ചികിത്സാ വീഴ്ചയെ തുടർന്ന് നവജാത ശിശു മരിച്ചെന്ന് പരാതി
അടിമാലി താലൂക്ക് ആശുപത്രിക്കെതിരെയാണ് കുറത്തിക്കുടി ഉന്നതിയിലെ ഷിബു ആശ ദമ്പതികളുടെ ആരോപണം
ഇടുക്കി: ഇടുക്കിയിൽ ചികിത്സാ വീഴ്ചയെ തുടർന്ന് നവജാത ശിശു മരിച്ചെന്ന് പരാതി. മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ഷിബു ആശാ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ആശ വയറുവേദന മൂലം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ മടക്കി അയച്ചെന്ന് കുടുംബം ആരോപിക്കുന്നു.
ജൂൺ 14നാണ് പൂർണ്ണ ഗർഭിണിയായ ആശ വയറുവേദനയുമായി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതാണ്. വേണ്ടത്ര ചികിത്സ നൽകാതെ മടക്കി അയച്ചെന്നാണ് കുടുംബം പറയുന്നത്. ഉന്നതിയിൽ മടങ്ങിയെത്തി ഇവരെ വേദന കടുത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു. കുട്ടിയെ പുറത്തെടുക്കുന്നതിന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഡോക്ടർമാർ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ സിസേറിയൻ നടത്തിയെങ്കിലും ഉണ്ടായ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് കുട്ടി മരിച്ചു.
താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ ലഭിക്കാതെ പോയതാണ് കുട്ടി മരിക്കാൻ കാരണമെന്ന് കുടുംബം പറയുന്നു. എന്നാൽ വേണ്ടത്ര ചികിത്സയ്ക്ക് ശേഷമാണ് മടക്കി അയച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
watch video: