാണുന്നവർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. അതിലൊരു വ്യക്തത വരുത്താനാണ് അതിൻ്റെ മുഴുവൻ വീഡിയോയും ഈ കുറിപ്പും ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

സാധാരണ 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ഞങ്ങൾ ക്രമീകരിക്കാറുള്ളത്. എന്നാൽ നഗരിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധം കുട്ടികൾ ഒഴുകിയെത്തിയതിനാൽ അവരുടെ ഇരിപ്പിടങ്ങൾക്കും മറ്റു ക്രമീകരണങ്ങൾക്കുമായി ഒരുപാട് സമയം നഷ്ടപ്പെട്ടിരുന്നു. റോഡിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനാണ് ഇതെല്ലാം ചെയ്തത്.

എന്നിട്ടും, പത്ത് മണിക്ക് നിർത്തണമെന്ന നിർബന്ധം ഞങ്ങൾക്ക് ഉണ്ടായതിനാൽ തന്നെ, പ്രഭാഷണങ്ങളുടെ സമയം കൃത്യമായി ക്രമീകരിച്ചു. സ്വാഭാവികമായും 10 മണി എന്നത് ഒരു 3 മിനിറ്റ് കൂടി. അപ്പോഴേക്കും പോലീസുകാർ വിളിച്ചു. ഇപ്പോൾ നടക്കുന്നത് സമാപന സംസാരമാണെന്നും ഉടനെ നിർത്താമെന്നും മാന്യമായി മറുപടി പറഞ്ഞു.

അത് ചെവിക്കൊള്ളാതെ അയാൾ തിങ്ങിനിറഞ്ഞ പെൺകുട്ടികൾക്ക് ഇടയിലൂടെ അലറി വിളിച്ച് വരികയും സ്റ്റേജിലേക്ക് കയറി പ്രഭാഷകന് നേരെ ആക്രോശിക്കുകയുമാണ് ചെയ്തത്. അപ്പോൾ സമയം 10.06. വെറും 3 മിനിറ്റ് മാത്രമാണ് പ്രസംഗം പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്നത്. അദ്ദേഹം ഇത് പറഞ്ഞ ഉടനെ ഞങ്ങൾ പരിപാടി നിർത്തുകയും ചെയ്തു.

തൊട്ടുടനെ, സ്റ്റേജിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്ന സദസ്സിന് മുമ്പിൽ അക്കാര്യം അറിയിക്കുകയും ഞങ്ങളുടെ വിഷമം പ്രകടിപ്പിക്കുകയും ചെയ്തു.

തിരിച്ച് പോകുന്ന വഴിക്ക് ഇതിന് നേതൃത്വം നൽകിയ പോലീസുകാരൻ കുട്ടികളെ നോക്കി മുഖം കൊണ്ട് പ്രത്യേക രീതിയിൽ ഗോഷ്ടി കാണിക്കുന്നതും വീഡിയോയിൽ കാണാം. നമ്മുടെ നിയമ പാലകർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നഷ്ടപ്പെട്ട് പോകുന്ന വിവേകം, നിയമത്തിൻ്റെ അന്തസ്സത്തയെയാണ് ചോർത്തിക്കളയുന്നത്.

ട്രാഫിക്കുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ശാസ്ത്രീയമായ പ്ലാനുകൾ വിശദമായി ചർച്ച ചെയ്യാൻ സമ്മേളനത്തിന്റെ സംഘാടകർ ഇതേ പോലീസുകാരുമായി, സമ്മേളനത്തലേന്ന് നേരിട്ട് ചെന്ന് യോഗം ചേരുകവരെ ചെയ്തതാണ്. അതു കൊണ്ട് തന്നെ പോലീസുകാർക്ക് ട്രാഫിക്കിൻ്റെ യാതൊരു പ്രയാസവും സമ്മേളനം കൊണ്ട് ഉണ്ടായിട്ടുമില്ല.

പുതുതലമുറയെ അരാജകത്വത്തിൽ നിന്നും ലഹരിയിൽ നിന്നും രക്ഷപ്പെടുത്തുന്ന പരിപാടികളോട് അസഹിഷ്ണുത കാണിക്കുകയും ലഹരി ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ അർദ്ധരാത്രി പിന്നിട്ടാലും നിയമം നോക്കുകുത്തിയാവുകയും ചെയ്യുന്നത് അത്യന്തം അപലപനീയമാണ്.

ലഹരി വിരുദ്ധ പരിപാടികളിൽ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് സർക്കാർ തന്നെ ആഹ്വാനം ചെയ്തതാണല്ലോ. അതിനായി മുഖ്യമന്ത്രി വിളിച്ച് ചേർത്ത സമുദായ നേതാക്കളുടെ യോഗത്തിൽ ഈ പ്രോഗ്രാമിനെക്കുറിച്ച് ഞങ്ങൾ പ്രത്യേകം പറയുകയും, മുഖ്യമന്ത്രിയുടെ പ്രത്യേക ആശംസാ സന്ദേശം ഈ സമ്മേളനത്തിന് നേരത്തെ തന്നെ ലഭിക്കുകയും ചെയ്തിരുന്നതാണ്.

അതിനാൽ ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാനുള്ള ബാധ്യത എല്ലാവരുടേതുമാണ്. പോലീസുകാർ കാണിച്ചുകൂട്ടിയ ഈ അതിക്രിയക്കെതിരിൽ മുഖ്യമന്ത്രി മൗനം പാലിച്ചാൽ ഇത്തരം സമീപനങ്ങൾ സർക്കാറിൻ്റെ കൂടി നയമായി ജനങ്ങൾ വിലയിരുത്തും.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി കത്ത് നൽകിയിട്ടുണ്ട്.

(പ്രശ്നമുണ്ടായ സമയത്തുള്ള വീഡിയോ ഇതോടൊപ്പമുണ്ട്.)

✍️ ടി കെ അഷ്‌റഫ്‌

(ജനറൽ സെക്രട്ടറി,

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ) 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News