പതിനാലാം വയസ്സിലെ കൊലപാതകം; 39 വർഷത്തിന് ശേഷം വെളിപ്പെടുത്തി പ്രതി
കൂടരഞ്ഞിയിലേത് കൂടാതെ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മുഹമ്മദാലി വെളിപ്പെടുത്തി
കോഴിക്കോട്: പതിനാലാം വയസ്സിൽ നടത്തിയ കൊലപാതകം. 39 വർഷത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു. ആരാണ് കൊല്ലപ്പെട്ടതെന്ന് ആർക്കുമറിയില്ല. 54 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദാലിയാണ് കഴിഞ്ഞ 39 കൊല്ലമായി തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ കൊലപാതക വിവരം കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി ഏറ്റുപറഞ്ഞത്. അന്ന് അത് സ്വാഭാവിക മരണമാണെന്ന നിഗമനത്തിലാണ് പോലീസ് കേസ് അവസാനിപ്പിച്ചത്.
1986 ലാണ് സംഭവം. മുഹമ്മദാലിക്ക് 14 വയസുള്ളപ്പോൾ കൂടരഞ്ഞിയിൽ വെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ചവിട്ടി വീഴ്ത്തി. ഇവിടെ നിന്നും ഭയന്ന് ഓടി പോയ മുഹമ്മദാലി പിന്നീട് അറിയുന്നത് താൻ ചവിട്ടി വീഴ്ത്തിയ ആൾ മരിച്ചു എന്നാണ്. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നു. ഇതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാൻ ആരും വരാത്തതിനാൽ അഞ്ജാത മൃതദേഹമായി സംസ്‌കരിച്ചു.
എന്നാൽ താൻ ചെയ്ത കൊലപാതകം ഓർത്ത് ഇക്കാലമത്രയും മുഹമ്മദാലിക്ക് ഉറങ്ങാൻ പറ്റിയില്ല. ഒടുവിൽ 54ാം വയസിൽ ഇദ്ദേഹം സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഈ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പോലീസ് മുഹമ്മദാലിക്കെതിരെ കേസ് എടുത്ത് റിമാന്റ് ചെയ്തു.
തങ്ങളുടെ സ്റ്റേഷൻ അതിർത്തിയിൽ കൊല്ലപ്പെട്ടത് ആരെന്ന് അറിയാത്ത തലവേദനയിലാണ് ഇപ്പോൾ തിരുവമ്പാടി പോലീസ്. ഇത് കണ്ടെത്തുകയാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. മരിച്ച വ്യക്തി ഇരിട്ടി സ്വദേശിയാണെന്നും, പാലക്കാട് സ്വദേശിയാണെന്നും പറയുന്ന നാട്ടുകാർ ഉണ്ട്. ആർഡിഒ ഓഫീസിലെ പഴയ ഫയലുകൾ പരിശോധിച്ചും, പത്രവാർത്തകൾ നോക്കിയുമാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് മുന്നിൽ 20 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം എന്ന പഴയ വാർത്ത മാത്രമാണ് പോലീസിന് ലഭിച്ച ഏക തെളിവ്. ഇതിൽ നിന്നും അന്വേഷണത്തിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പോലീസ്.
കൂടരഞ്ഞിയിലേത് കൂടാതെ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മുഹമ്മദാലി വെളിപ്പെടുത്തി. 1989 - ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കും.