നന്തൻകോട് കൂട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
കേഡൽ ജെൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേഡൽ ജിൻസൺ രാജയുടെ ശിക്ഷാവിധി ഇന്ന്. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേഡൽ ജെൻസൺ രാജ കുറ്റക്കാരൻ ആണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ശിക്ഷാവിധിയിന്മേലുള്ള വാദം പൂർത്തിയായതിനുശേഷം ആയിരിക്കും ജഡ്ജി കെ.വിഷ്ണു വിധി പ്രസ്താവിക്കുക. 2017 ഏപ്രിൽ 5, 6 തീയതികളിലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കേഡൽ ജെൻസൺ രാജ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
മാതാപിതാക്കളോട് തോന്നിയ വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യവും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടക്കം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.