മുന്‍കാല സര്‍വീസ് പരിഗണിക്കുന്നില്ല; പരിയാരം ഗവ.മെഡിക്കൽ കോളേജ് നഴ്സുമാർ വീണ്ടും സമരത്തിലേക്ക്
മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ടും നഴ്സുമാർക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം മാത്രമാണ്
കണ്ണൂർ: പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത് ആറ് വർഷം കഴിഞ്ഞിട്ടും ശമ്പള വർധന അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നവെന്ന് ആരോപിച്ചാണ് സമരം.മുൻകാല സർവീസ് പരിഗണിക്കാത്തതിനാൽ നഴ്സുമാർക്ക് നിലവിൽ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്.
നഴ്സസ് ദിനം കരിദിനമായി ആചരിച്ചായിരുന്നു പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാരുടെ പ്രതിഷേധം. 2019ലാണ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തത്. നിലവിൽ ജോലി ചെയ്ത് വന്നിരുന്ന 520 നഴ്സുമാരെ സർക്കാർ ജീവനക്കാരാക്കി മാറ്റി. എന്നാൽ ആശുപത്രി സഹകരണ സ്ഥാപനമായിരുന്നപ്പോൾ മുതൽ ജോലി ചെയ്തവരുടെ മുൻകാല സർവീസ് സർക്കാർ പരിഗണിച്ചില്ല.
2019ന് ശേഷമുള്ള സർവീസ് മാത്രമാണ് പരിഗണിച്ചത്.ഇതോടെ ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിൽ പതിനായിരം മുതൽ ഇരുപതിനായിരം വരെ കുറവുണ്ടായി. 25ഉം 30ഉം വർഷം സർവീസുള്ളവർക്ക് ലഭിക്കുന്നത് അടിസ്ഥാന ശമ്പളം മാത്രമാണ്.മുൻകാല സർവീസ് പരിഗണിക്കാത്തതിനാൽ ഗ്രാറ്റിവിറ്റി ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. അവഗണന തുടർന്നാൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് സംയുക്ത നഴ്സസ് കൂട്ടായ്മയുടെ തീരുമാനം.