'അന്ന് ചത്തെന്നു കരുതി ചാക്കില്‍ കെട്ടി പൊലീസ് ഉപേക്ഷിക്കാന്‍ പോയപ്പോഴാണ് അനക്കം കണ്ട് ആശുപത്രിയിലെത്തിച്ചത്, ഒറ്റ ചങ്കന്‍ വി.എസ് തിരിച്ചുവരും': മുന്‍ പി.എ എ.സുരേഷ്

വി.എസിന്റെ ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണെന്നും മകന്‍ അറിയിച്ചു

Update: 2025-07-05 06:55 GMT
Advertising

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയേക്കുറിച്ച് പ്രതികരിച്ച് മുന്‍ പിഎ എ. സുരേഷ്. വി.എസ് പൂര്‍ണ ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയാണ് എ.സുരേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. വി.എസിന് ഒപ്പമുണ്ടായിരുന്ന ഓര്‍മകളും സുരേഷ് പങ്കുവെച്ചു. പണ്ട് അദ്ദേഹം മരിച്ചുവെന്ന് കരുതി പൊലീസുകാര്‍ മൃതശരീരം ചാക്കില്‍ കെട്ടി കുഴിച്ചിടാന്‍ പോയപ്പോള്‍ പോലീസ് ജീപ്പിലെ ചാക്കില്‍ അനക്കം ശ്രദ്ധയില്‍പ്പെട്ടതും ആശുപത്രിയിലേക്ക് എത്തിച്ച അനുഭവങ്ങളും വി.എസ് തന്നോട് പറഞ്ഞതായി സുരേഷ് പോസ്റ്റില്‍ കുറിച്ചു.

അന്ന് അദ്ദേഹത്തിന്റെ കണ്ണില്‍ പോരാളിയുടെ പുനര്‍ജന്മത്തിന്റെ കനല്‍ താന്‍ കണ്ടുവെന്നും സുരേഷ് വ്യക്തമാക്കി. ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി.എസ് ജീവിതത്തിലേക്ക് തിരിച്ചു വന്നതും അസാധ്യ മനക്കരുത്തിന്റയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണെന്നും അതിനാല്‍ എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷയോടെ വി.എസ് തിരിച്ചു വരുന്നതും കാത്ത് താന്‍ ഇരിക്കുകയാണെന്നും സുരേഷ് പറഞ്ഞു.

ഇന്നേക്ക് പന്ത്രണ്ട് ദിവസമായി വി.എസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. അതീവഗുരുതരനിലയിലാണെന്ന മെഡിക്കല്‍ ബുള്ളറ്റുകളാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഇന്നലെ മകന്‍ വി.എ അരുണ്‍ കുമാര്‍ അറിയിച്ചു. വി.എസിന്റെ ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണെന്നും മകന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇല്ല വിട്ടു പോകില്ല. കേരളത്തിന്റെ കാവലാള്‍. ഇന്നേക്ക് പന്ത്രണ്ടാം നാള്‍ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സഖാവ് വി എസ്. പരിശോധിച്ച ഡോക്ടര്‍മാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്.

പണ്ടൊരു യാത്രയില്‍ എന്നോട് പറഞ്ഞത് തികട്ടി വരുന്നു. ചത്തെന്നു കരുതി എന്നെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കാന്‍ പോയ പോലീസ് മൃതശരീരം കുഴിച്ചിടാന്‍ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളന്‍ കോലപ്പന്‍ പോലീസ് ജീപ്പിലെ ചാക്കില്‍ അനക്കം ശ്രദ്ധയില്‍ പ്പെടുത്തിയതും കള്ളന്‍ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും. ഡോക്ടര്‍മാര്‍ പോലീസ് ഇന്‍സ്പെക്ടറേ കണക്കിന് ശകാരിച്ചതും ഒക്കേ വി. എസ് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് ഒരു പോരാളിയുടെ പുനര്‍ജന്മത്തിന്റെ കനലാണ്.

ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വി.എസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്. അര മണിക്കൂറിലേറെ സി പി ആര്‍ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്. അതാണ് യഥാര്‍ത്ഥ പോരാളിയുടെ ചങ്കുറപ്പ്. കാരിരുമ്പിന്റെ ചങ്ക്. ഒറ്റ ചങ്ക്. ഇപ്പോഴും എസ് യു ടി ആശുപത്രിയുടെ താഴെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സഖാവിന്റെ തിരിച്ചു വരവിനായി.

അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നല്‍ മതി എന്നെ പോലെ പതിനായിരങ്ങള്‍ക്ക് ധൈര്യം പകരാന്‍. മണ്ണിനും മനുഷ്യനും കാവലായി. അദ്ദേഹം ഇവിടെ ഉണ്ടാവണം. ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ പലതരമാണ് ചിലര്‍ ബോധ്യപ്പെടുത്തുന്നു. മറ്റു ചിലര്‍ ആത്മാര്‍ത്ഥമായി വേദനിക്കുന്നു. അങ്ങനെ പല വിധ മനുഷ്യരെ കാണുന്നു.

ഈ പന്ത്രാണ്ടാം നാളിലും എനിക്ക് ഒരു ചിന്ത മാത്രം വര്‍ഷങ്ങള്‍ വി.എസ്സിനൊപ്പം ഒരേ മുറിയില്‍ ഉറങ്ങിയത് പോലെ എനിക്ക് ഒരു രാത്രിയെങ്കിലും ഒന്നുറങ്ങണം. അദ്ദേഹത്തിന്റെ കൂടെ. അദ്ദേഹം ഇടയ്ക്കിടെ ഉണരുമ്പോള്‍ കൂടെ ഉണരാന്‍. അത് സാധ്യമാവും എന്ന പ്രതീക്ഷയോടെ.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News