സർക്കാർ ജനറൽ ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയാണ് നിർമാണത്തിലെ അപാകതകൾ മൂലം തകർന്നു തുടങ്ങിയത്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ സർക്കാർ ജനറൽ ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ 17 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിർമ്മാണത്തിലെ അപാകതകൾ മൂലം തകർന്നു തുടങ്ങിയിരിക്കുന്നത്. അപകട സാധ്യതയുണ്ടായിട്ടും കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നത് രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ജീവന് ഭീഷണിയാവുകയാണ്.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൊളിക്കാൻ ഇട്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും പല ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. ബി & സി കെട്ടിടത്തിന്റെയും ശുചിമുറിയുടെയും ഭാഗങ്ങളിലെ തൂണുകളിൽ കോൺക്രീറ്റ് പൊട്ടി മാറി ദ്രവിച്ച കമ്പികൾ കാണാം. കെട്ടിടത്തിൽ ഏറ്റവും മുകളിലുള്ള ഓപ്പറേഷൻ തിയേറ്റർ ചോർന്നൊലിക്കുകയാണ്. ഈ നാലു നില കെട്ടിടത്തിലാണ് ഗൈനക്കോളജി, കുട്ടികളുടെ വാർഡ്, ഐസിയു എന്നിവ പ്രവർത്തിക്കുന്നത്. ദിവസവും നിരവധിപേർ ഉപയോഗിക്കുന്ന ശുചിമുറികളുള്ള ഈ ബ്ലോക്കിലെ മിക്ക സ്ഥലങ്ങളും വൃത്തിഹീനവുമാണ്.
ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് സംവിധാനവും പ്രവർത്തന രഹിതമാണ്. അറ്റകുറ്റപ്പണികൾക്കായി നിലവിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് ജനറൽ ആശുപത്രിയിലെ ഉപകരണങ്ങൾ മാറ്റിയിരിക്കുകയാണ് . പുതിയ കെട്ടിടത്തിന്റെ പണി അനന്തമായി നീളുന്നതിനാൽ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും അപകടഭീഷണിയിൽ തുടരേണ്ടി വരും.
watch video: